

രാജ്കോട്ടിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസിൻ്റെ ആനുകൂല്യം മുതലെടുത്ത് സന്ദർശകരായ കീവീസ് പട. ടോസ് നേടിയ കീവീസ് നായകൻ മൈക്കൽ ബ്രേസ്‌വെൽ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 25 ഓവറിൽ 122/4 എന്ന നിലയിലാണ്. ജഡേജയും കെ.എൽ. രാഹുലുമാണ് ക്രീസിൽ.
നേരത്തെ 24 റൺസെടുത്ത രോഹിത് ശർമയെ ക്രിസ്റ്റൻ ക്ലാർക്കിൻ്റെ പന്തിൽ വിൽ യങ് ക്യാച്ചെടുത്ത് പുറത്താക്കി. പിന്നാലെ 56 റൺസെടുത്ത ഗില്ലിനെ കൈൽ ജാമിസണിൻ്റെ പന്തിൽ ഡാരിൽ മിച്ചൽ ക്യാച്ചെടുത്ത് പുറത്താക്കി. വിരാട് കോഹ്‌ലിയേയും (23) ശ്രേയസ് അയ്യരേയും (1) ക്രിസ്റ്റൻ ക്ലാർക്ക് തന്നെയാണ് പുറത്താക്കിയത്.
പരിക്കേറ്റ വാഷിങ്ടൺ സുന്ദറിന് പകരം നിതീഷ് കുമാർ റെഡ്ഡി ടീമിലെത്തി. അതേസമയം, ന്യൂസിലൻഡ് നിരയിൽ ഇടങ്കയ്യൻ സ്പിന്നറായ ജെയ്ഡൻ ലെന്നോക്സ് ആദ്യമായി ഇടംപിടിച്ചു. താരത്തിൻ്റെ ഏകദിന അരങ്ങേറ്റമാണിത്.
ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യയും സമാനമായി ഫീൽഡിങ് തെരഞ്ഞെടുത്തിരുന്നു. ന്യൂസിലൻഡ് ഉയർത്തിയ 301 റൺസ് വിജയലക്ഷ്യം ഇന്ത്യ വിരാട് കോഹ്ലിയുടെയും ശ്രേയസ് അയ്യരുടെയും മികവിൽ അനായാസം മറികടന്നിരുന്നു.
തുടർച്ചയായ അഞ്ച് ഏകദിന മാച്ചുകളിൽ ഫിഫ്റ്റി നേടിയ വിരാട് കോഹ്ലിയെ കാത്ത് മികച്ചൊരു റെക്കോർഡും ഇന്നത്തെ മാച്ചിൽ കാത്തിരിപ്പുണ്ട്. ഇന്ന് കൂടി ഫിഫ്റ്റി നേടിയാൽ തുടർച്ചയായ ആറ് മത്സരങ്ങളിൽ ഫിഫ്റ്റി നേടിയ ആദ്യത്തെ ഇന്ത്യൻ ബാറ്ററായി കോഹ്‌ലി മാറും.