
ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന് നാളെ തുടക്കം. ലീഡ്സിലെ തോൽവിയിൽ നിന്ന് തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ശുഭ്മാൻ ഗില്ലും സംഘവും ബിർമിങ്ഹാമിലെത്തുന്നത്. ബെൻ സ്റ്റോക്സ് നയിക്കുന്ന ഇംഗ്ലണ്ട് പരമ്പരയിൽ 1-0ന് മുന്നിലാണ്. മത്സരം നാളെ ഉച്ചയ്ക്ക് മൂന്നരയ്ക്ക് ആരംഭിക്കും.
ഇന്ത്യൻ നിരയിൽ പേസർ ജസ്പ്രീത് ബുമ്ര കളിച്ചേക്കുമെന്ന് ടീം സഹപരിശീലകൻ റയാൻ ടെൻ ഡോഷെ സൂചന നൽകി. എഡ്ജ്ബാസ്റ്റണിൽ ബുമ്ര കളിക്കാൻ തയ്യാറാണെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ ഡോഷെ പറഞ്ഞു.
"കഴിഞ്ഞ ദിവസം ബുമ്ര പരിശീലനം നടത്തിയിരുന്നു. എന്നാൽ ഇന്ന് കുറച്ച് സമയം മാത്രമാണ് അദ്ദേഹം പരിശീലനം നടത്തിയത്. അതുകൊണ്ട് അയാൾക്ക് കളിക്കാനുള്ള കായികക്ഷമത ഇല്ലെന്ന് അർത്ഥമില്ല. ഏറ്റവും മികച്ച പ്രകടനം ബുമ്രയിൽ നിന്ന് ഉണ്ടാകുവാനുള്ള ശ്രമമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നടത്തുന്നത്," ഡോഷെ വ്യക്തമാക്കി.
"ഇന്ത്യൻ ടീം അടുത്ത നാല് ടെസ്റ്റുകളെ എങ്ങനെ സമീപിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ബുമ്രയുടെ കാര്യത്തിൽ തീരുമാനമെടുക്കുക. ബുമ്രയുടെ സാന്നിധ്യം എഡ്ജ്ബാസ്റ്റണിൽ നിർണായകമെന്ന് തോന്നിയാൽ അവസാന നിമിഷം ഇന്ത്യൻ ടീം ആ തീരുമാനം എടുക്കും. ഞാൻ സംസാരിക്കുന്നത് അന്നത്തെ കാലാവസ്ഥയെ കുറിച്ചാണ്, പിച്ചിൻ്റെ സ്വഭാവത്തെക്കുറിച്ചാണ്. അഥവാ മാഞ്ചസ്റ്ററിലോ ഓവലിലോ ആണ് ബുമ്രയുടെ സാന്നിധ്യം ആവശ്യമെങ്കിൽ രണ്ടാം ടെസ്റ്റിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കും. ഇക്കാര്യങ്ങളെല്ലാം ബുമ്ര കളിക്കുന്ന കാര്യത്തിൽ നിർണായകമാണ്," ഡോഷെ പറഞ്ഞു.
അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ബുമ്രയെ മൂന്ന് മത്സരങ്ങളിൽ മാത്രം കളിപ്പിക്കാനാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നീക്കം. അമിത ജോലിഭാരം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലണ്ടിൽ ബുമ്രയെ മൂന്ന് ടെസ്റ്റുകളിൽ മാത്രമായി കളിപ്പിക്കുന്നത്.
അതേസമയം, ഇന്ത്യൻ നിരയിൽ വാഷിങ്ടൺ സുന്ദറും നിതീഷ് കുമാർ റെഡ്ഡിയും കളിച്ചേക്കുമെന്നാണ് സൂചന. ബുമ്രയും കുൽദീപ് യാദവും കളിച്ചേക്കില്ലെന്നും ദി ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്തു.