
ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന എല്‍ ക്ലാസിക്കോ പോര് നടക്കില്ല. വിരമിച്ച മുന്‍ ഇതിഹാസ താരങ്ങള്‍ അണിനിരക്കുന്ന വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്റ്‌സിന്റെ രണ്ടാം സീസണില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കു നേര്‍ വീണ്ടും എത്തുന്നത് കാണാനായിരുന്നു ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്നത്. എന്നാല്‍, മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഉപേക്ഷിച്ചതായി അറിയിപ്പ് വന്നത്.
വൈകാരികമായി പലരെയും വേദനിപ്പിക്കുമെന്ന പശ്ചാത്തലത്തിലാണ് മത്സരം ഉപേക്ഷിച്ചതെന്ന് വിശദീകരണം. ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ ജുലൈ 20 നായിരുന്നു മത്സരം നിശ്ചയിച്ചിരുന്നത്. ഇന്ത്യന്‍ താരങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് മത്സരം ഉപേക്ഷിച്ചത്. പാകിസ്ഥാനെതിരെ കളിക്കില്ലെന്ന് ശിഖര്‍ ധവാന്‍ ആവര്‍ത്തിച്ചതിനു പിന്നാലെയാണ് മത്സരം ഉപേക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചത്. പാകിസ്ഥാനെതിരെ മത്സരിക്കില്ലെന്ന് കാണിച്ച് സംഘാടകര്‍ക്ക് എഴുതിയ കത്തും ധവാന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു.
ക്രിക്കറ്റിലെ മുന്‍ ഇതിഹാസങ്ങള്‍ അണിനിരക്കുന്ന വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്റ്‌സിന്റെ രണ്ടാം സീസണിനാണ് ഇംഗ്ലണ്ടില്‍ ആരംഭിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ കാത്തിരുന്ന മത്സരമായിരുന്നു ഇന്ത്യ -പാക് പോര്. കഴിഞ്ഞ വര്‍ഷത്തെ കലാശപ്പോരിന് ശേഷം ഇരു ടീമുകളും ആദ്യമായി മുഖാമുഖം വരുന്ന പോരാട്ടം കൂടിയായിരുന്നു ഇത്.
കഴിഞ്ഞ സീസണില്‍ യൂനിസ് ഖാന്റെ പാക് ടീമിനെ അഞ്ച് വിക്കറ്റിനു തകര്‍ത്ത് യുവരാജ് സിങ് നയിച്ച ഇന്ത്യ ചാംപ്യന്‍മാരായിരുന്നു. ഇത്തവണയും യുവിക്ക് കീഴിലാണ് കിരീടം നിലനിര്‍ത്താന്‍ ഇന്ത്യയിറങ്ങുന്നത്.
ടി20 ഫോര്‍മാറ്റിലുള്ള ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ, പാകിസ്ഥാന്‍, സൗത്താഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നി ടീമുകളാണ് മത്സരിക്കുന്നത്. ഇംഗ്ലണ്ടും പാകിസ്ഥാനും തമ്മിലായിരുന്നു ഉദ്ഘാടന മത്സരം. മത്സരത്തില്‍ ഇയാന്‍ മോര്‍ഗന്റെ ഇംഗ്ലീഷ് പടയെ മുഹമ്മദ് ഹഫീസിന്റെ പാക് വെറ്ററന്‍മാര്‍ അഞ്ച് റണ്‍സിന് വീഴ്ത്തി.