

റായ്‌പൂർ: റായ്പൂരിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 359 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തി ഇന്ത്യ. മൂന്നാം വിക്കറ്റിൽ കോഹ്ലിയും ഗെയ്‌ക്‌വാദും 195 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഈഡൻ ഗാർഡൻസിലെ ആദ്യ ഏകദിനത്തിൽ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലി (93 പന്തിൽ 102) തുടർച്ചയായ രണ്ടാം മത്സരത്തിലും ശതകം നേടി.
ഏകദിനത്തിൽ വിരാടിൻ്റെ 53ാം സെഞ്ച്വറിയാണിത്. ഏകദിനത്തിലെ കന്നി സെഞ്ച്വറിയാണ് റുതുരാജ് (83 പന്തിൽ 105) ഇന്ന് അടിച്ചെടുത്തത്. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 358 റൺസെടുത്തത്. ഇന്ത്യൻ നായകൻ കെ.എൽ. രാഹുലും (66) തുടർച്ചയായ രണ്ടാം മത്സരത്തിലും ഫിഫ്റ്റി നേടി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് തുടക്കത്തിലേ ഓപ്പണർമാരെ രണ്ടു പേരെയും നഷ്ടമായിരുന്നു. യശസ്വി ജെയ്സ്വാൾ (22), രോഹിത് ശർമ (14) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കൻ പേസർമാർ വീഴ്ത്തിയത്. ജെയ്സ്വാളിനെ മാർക്കോ ജാൻസണും രോഹിത്തിനെ നാന്ദ്രെ ബർഗറുമാണ് പുറത്താക്കിയത്. പിന്നീട് ഒത്തുചേർന്ന കോഹ്ലിയും റുതുരാജും ചേർന്ന് ധീരമായി മുന്നോട്ട് നയിച്ചു. 36ാം ഓവറിലാണ് ഗെയ്ക്‌വാദ് മടങ്ങിയത്. കോഹ്ലിയെ ലുങ്കി എൻഗിഡി മാർക്രമിൻ്റെ കൈകളിലെത്തിച്ചു.
തുടർന്നാണ് കോഹ്‌ലി-റുതുരാജ് ഷോ ആരംഭിച്ചത്. ദക്ഷിണാഫ്രിക്കൻ ബൌളർമാരെയെല്ലാം ഇരുവരും നിർദാഷിണ്യം പ്രഹരിച്ചു. ഈഡൻ ഗാർഡനിൽ സെഞ്ച്വറി നേടി മികച്ച ഫോമിലെത്തിയ വിരാട് കോഹ്‌ലിയെ ഒരറ്റത്ത് കാഴ്ചക്കാരനാക്കി നിർത്തി ആദ്യം സെഞ്ച്വറിയിലേക്ക് കുതിച്ചെത്തിയത് റുതുരാജായിരുന്നു. പിന്നാലെ വിരാടും മൂന്നക്ക സംഖ്യയിലേക്കെത്തി.
പരമ്പരയിലെ രണ്ടാമത്തേയും നിർണായകവുമായ റായ്‌പൂർ ഏകദിനത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ ആദ്യം ബൌളിങ് തെരഞ്ഞെടുത്തിരുന്നു. ആദ്യ ഏകദിനം ജയിച്ച സ്ക്വാഡിൽ നിന്ന് ഇന്ത്യൻ ടീമിൽ മാറ്റങ്ങളില്ല. അതേസമയം, ദക്ഷിണാഫ്രിക്കൻ നിരയിൽ മൂന്ന് മാറ്റങ്ങളുണ്ട്. ക്യാപ്റ്റൻ ടെംപ ബാവുമ, കേശവ് മഹാരാജ്, ലുംഗി എൻഗിഡി എന്നിവർ ദക്ഷിണാഫ്രിക്കൻ ടീമിൽ തിരിച്ചെത്തി.