

മുംബൈ: ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിൻ്റെ എതിരാളികളെ ഇന്നറിയാം. ഇന്ത്യ-ഇംഗ്ലണ്ട് സൂപ്പർ സെമി ഫൈനൽ പോരാട്ടം വൈകീട്ട് ഏഴിന് വാംഖഡെയിൽ നടക്കും. ദക്ഷിണാഫ്രിക്കയെ 9 വിക്കറ്റിന് തകർത്ത് ന്യൂസിലൻഡ് ഇതിനോടകം കലാശപ്പോരിന് ബർത്ത് ഉറപ്പിച്ചിട്ടുണ്ട്. മുംബൈ വാംഖഡെയിൽ മികച്ച റെക്കോർഡുള്ള ഇന്ത്യയുടെ ലക്ഷ്യം തുടർച്ചയായ രണ്ടാം ടി20 ലോകകപ്പ് ഫൈനലാണ്.
ഇംഗ്ലണ്ടിനെതിരായ സെമിയിൽ കളിച്ച ടീമിൽ നിന്ന് കാര്യമായ മാറ്റങ്ങൾക്ക് ഗൗതം ഗംഭീർ മുതിരാനിടയില്ല. അതേസമയം, മിന്നും ഫോമിലുള്ള ബാറ്റിങ് നിരയാണ് ഇന്ത്യയുടെ കരുത്ത്. വെസ്റ്റ് ഇൻഡീസിനെതിരെ സഞ്ജു സാംസണിൻ്റെ തകർപ്പൻ ഇന്നിങ്സ് ടീമിന് നൽകുന്നത് വലിയ ആത്മവിശ്വാസമാണ്. ജോഫ്ര ആർച്ചർ-സഞ്ജു സാംസൺ വീറുറ്റ പോരാട്ടമാണ് ഇന്നത്തെ മത്സരത്തിൻ്റെ പ്രധാന ഹൈലൈറ്റ്. ജസ്പ്രീത് ബുമ്ര നയിക്കുന്ന ബൗളിങ്ങിൽ ഏത് വമ്പൻ ബാറ്റിംഗ് നിരയെയും പിടിച്ചുകെട്ടാം എന്ന പ്രതീക്ഷയുണ്ട്. എന്നാൽ സൂര്യകുമാറിനും കൂട്ടർക്കും വെല്ലുവിളിയാകുന്നത് ചോരുന്ന കൈകളാണ്.
മറുവശത്ത് ഇംഗ്ലണ്ടാകട്ടെ മിന്നും ഫോമിലാണ്. ന്യൂസിലൻഡിനേയും പാകിസ്ഥാനേയും ശ്രീലങ്കയേയും തകർത്തെറിഞ്ഞ ആത്മവിശ്വാസത്തിലാണ് ഹാരി ബ്രൂക്കും സംഘവും ഇന്ത്യയെ നേരിടാനെത്തുന്നത്. ക്യാപ്റ്റൻ ഹാരി ബ്രൂക്കിൻ്റെയും വിൽ ജാക്സിൻ്റെയും പ്രകടനം ഇംഗ്ലണ്ടിന് നൽക്കുന്നത് വലിയ പ്രതീക്ഷകളാണ്. ബൗളിങ്ങിൽ ഇംഗ്ലീഷ് പടയുടെ കരുത്ത് ജോഫ്ര ആർച്ചറും സാം കറനും ആദിൽ റഷീദുമാണ്.
വാംഖഡെ സ്റ്റേഡിയത്തിൽ കഴിഞ്ഞ ഒൻപത് വർഷമായി നടന്ന ടി20 മത്സരങ്ങളിൽ ഇന്ത്യ തോറ്റിട്ടില്ല എന്നതാണ് ചരിത്രം. 2016 മാർച്ചിലാണ് വാംഖഡെയിൽ അവസാനമായി ഇന്ത്യ പരാജയപ്പെട്ടത്. 2012ൽ ഇന്ത്യയെ ഇവിടെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട്. കണക്കുകളിൽ ഇന്ത്യക്കാണ് നേരിയ മുൻതൂക്കം. ടി20 ലോകകപ്പിൽ ഇതുവരെ ഇരു ടീമുകളും ഏറ്റുമുട്ടിയത് അഞ്ച് തവണയാണ്. ഇതിൽ മൂന്നെണം ഇന്ത്യ ജയിച്ചപ്പോൾ രണ്ട് മത്സരങ്ങൾ ഇംഗ്ലണ്ടും ജയിച്ചു. മറ്റൊരു കൗതുകം തുടർച്ചയായ മൂന്നാം തവണയാണ് ലോകകപ്പിൽ ഇരു ടീമും സെമിയിൽ ഏറ്റുമുട്ടുന്നത്.