ദക്ഷിണാഫ്രിക്ക അടിയറവ് പറഞ്ഞു; ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ

ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ
ദക്ഷിണാഫ്രിക്ക അടിയറവ് പറഞ്ഞു; ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ
Image: X
Published on
Updated on

അഹമ്മദാബാദ്: അഞ്ചാം ടി20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 30 റണ്‍സിന് തോല്‍പ്പിച്ച് പരമ്പരയും നേടി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 231 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.

ഇന്ത്യക്കു വേണ്ടി വരുണ്‍ ചക്രവര്‍ത്തി നാല് വിക്കറ്റുകള്‍ നേടി. തകര്‍പ്പന്‍ ബാറ്റിങ്ങോടെയായിരുന്നു ദക്ഷിണാഫ്രിക്ക ആരംഭിച്ചത്. നാല് ഓവറില്‍ 52 റണ്‍സ് എന്ന നിലയിലെത്തിച്ചതില്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് നിര്‍ണായക ശക്തിയായി.

ഏഴാം ഓവറില്‍ റിസ ഹെന്‍ഡ്രിക് ആണ് ആദ്യം മടങ്ങുന്നത്. പിന്നാലെ 30 പന്തില്‍ ഡി കോക്ക് അര്‍ധ സെഞ്ച്വറിയും തികച്ചു. ഡെവാള്‍ഡ് ബ്രവിസും കൂടി ഒന്നിച്ചതോടെ ദക്ഷിണാഫ്രിക്കയുടെ നില പത്ത് ഓവറില്‍ 118 റണ്‍സ് എന്ന നിലയിലായിരുന്നു.

ഇതോടെയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ കളിയുടെ നിയന്ത്രണം ഏറ്റെടുത്തത്. ആദ്യം ഡി കോക്കിനെ ജസ്പ്രീത് ബുംറ മടക്കി. 35 പന്തില്‍ 65 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു ഡി കോക്കിന്റെ മടക്കം. പിന്നാലെ ഡെവാള്‍ഡ് ബ്രവിസ്(31), എയ്ഡന്‍ മാര്‍ക്രം(6), ഡൊണോവന്‍ ഫെരെയ്ര (0) എന്നിവരും പുറത്തായി. ഇതോടെ ദക്ഷിണാഫ്രിക്ക 135-5 എന്ന നിലയിലായി.

തുടര്‍ന്നെത്തിയ ജേവിഡ് മില്ലറിനും(18), ജോര്‍ജ് ലിന്‍ഡേയ്ക്കും (16) അധിക സമയം പിടിച്ചു നില്‍ക്കാനായില്ല. മാര്‍കോ യാന്‍സന്‍ 14 റണ്‍സെടുത്തു. ഒടുവില്‍ 200 റണ്‍സിന് ദക്ഷിണാഫ്രിക്കയുടെ കളി അവസാനിച്ചു.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ മൂന്ന് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക ഒരു ജയവും സ്വന്തമാക്കി. ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇന്ത്യക്കായി തിലക് വര്‍മയും ഹാര്‍ദിക് പാണ്ഡ്യയും അര്‍ധസെഞ്ചുറി നേടി.

20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലായിരുന്നു ഇന്ത്യ 231 റണ്‍സ് നേടിയത്. ടീമില്‍ ഇടംനേടിയ സഞ്ജു സാംസണും മിന്നും പ്രകടനം കാഴ്ചവെച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com