
പെർത്ത്: ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ഏകദിനത്തിൽ കംഗാരുപ്പടയ്ക്ക് അനായാസ ജയം. 26 ഓവറായി പുനർനിശ്ചയിച്ച മത്സരത്തിൽ 21.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുത്ത് പരമ്പരയിൽ 1-0 ൻ്റെ ലീഡ് നേടി. ഏഴ് വിക്കറ്റിൻ്റെ ജയമാണ് ഇന്ത്യ നേടിയത്. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ മുന്നിൽ 131 റൺസിൻ്റെ വിജയലക്ഷ്യമാണ് ഉയർത്തിയത്. ശുഭ്മാൻ ഗില്ലിൻ്റെ നേതൃത്വത്തിലെത്തിയ നീലപ്പട ബാറ്റിങ്ങിൽ വൻ പരാജയമായിരുന്നു.
മറുപടി ബാറ്റിങ് ആരംഭിച്ച ഓസീസിന് ട്രാവിസ് ഹെഡിനെയും (8) മാത്യു ഷോർട്ടിനെയും (8) ജോഷ് ഫിലിപ്പിനെയും (37) മാത്രമാണ് നഷ്ടമായത്. എട്ട് റൺസെടുത്ത ഹെഡ്ഡിനെ അർഷ്ദീപ് സിങ്ങാണ് പുറത്താക്കിയത്. ഷോർട്ടിനെ അക്സർ പട്ടേൽ രോഹിത്തിൻ്റെ കൈകളിലെത്തിച്ചു. ജോഷ് ഫിലിപ്പിനെ വാഷിങ്ടൺ സുന്ദർ പുറത്താക്കി. മാറ്റ് റെൻഷോയും (21) ക്യാപ്റ്റൻ മിച്ചെൽ മാർഷും (46) ചേർന്ന് ടീമിനെ വിജയത്തിലെത്തിച്ചു. മിച്ചെൽ മാർഷ് തന്നെയാണ് പ്ലേയർ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടതും.
നേരത്തെ ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ മിച്ചൽ മാർഷ് ആദ്യം ബൌളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മഴ മൂലം ഒന്നിലേറെ തവണ തടസ്സപ്പെട്ട മത്സരത്തിൽ ഇന്ത്യ 26 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുത്തിരുന്നു. എന്നാൽ ഡിഎൽഎസ് മഴ നിയമപ്രകാരം വിജയലക്ഷ്യം 131 ആയി പുനർ നിർണയിക്കുകയായിരുന്നു.
കെ.എൽ. രാഹുലും (39) അക്സർ പട്ടേലുമാണ് (31) ഇന്ത്യയുടെ ടോപ് സ്കോറർമാർ. അതേസമയം, സീനിയർമാരായ രോഹിത് ശർമയും (8) വിരാട് കോഹ്‌ലിയും (0) നിരാശപ്പെടുത്തി. അരങ്ങേറ്റക്കാരൻ നിതീഷ് കുമാർ റെഡ്ഡിയും (19) വാലറ്റത്ത് കൂറ്റനടികളുമായി തിളങ്ങി.
രോഹിത്തിനെ ഹേസിൽവുഡ് സ്ലിപ്പിൽ റെൻഷോയുടെ കൈകളിലെത്തിച്ചു. അതേസമയം, എട്ട് പന്തുകൾ നേരിട്ട കോഹ്‌ലിക്ക് അക്കൌണ്ട് തുറക്കാൻ പോലുമായില്ല. മിച്ചെൽ സ്റ്റാർക്കിൻ്റെ പന്തിൽ കൂപ്പർ കൊണോളി ക്യാച്ചെടുത്ത് പുറത്താക്കി.
ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിൻ്റെ ഊഴമായിരുന്നു അടുത്തത്. ഗില്ലിനെ ഫിലിപ്പിൻ്റെ കൈകളിലെത്തിച്ച് നഥാൻ എല്ലിസാണ് ഇന്ത്യക്ക് അടുത്ത ആഘാതം സമ്മാനിച്ചത്. ഇന്ത്യൻ നിരയിൽ നിതീഷ് കുമാർ റെഡ്ഡി ഇന്ന് ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചു.