രാജ്കോട്ട്: രാജ്കോട്ടിൽ നടന്ന രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ന്യൂസീലൻഡ്. ഇന്ത്യക്കായി കെ.എൽ. രാഹുൽ നേടിയ സെഞ്ച്വറിയും പാഴായി. ഡാരില്‍ മിച്ചലിന്‍റെ സെഞ്ചുറിക്കരുത്തിലാണ് കിവീസ് ഇന്ത്യ ഉയര്‍ത്തിയ 285 റണ്‍സ് വിജയലക്ഷ്യം മറികടന്നത്. മിച്ചലിന്റെ സെഞ്ചുറിയുടെയും വില്‍ യങിന്റെ അര്‍ധസെഞ്ചുറിയുടേയും കരുത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 47.3 ഓവറില്‍ ന്യൂസിലന്‍ഡ് വിജയം കണ്ടു.
മിച്ചല്‍ 117 പന്തില്‍ 131റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ വില്‍ യങ് 98 പന്തില്‍ 87 റണ്‍സെടുത്തു. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ന്യൂസിലന്‍ഡ് 1-1ന് ഒപ്പം എത്തി നിൽക്കുകയാണ്. അവസാന മത്സരം ഞായറാഴ്ച ഇൻഡോറിൽ നടക്കും.
ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ മൈക്കല്‍ ബ്രേസ്‌വെല്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രോഹിതും കോലിയും ഉൾപ്പെടെ മുൻനിരക്കാർ നിരാശപ്പെടുത്തിയപ്പോൾ കെ. എല്‍. രാഹുലിന്റെ സെഞ്ചുറിയുടെയും ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്റെ അര്‍ധസെഞ്ചുറിയുടെയും മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോറിലെത്തിയത്. 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സെടുത്താണ് ഇന്ത്യ ബാറ്റിംഗ് അവസാനിപ്പിച്ചത്. 87 പന്തിൽ സെഞ്ചുറിയിലെത്തിയ രാഹുല്‍ 11 ഫോറും ഒരു സിക്സും ഉൾപ്പെടെ 92 പന്തില്‍ 112 റണ്‍സുമായി പുറത്താകാതെ നിന്നു. ഗില്‍ 53 പന്തില്‍ 56 റണ്‍സെടുത്തു.
രോഹിത് ശര്‍മയും വിരാട് കോലിയും 30 കടക്കാനാകാതെ മടങ്ങിപ്പോയി. ഗില്ലിന് ശേഷമെത്തിയ ശ്രേയസ് അയ്യരും നിരാശയാണ് നൽകിയത്. രാഹുലും രവീന്ദ്ര ജഡേജയും ചേര്‍ന്ന് 73 റണ്‍സ് കൂട്ടുകെട്ട് ഉയർത്തിയെങ്കിലും വൈകാതെ തന്നെ ജഡേജയും പുറത്തായി. പിന്നീട് നിതീഷ് കുമാര്‍ റെഡ്ഡിയും ഹര്‍ഷിത് റാണയുമെല്ലാം വേഗം തന്നെ മടങ്ങി. അവസാന ഓവറുകളില്‍ മുഹമ്മദ് സിറാജിനെ കൂട്ടുപിടിച്ചാണ് രാഹുൽ ആശ്വാസം കണ്ടെത്തിയത്. ന്യൂസിലന്‍ഡിനായി ക്രിസ്റ്റ്യൻ ക്ലാര്‍ക്ക് മൂന്ന് വിക്കറ്റെടുത്തു.