

അഡ്ലെയ്ഡ്: ഓസ്‌ട്രേലിയയക്കെതിരായ രണ്ടാം ഏകദിനത്തിലും അടിപതറി ഇന്ത്യ. 265 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ രണ്ട് വിക്കറ്റിന് ജയിച്ചു. നിര്‍ണായക മത്സരത്തില്‍ അവസാന നിമിഷം വരെ ശ്രമിച്ചെങ്കിലും ജയമെത്തിപ്പിടിക്കാന്‍ ഇന്ത്യക്കായില്ല.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 264 റണ്‍സായിരുന്നു പടുത്തുയര്‍ത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് പട 46.2 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു, പരമ്പര ഉറപ്പിച്ചു. പരമ്പരയിലെ ആദ്യ മത്സരത്തില്‍ തോറ്റ ഇന്ത്യക്ക് ഇന്നത്തെ മത്സരം നിര്‍ണായകമായിരുന്നു.
മാത്യു ഷോര്‍ട്ട് (74), കൂപ്പര്‍ കൊനോലി (61 നോട്ടൗട്ട്)യുമാണ് ഓസ്‌ട്രേലിയയെ വിജയത്തിലേക്ക് എത്തിച്ചത്. മിച്ചല്‍ ഓവന്‍ (36), മാറ്റ് റെന്‍ഷോ (30) ട്രാവിസ് ഹെഡ് (28) എന്നിവരും കൂടി ചേര്‍ന്നപ്പോള്‍ ഓസ്‌ട്രേലിയയുടെ വിജയം അനായാസമായി.
ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും തുടര്‍ച്ചയില്ലാത്തതാണ് തിരിച്ചടിയായത്. വാഷിങ്ടണ്‍ സുന്ദര്‍, റാണ, അര്‍ഷദീപ് സിങ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും അക്സര്‍ പട്ടേലും മുഹമ്മദ് സിറാജും ഓരോ വിക്കറ്റുകളും വീഴ്ത്തി.
ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും ഇന്നത്തെ മത്സരത്തില്‍ രോഹിത് ശര്‍മയാണ് ഇന്ത്യക്ക് ആശ്വാസമായത്. ഒരു ഘട്ടത്തില്‍ 17/ 2 എന്ന നിലയില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയെ രോഹിത് ശര്‍മയുടെയും (73) ശ്രേയസ് അയ്യരുടെയും (61) ഫിഫ്റ്റികളാണ് കരകയറ്റിയത്. അക്‌സര്‍ പട്ടേല്‍ (44), ഹര്‍ഷിത് റാണ (24) എന്നിവരും ഇന്ത്യക്കായി സംഭാവന ചെയ്തു.
ഓസീസിനായി ആദം സാംപ നാലും, സേവ്യര്‍ ബാര്‍ട്ട്ലെറ്റ് മൂന്നും, മിച്ചെല്‍ സ്റ്റാര്‍ക്ക് രണ്ടും വിക്കറ്റെടുത്തു.
തുടക്കത്തില്‍ ശ്രേയസ് അയ്യരെയും (9) വിരാട് കോഹ്ലിയേയും (0) പുറത്താക്കിയ സേവ്യര്‍ ബാര്‍ട്ട്ലെറ്റ് ഇന്ത്യയെ വിറപ്പിച്ചിരുന്നു. ഓസീസ് ബൗളര്‍മാരെല്ലാം കണിശതയോടെ പന്തെറിയുകയും ഫീല്‍ഡര്‍മാര്‍ മികവിനൊത്ത് ഉയരുകയും ചെയ്തതോടെ ഇന്ത്യന്‍ ടീം റണ്‍സ് കണ്ടെത്താന്‍ നന്നേ വിഷമിച്ചു.