

ഗോള്‍ഡ് കോസ്റ്റ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യന്‍ മുന്നേറ്റം. പരമ്പരയിലെ നാലാം മത്സരത്തില്‍ ഓസ്‌ട്രേലിയയെ 48 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ലീഡ് നേടി. ഇനി അവശേഷിക്കുന്ന ഒരു മത്സരത്തില്‍ കൂടി ജയിച്ചാല്‍ പരമ്പര ഇന്ത്യക്ക് നേടാം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഇരുപത് ഓവറില്‍ 167 റണ്‍സായിരുന്നു നേടിയത്. 168 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ ഓസ്‌ട്രേലിയ 119 റണ്‍സിന് ഓള്‍ ഔട്ടായി. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ 2-1 ന് ഇന്ത്യ മുന്നിലാണ്. ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.
ഭേദപ്പെട്ട തുടക്കമായിരുന്നു മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയയ്ക്ക് ലഭിച്ചത്. നാല് ഓവറില്‍ 35 എന്ന നിലയിലായപ്പോള്‍ ഇന്ത്യന്‍ പാളയത്തില്‍ പരാജയം മണത്തു. എന്നാല്‍, പിന്നീട് കണ്ടത് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ കൂപ്പുകുത്തുന്ന ഓസീസ് ബാറ്റിങ് നിരയെയാണ്. ഓസീസ് സ്‌കോര്‍ 37 ല്‍ നില്‍ക്കേ അക്ഷര്‍ പട്ടേല്‍ ആണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. 25 റണ്‍സെടുത്ത മാത്യു ഷോര്‍ട്ടിനെ അക്ഷര്‍ എല്‍ബിഡബ്ല്യൂവില്‍ കുരുക്കി.
പിന്നാലെ ഇംഗ്ലിസ് (12), മിച്ചല്‍ മാര്‍ഷ് (30) എന്നിവരും മടങ്ങി. ഇതോടെ ഓസീസ് സ്‌കോര്‍ പത്ത് ഓവറില്‍ 77 റണ്‍സില്‍ 3 വിക്കറ്റ് എന്ന നിലയിലായി. ടിം ഡേവിഡ്(14), ജോഷ് ഫിലിപ്പെ(10), ഗ്ലെന്‍ മാക്സ്വെല്‍(2) എന്നിവരേയും ഇന്ത്യന്‍ ബൗളര്‍മാര്‍ മടക്കി. ബെന്‍ ഡ്വാര്‍ഷുയിസ്(5),സാവിയര്‍ ബാര്‍ട്ട്ലെറ്റ്(0), ആദം സാംപ(0) എന്നിവരും പുറത്തായതോടെ 119 റണ്‍സിന് ടീം ഓള്‍ഔട്ടായി.
വാഷിങ്ടണ്‍ സുന്ദറിൻ്റെ മിന്നും പ്രകടനം ഇന്ത്യക്ക് തുണയായി. 1.2 ഓവറില്‍ മൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളാണ് സുന്ദര്‍ സുന്ദരമായി നേടിയത്. അക്ഷര്‍ പട്ടേലും ശിവം ദുബെയും രണ്ട് വീതം വിക്കറ്റെടുത്തു. അക്ഷർ പട്ടേലാണ് പ്ലേയർ ഓഫ് ദി മാച്ച്.