
ദുബായ്: ഏഷ്യ കപ്പിലെ നിർണായകമായ സൂപ്പർ ഫോർ മാച്ചിൽ ഇന്ത്യക്ക് തകർപ്പൻ ജയം. പാകിസ്ഥാൻ ഉയർത്തിയ 172 റൺസിൻ്റെ വിജയലക്ഷ്യം ഇന്ത്യ 18.5 ഓവറിൽ മറികടന്നു. ഇന്ത്യക്കായി അഭിഷേക് ശർമയും (74) ശുഭ്മാൻ ഗില്ലും (47) സ്ഫോടനാത്മകമായ തുടക്കമാണ് സമ്മാനിച്ചത്. ഹാർദിക് പാണ്ഡ്യയും തിലക് വർമയും ഇന്ത്യക്കായി പുറത്താകാതെ ബാറ്റ് വീശി.
ഓപ്പണർ ശുഭ്മാൻ ഗില്ലിനെ ഫഹീം ക്ലീൻ ബൗൾ ചെയ്തു. സൂര്യകുമാർ യാദവ് (0) റണ്ണൊന്നുമെടുക്കാതെ ഹാരിസ് റൗഫിന് വിക്കറ്റ് സമ്മാനിച്ച് പുറത്തായി. തകർത്തടിച്ച അഭിഷേകിനെ അബ്രാർ അഹമ്മദ് ഹാരിസ് റൗഫിൻ്റെ കൈകളിലെത്തിച്ചു. 17 പന്തിൽ 13 റൺസെടുത്ത സഞ്ജുവിനെ ഹാരിസ് റൗഫ് ക്ലീൻ ബൗൾ ചെയ്തു.
നേരത്തെ, ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് പാകിസ്ഥാനെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ ഇന്ത്യയോട് തകർന്നടിഞ്ഞ പാകിസ്ഥാൻ ബാറ്റർമാർ തിരിച്ചടിക്കുന്ന കാഴ്ചയാണ് ദുബായിൽ കണ്ടത്. ഇന്ത്യൻ ഫീൽഡർമാരുടെ ചോരുന്ന കൈകൾ കൂടിയായതോടെ പാകിസ്ഥാൻ മികച്ച സ്കോറിലേക്ക് കുതിക്കുന്നതാണ് കണ്ടത്. അഞ്ചോളം ക്യാച്ചുകളാണ് ഇന്ത്യൻ ഫീൽഡർമാർ ഇന്ന് കൈവിട്ടത്.
45 പന്തിൽ 58 റൺസെടുത്ത ഓപ്പണർ സാഹിബ്സാദ ഫർഹാനാണ് പാകിസ്ഥാനെ കരകയറ്റിയത്. സയീം അയൂബ് (21), മൊഹമ്മദ് നവാസ് (21), ഫഹീം അഷ്റഫ് (20) എന്നിവർ മികച്ച പിന്തുണയേകി. അവസാന ഓവറുകളിൽ റൺറേറ്റ് ഉയർത്താനാകാത്തത് പാക് പടയ്ക്ക് തിരിച്ചടിയായി.
20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് പാകിസ്ഥാൻ 171 റൺസെടുത്തത്. ഇന്ത്യക്കായി ശിവം ദുബെ രണ്ടും കുൽദീപ് യാദവും ഹാർദിക് പാണ്ഡ്യയും ഓരോ വീതം വിക്കറ്റും നേടി. ഫീൽഡർമാർ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യൻ ബൗളർമാർ പ്രതീക്ഷയേകുന്ന പ്രകടനമാണ് ദുബായിൽ പുറത്തെടുത്തത്.