

അവസാനവട്ട പരിശീലനവും പൂര്‍ത്തിയാക്കി ഗില്ലും സംഘവും വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന് ഇന്ന് ഇറങ്ങും. ഡല്‍ഹി അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയത്തില്‍ രാവിലെ 9.30നാണ് മത്സരം.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ മിന്നും പ്രകടനം കാഴ്ചവെച്ചാണ് ഇന്ത്യ ഡല്‍ഹിയില്‍ വിന്‍ഡീസിനെതിരെ പാഡ് അണിയുന്നത്. ബൗളിങ്ങിലും ബാറ്റിംഗിലും ഗംഭീറിന് തലവേദനയില്ല. രണ്ടാം മത്സരത്തിലേക്കെത്തുമ്പോള്‍ ടീമില്‍ രണ്ട് മാറ്റങ്ങള്‍ക്ക് സാധ്യത. ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ സായ് സുദര്‍ശന്‍ പകരം ദേവ്ദത്ത് പടിക്കലിന് അവസരം നല്‍കിയേകും. ഒപ്പം ഓസ്‌ട്രേലിയയ്ക്കെതിരായ ഏകദിന ടീമിലുള്ള മുഹമ്മദ് സിറാജിന് വിശ്രമം അനുവദിച്ചേക്കും. സിറാജിന് പകരം പ്രസിദ്ധ് കൃഷ്ണ ടീമിലെത്താനാണ് സാധ്യത.
അതേസമയം പരിശീലകനായ ശേഷം ആദ്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയാണ് ഗംഭീറിന്റെ ലക്ഷ്യം. കടുത്ത സമര്‍ദ്ദങ്ങളോടെയാണ് റോസ്റ്റന്‍ ചേസും സംഘവും രണ്ടാം മത്സരത്തിനിറങ്ങുന്നത്. ബൗളിങ്ങിലും ബാറ്റിങ്ങിലും നിരാശപ്പെടുത്തിയ വിന്‍ഡീസിന് ജയം അനിവാര്യമാണ്. മുന്‍താരങ്ങളടക്കം ടീമിന്റെ മോശം പ്രകടനത്തിനെതിരെ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് നിര്‍ണായക മത്സരത്തിന് വെസ്റ്റ് ഇന്‍ഡീസ് ഇറങ്ങുന്നത്.
എന്നാല്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ മോശം അവസ്ഥയിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് പരിശീലകന്‍ ഡാരന്‍ സമിയുടെ നിലപാട്. അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ ബാറ്റിങ് പിച്ചാണ് ഒരുങ്ങുന്നത്. ആദ്യ രണ്ടു ദിനങ്ങളില്‍ ബാറ്റര്‍മാര്‍ക്ക് മേധാവിത്തം ലഭിക്കും. മൂന്നാം ദിനം മുതല്‍ സ്പിന്നര്‍മാര്‍ക്ക് ആനുകൂല്യം ലഭിച്ചേക്കും. ടോസ് നേടിയാല്‍ നായകന്മാര്‍ ബാറ്റിംഗ് തെരെഞ്ഞെടുക്കാനാണ് സാധ്യത.