
ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഉയര്‍ത്തിയ 189 ലക്ഷ്യം മറികടക്കാന്‍ ഒമാന് സാധിച്ചില്ല. ഇതോടെ ഏഷ്യാ കപ്പില്‍ ഹാട്രിക് വിജയം തീര്‍ത്ത് ഇന്ത്യന്‍ കുതിപ്പ് തുടരുകയാണ്. ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ഇന്ത്യ സൂപ്പര്‍ ഫോറിലേക്ക് കടന്നത്. 21-ാം തീയതി സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യ, പാകിസ്ഥാനെ നേരിടും.
20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 189 റണ്‍സ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന് നാല് വിക്കറ്റ് നഷ്ടത്തില്‍ നിശ്ചിത ഓവറില്‍ 167 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. ആമിര്‍ കലീമും ഹമ്മദ് മിര്‍സയുമാണ് ഒമാന്റെ തകര്‍പ്പന്‍ ബാറ്റര്‍മാര്‍.
ബാറ്റിങ്ങിലും ബൗളിങ്ങിലും വന്‍ മാറ്റങ്ങളുമായാണ് ഇന്ന് ഇന്ത്യന്‍ ടീം മത്സരത്തിനിറങ്ങിയത്. ജസ്പ്രിത് ബുംറ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്ക് വിശ്രമം നല്‍കിയപ്പോള്‍ ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ ടീമിലെത്തി. എട്ട് പേരാണ് ഒമാനെതിരെ ഇന്ന് പന്തെറിഞ്ഞത്. തോറ്റെങ്കിലും മികച്ച പ്രകടനം തന്നെ ഒമാന്‍ കാഴ്ചവെച്ചു.
ക്യാപ്റ്റന്‍ ജതീന്ദര്‍ സിങ്-ആമിര്‍ കലീം സഖ്യമാണ് ഒമാന്റെ ആദ്യ കൂട്ടുകെട്ട്. ഇരുവരും ചേര്‍ന്ന് 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കുല്‍ദീപ് യാദവ് ജതീന്ദറിനെ മടക്കിയതോടെ ആ കൂട്ടുകെട്ട് പൊളിഞ്ഞു. 33 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറിയടക്കം 32 റണ്‍സാണ് ജതീന്ദര്‍ നേടിയത്. പിന്നാലെ എത്തിയ ഹമ്മദ് മിര്‍സയുമായി ചേര്‍ന്ന് ആമിര്‍ കലീം കൂട്ടുകെട്ട് തുടര്‍ന്നു. രണ്ടാം വിക്കറ്റിലെ കൂട്ടുകെട്ട് ഇന്ത്യന്‍ ബൗളര്‍മാരെ ഞെട്ടിച്ചു. ഇരുവരും ചേര്‍ന്ന് 93 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഹാര്‍ദിക് പാണ്ഡ്യയാണ് ആമിറിനെ മടക്കി കൂട്ടുകെട്ട് പൊളിച്ചത്. രണ്ട് സിക്‌സും ഏഴ് ഫോറും അടക്കം 46 പന്തില്‍ നിന്ന് 64 റണ്‍സാണ് ആമിര്‍ നേടിയത്.
ഇന്ത്യക്കു വേണ്ടി സഞ്ജു സാംസണ്‍ 45 പന്തില്‍ 56 റണ്‍സ് നേടി. സഞ്ജുവാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ബാറ്റിങ് തുടങ്ങി രണ്ടാം വിക്കറ്റില്‍ തന്നെ ശുഭ്മാന്‍ ഗില്ലിനെ (5) ഇന്ത്യക്ക് നഷ്ടമായിരുന്നു. പവര്‍ പ്ലേയില്‍ 60 റണ്‍സാണ് സഞ്ജുവും അഭിഷേകും അടിച്ചു നേടിയത്. എട്ടാം ഓവറില്‍ അഭിഷേകും അതേ ഓവറില്‍ പിന്നാലെ വന്ന ഹാര്‍ദിക് പാണ്ഡ്യയേയും ഇന്ത്യക്ക് നഷ്ടമായി. തുടര്‍ന്നെത്തിയ അക്സര്‍ 13 പന്തില്‍ 26 റണ്‍സ് അടിച്ചെടുത്തു. 13-ാം ഓവറില്‍ അക്‌സറും മടങ്ങി. ഇതിനിടെ ശിവം ദുബെയും (5) പുറത്തായി. പിന്നാലെ സഞ്ജുവും ഔട്ട് ആയി. 19 ാം ഓവറില്‍ തിലകും അവസാന ഓവറില്‍ അര്‍ഷ്ദീപ് സിംഗ് (1) ഉം പുറത്തായി. ഹര്‍ഷിത് റാണ (13), കുല്‍ദീപ് യാദവ് (1) പുറത്താവാതെ നിന്നു.
ഒമാനു വേണ്ടി ഷാ ഫൈസല്‍, ജിതെന്‍ രാമാനന്ദി, ആമിര്‍ കലീം എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.