

വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് നിര്‍ണായക പോരാട്ടം. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യക്ക് മതിയാകില്ല. കരുത്തരുടെ സ്‌ക്വാഡുമായാണ് ഇരു ടീമും കളത്തിലിറങ്ങുക. ഉച്ചയ്ക്ക് മൂന്നരയ്ക്ക് ഇന്‍ഡോറിലാണ് മത്സരം.
തുടര്‍ തോല്‍വികളില്‍ നിന്ന് കരകയറി, ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് ആദ്യ നാലില്‍ ഇടം നേടാനാവു. അവസാന മത്സരത്തില്‍ ബാറ്റിങ്ങില്‍ ഫോമിലേക്ക് തിരിച്ചെത്തിയെങ്കിലും ബൗളിങ്ങില്‍ തിളങ്ങാത്തതാണ് ഇന്ത്യക്ക് വെല്ലുവിളി.
ഇന്ത്യയുടെ റണ്‍ മെഷീനുകളായ സ്മൃതി മന്ദാനയും പ്രതീക റാവലും ഫോമിലായത്, ഇന്ത്യക്ക് ആശ്വാസമാണ്. ഇംഗ്ലീഷ് നിരക്കെതിരെ ഹാര്‍ലീന്‍ ഡിയോളും, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ജെമ്മിമായും അവസരത്തിനൊത്ത് ഉയര്‍ന്നാല്‍ മാത്രമേ റണ്‍മല തീര്‍ക്കാനാകൂ. ബൗളിങ്ങില്‍ ആദ്യ മത്സരങ്ങളിലെ പോലെ പന്തെറിയാനായാല്‍ അനായാസം ഇംഗ്ലണ്ടിനെ മറികടക്കാം. ശ്രീ ചരണി, ക്രാന്തി ഗൗഡ്, സ്‌നേഹ് റാണ ത്രയത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍.
ഏറെകുറെ സെമി ഉറപ്പിച്ചാണ് ഇംഗ്ലണ്ട് ഇന്ന് കളത്തിലിറങ്ങുന്നത്. ഫോമിലുള്ള ക്യാപ്റ്റന്‍ നാറ്റ് സകൈവര്‍ ബ്രണ്ടിലാണ് ഇംഗ്ലീഷ് നിരയുടെ പ്രതീക്ഷകള്‍. സോഫി എക്ലെസ്റ്റോണും, ചാര്‍ളി ഡീനും ബൗളിങ്ങില്‍ പുലര്‍ത്തുന്ന സ്ഥിരതയും ഇംഗ്ലീഷ് നിരയ്ക്ക് ആത്മവിശ്വസം കൂട്ടും.
കണക്കുകളില്‍ ഇംഗ്ലണ്ടിനാണ് മുന്‍തൂക്കമെങ്കിലും അവസാന ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തിയ കരുത്തുമായാണ് ഇന്ത്യയിറങ്ങുന്നത്.