
ദുബായ്: ഏഷ്യ കപ്പിലെ ഈ സീസണിലെ അവസാന സൂപ്പർ ഫോർ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു. ഫൈനൽ കാണാതെ ടൂർണമെൻ്റിൽ നിന്നും ഇതിനോടകം തന്നെ പുറത്തായിക്കഴിഞ്ഞ അയൽക്കാരായ ശ്രീലങ്കയാണ് നീലപ്പടയുടെ എതിരാളികൾ. ഞായറാഴ്ച പാകിസ്ഥാനെതിരെ നടക്കുന്ന ഫൈനലിന് മുന്നോടിയായി ഇന്ത്യക്ക് ആവനാഴിയിലെ ആയുധങ്ങൾ ഒന്നുകൂടി മിനുക്കിയെടുക്കാൻ ലഭിക്കുന്ന സുവർണാവസരമാണിത്. 28ന് രാത്രി 8 മണിക്ക് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ആവേശകരമായ ഇന്ത്യ-പാക് ക്ലാസിക് ഫൈനൽ പോരാട്ടം.
എട്ട് തവണ ഏഷ്യ കപ്പ് ജേതാക്കളായ ചരിത്രത്തിൻ്റെ പിന്തുണയിലാണ് ഇന്ത്യയുടെ കുതിപ്പ്. ആറ് തവണ ഏഷ്യ കപ്പ് ജേതാക്കളായ ശ്രീലങ്ക ഇക്കുറി ഫൈനലിന് യോഗ്യത നേടിയിട്ടില്ല. ഗ്രൂപ്പ് ബിയിൽ അഫ്ഗാനിസ്ഥാനെയും ബംഗ്ലാദേശിനെയും ഹോങ്കോങ്ങിനെയും തകർത്ത് തുടങ്ങിയെങ്കിലും ചരിത് അസലങ്കയുടെ ലങ്കൻ പടയ്ക്ക് സൂപ്പർ ഫോറിൽ കാലിടറിയിരുന്നു. ബംഗ്ലാദേശും പാകിസ്ഥാനും അവരെ അനായാസം തകർത്തിരുന്നു. ഇന്ന് ഇന്ത്യക്കെതിരെ ആശ്വാസജയം നേടി നാട്ടിലേക്ക് പറക്കാനാണ് ശ്രീലങ്കൻ ടീം ആഗ്രഹിക്കുന്നത്.
ബംഗ്ലാദേശിനെതിരെയും പാകിസ്ഥിനെതിരെയും നടന്ന സൂപ്പർ ഫോർ പോരുകളിൽ തിളങ്ങാതെ പോയ ഫീൽഡർമാർക്ക് തിരിച്ചുവരവിന് ഇന്നത്തെ മത്സരം അവസരം ഒരുക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. പാകിസ്ഥാനെതിരായ മാച്ചിൽ നാല് ക്യാച്ചുകളാണ് ഇന്ത്യൻ ഫീൽഡർമാർ കൈവിട്ടത്. അതേസമയം, ബംഗ്ലാദേശിനെതിരായ മാച്ചിലേക്ക് വരുമ്പോൾ അത് അഞ്ച് ക്യാച്ചായി ഉയർന്നതും കോച്ചിനെയും ക്യാപ്റ്റനെയും ആശങ്കാകുലരാക്കുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ ഉൾപ്പെടെ സൂര്യകുമാർ യാദവ് തൻ്റെ നിരാശ മറച്ചുവെച്ചിരുന്നില്ല.
പ്രമുഖ താരങ്ങൾക്ക് ഇന്ന് വിശ്രമം അനുവദിച്ചേക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞ മത്സരത്തിൽ ബാറ്റിങ്ങിന് അവസരം ലഭിക്കാത്ത സഞ്ജു സാംസണ് ഇന്ന് ടോപ് ഓർഡറിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാനും സാധ്യതയുണ്ട്. ഹാർഡ് ഹിറ്ററായിട്ടും ഏഴാമനായി പോലും പരിഗണിക്കാതിരുന്ന സഞ്ജുവിനെ ബാറ്റിങ്ങിന് ഇറക്കാത്തതിനെതിരെ കടുത്ത വിമർശനമാണ് ഗംഭീറും കൂട്ടരും നേരിട്ടത്. കേരള സൂപ്പർ ലീഗിൽ അടക്കം മികച്ച ഫോമിൽ ബാറ്റ് വീശിയ സഞ്ജുവിനെ വിശ്വാസത്തിലെടുക്കാൻ ടീം ഇപ്പോഴും തയ്യാറാകാത്തതിന് പിന്നിലെ കാരണം ദുരൂഹമാണ്.
ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ബംഗ്ലാദേശിനെതിരെ കഴിഞ്ഞ മാച്ചിൽ സ്ലോവർ ട്രാക്കിൽ റൺസ് കണ്ടെത്താൻ ഇന്ത്യയുടെ മധ്യനിര ബാറ്റർമാർ പതറിയിരുന്നു. സഞ്ജുവിന് അർഹിച്ച അവസരം നിഷേധിക്കപ്പെട്ടതിനെതിരെ ആകാശ് ചോപ്ര അടക്കമുള്ള കമൻ്റേറ്റർമാരും വിമർശനവുമായി രംഗത്തെത്തിയിരുന്നു.
അതേസമയം, ഇന്ത്യൻ ഓപ്പണർമാരുടെ മികച്ച ഫോമാണ് ഇന്ത്യക്ക് ആശ്വാസം നൽകുന്ന പ്രധാന ഘടകം. മധ്യനിര അവസരത്തിനൊത്ത് ഉയരുന്നില്ല എന്ന വിമർശനവും ഉയരുന്നുണ്ട്. ഇന്ത്യയുടെ ബാറ്റിങ് നിരയിലെ ആഴമാണ് സഞ്ജുവെന്ന അസാധാരണ പ്രതിഭയ്ക്ക് പോലും മതിയായ അവസരം ലഭിക്കാത്തതിന് കാരണമെന്ന് വാദിച്ചാലും ദുബായിലെ സ്ലോ പിച്ചുകളിൽ സഞ്ജുവിനോളം തിളങ്ങാൻ മറ്റാർക്കും സാധിക്കില്ലെന്നതാണ് വസ്തുത. ഇത് ഒമാനെതിരായ മത്സരത്തിൽ കണ്ടതുമാണ്.