

തിരുവനന്തപുരം: ശ്രീലങ്കയ്‌ക്കെതിരായ നാലാം ടി20 മത്സരത്തിലും ജയം ഇന്ത്യക്കൊപ്പം. 30 റണ്‍സിനാണ് ശ്രീലങ്കന്‍ പടയെ ഇന്ത്യയുടെ പെണ്‍കുട്ടികള്‍ തളച്ചത്. ഇതോടെ പരമ്പരയില്‍ 4-0 ന് ഇന്ത്യ മുന്നിലായി.
ഇന്ത്യ ഉയര്‍ത്തിയ 222 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ലങ്കയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനേ ആയുള്ളൂ. സ്മൃതി മന്ദാനയുടേയും ഷെഫാലി വര്‍മയുടേയും വെടിക്കെട്ട് ബാറ്റിങ്ങിനാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സാക്ഷിയായത്. തിരുവനനന്തപുരത്ത് തുടര്‍ച്ചയായ രണ്ടാം ജയവും പരമ്പരയിലെ തുടച്ചയായ നാലാം ജയവുമാണ് ഇന്ത്യന്‍ പടയുടേത്. പരമ്പരയിലെ അവസാന മത്സരം മറ്റന്നാള്‍ കാര്യവട്ടത്ത് നടക്കും.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് നിശ്ചിത ഓവറില്‍ 221 റണ്‍സ് നേടിയത്. ഷെഫാലിയും സ്മൃതിയുമാണ് ഇന്ത്യയുടെ വിജയ ശില്‍പ്പികള്‍. സ്മൃതി (48 പന്തില്‍ 80), ഷെഫാലി (46 പന്തില്‍ 79), റിച്ച ഘോഷ് (16 പന്തില്‍ 40*) നേടി. പരമ്പരയിലെ മൂന്നാത്തെ അര്‍ധസെഞ്ച്വറിയാണ് ഷെഫാലി ഇന്ന് നേടിയത്.
ഒന്നാം വിക്കറ്റില്‍ സ്മൃതിയും ഷെഫാലിയും ചേര്‍ന്ന് 162 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തത്. വനിതാ ടി20യില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാത 31 റണ്‍സ് ആയിരുന്നു ഇന്ത്യയുടെ സമ്പാദ്യം.
ഷെഫാലിയും സ്മൃതിയും പുറത്തായതോടെ റിച്ച ഘോഷും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ചേര്‍ന്ന് ടീമിനെ 200 കടത്തി. അവസാന രണ്ട്ഓവറില്‍ 37 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. റിച്ച ഘോഷ് 16 പന്തില്‍ നിന്ന് 40 റണ്‍സെടുത്തപ്പോള്‍ ഹര്‍മന്‍പ്രീത് 10 പന്തില്‍ നിന്ന് 16 റണ്‍സെടുത്തു.
രാജ്യാന്തര ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് എന്ന നാഴികക്കല്ലും ഈ ഇന്നിങ്‌സില്‍ സ്മൃതി മന്ദാന പിന്നിട്ടു. രാജ്യാന്തര ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികയ്ക്കുന്ന നാലാമത്തെ വനിതാ താരമാണ് സ്മൃതി. 280 ഇന്നിങ്‌സുകളില്‍ നിന്നാണ് സ്മൃതിയുടെ നേട്ടം. മിതാലി രാജാണ് പതിനായിരം റണ്‍സ് തികച്ച ആദ്യ ഇന്ത്യന്‍ വനിതാ താരം.