

റായ്പൂര്‍: ഇന്ത്യ ഉയര്‍ത്തിയ 359 റണ്‍സ് എന്ന കൂറ്റന്‍ റണ്‍സ് മറികടന്ന് രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഗംഭീര വിജയം. 49.2 ഓവറില്‍ ആറ് വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്കയുടെ ചരിത്ര ജയം. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര 1-1 എന്ന നിലയിലായി.
എയ്ഡന്‍ മാര്‍ക്രമാണ് ദക്ഷിണാഫ്രിക്കയുടെ വിജയ ശില്‍പി. 110 റണ്‍സാണ് എയ്ഡന്‍ നേടിയത്. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി മാത്യൂ ബ്രീറ്റ്സ്‌കെ (64 പന്തില്‍ 68), ഡിവാള്‍ഡ് ബ്രേവിസ് (34 പന്തില്‍ 54) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മികച്ച പ്രകടനമായിരുന്നു ഇന്ത്യ കാഴ്ച വെച്ചത്. മൂന്നാം വിക്കറ്റില്‍ കോഹ്ലിയും ഗെയ്ക്വാദും 195 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഈഡന്‍ ഗാര്‍ഡന്‍സിലെ ആദ്യ ഏകദിനത്തില്‍ സെഞ്ച്വറി നേടിയ വിരാട് കോഹ്ലി (93 പന്തില്‍ 102) തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ശതകം നേടി.
ഏകദിനത്തിലെ കന്നി സെഞ്ച്വറിയാണ് റുതുരാജ് (83 പന്തില്‍ 105) ഇന്ന് അടിച്ചെടുത്തത്. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 358 റണ്‍സെടുത്തത്. ഇന്ത്യന്‍ നായകന്‍ കെ.എല്‍. രാഹുലും (66) തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഫിഫ്റ്റി നേടി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് തുടക്കത്തിലേ ഓപ്പണര്‍മാരെ രണ്ടു പേരെയും നഷ്ടമായിരുന്നു. യശസ്വി ജെയ്‌സ്വാള്‍ (22), രോഹിത് ശര്‍മ (14) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ വീഴ്ത്തിയത്. ജെയ്‌സ്വാളിനെ മാര്‍ക്കോ ജാന്‍സണും രോഹിത്തിനെ നാന്ദ്രെ ബര്‍ഗറുമാണ് പുറത്താക്കിയത്. പിന്നീട് ഒത്തുചേര്‍ന്ന കോഹ്ലിയും റുതുരാജും ചേര്‍ന്ന് ധീരമായി മുന്നോട്ട് നയിച്ചു. 36ാം ഓവറിലാണ് ഗെയ്ക്വാദ് മടങ്ങിയത്. കോഹ്ലിയെ ലുങ്കി എന്‍ഗിഡി മാര്‍ക്രമിന്റെ കൈകളിലെത്തിച്ചു.
തുടര്‍ന്നാണ് കോഹ്ലി-റുതുരാജ് ഷോ ആരംഭിച്ചത്. ദക്ഷിണാഫ്രിക്കന്‍ ബൌളര്‍മാരെയെല്ലാം ഇരുവരും നിര്‍ദാഷിണ്യം പ്രഹരിച്ചു. ഈഡന്‍ ഗാര്‍ഡനില്‍ സെഞ്ച്വറി നേടി മികച്ച ഫോമിലെത്തിയ വിരാട് കോഹ്ലിയെ ഒരറ്റത്ത് കാഴ്ചക്കാരനാക്കി നിര്‍ത്തി ആദ്യം സെഞ്ച്വറിയിലേക്ക് കുതിച്ചെത്തിയത് റുതുരാജായിരുന്നു. പിന്നാലെ വിരാടും മൂന്നക്ക സംഖ്യയിലേക്കെത്തി.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ചാം ഓവറില്‍ ക്വിന്റണ്‍ ഡി കോക്കിനെ (8) നഷ്ടമായി. പിന്നാലെ മാര്‍ക്രം-തെംബ ബാവൂമ (46) സഖ്യം മൂന്നാം വിക്കറ്റില്‍ 101 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ സഖ്യമാണ് ഇന്ത്യയുടെ വില്ലനായത്. 21ാം ഓവറിലാണ് ഈ കൂട്ടുകെട്ട് തകര്‍ക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായത്. പ്രസിദ്ധ് കൃഷ്ണയാണ് ബാവുമയെ മടക്കിയത്.
എന്നാല്‍, ബീറ്റ്സ്‌കെയുമായി മാര്‍ക്രം വെടിക്കെട്ട് ബാറ്റിങ് തുടര്‍ന്നു. 30-ാം ഓവറില്‍ ഹര്‍ഷിത് റാണയുടെ പന്തില്‍ മാര്‍ക്രം പുറത്തായി. പിന്നാലെ, ബ്രേവിസ് - ബ്രീറ്റ്സ്‌കെ സഖ്യം 92 റണ്‍സ് കൂടി കൂട്ടിചേര്‍ത്തു.