സെഞ്ചുറി നേടി പത്തും നിസ്സങ്ക, വിറപ്പിച്ച് ശ്രീലങ്ക; സൂപ്പര്‍ ഓവറില്‍ ഇന്ത്യയ്ക്ക് ജയം
ദുബായ്: ഏഷ്യാ കപ്പ് അവസാന സൂപ്പര്‍ ഫോറില്‍ ശ്രീലങ്ക പടയെ തകര്‍ത്ത് ഇന്ത്യയ്ക്ക് വിജയം. 202 റണ്ണുകള്‍ നേടി കളി സൂപ്പര്‍ ഓവറിലേക്ക് നീളുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ മൂന്ന് റണ്ണുകള്‍ നേടിയാണ് ഇന്ത്യയുടെ വിജയം. ടോസ് നേടി സൂപ്പര്‍ ഓവറില്‍ ആദ്യം ഇറങ്ങിയത് ശ്രീലങ്കയായിരുന്നു. രണ്ട് റണ്ണുകളെടുത്ത് ശ്രീലങ്ക പുറത്തായി. രണ്ടാമത് ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയ്ക്ക് മുന്നില്‍ 3 റണ്ണുകളായിരുന്നു വിജയ ലക്ഷ്യം. ശുഭ്മാന്‍ ഗില്ലും സൂര്യകുമാര്‍ യാദവുമാണ് ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയത്. ആദ്യ ബോളില്‍ തന്നെ സഖ്യം മൂന്ന് റണ്ണുകളെടുത്ത് വിജയിച്ചു.
സൂപ്പര്‍ ഫോര്‍ ആരംഭിക്കുമ്പോള്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരെ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് നേടി. അഭിഷേക് ശര്‍മയും തിലക് വര്‍മയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
അഭിഷേക് ശര്‍മ 31 പന്തില്‍ 61 റണ്‍സ് നേടി. ഇതോടെ ടി20 ഏഷ്യാ കപ്പ് സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്ററായി അഭിഷേക് മാറി. വിരാട് കോഹ്‌ലിയെയും പാക് ക്രിക്കറ്റര്‍ മുഹമ്മദ് റിസ്വാനെയും മറികടന്നാണ് അഭിഷേക് ശര്‍മയുടെ നേട്ടം.
തിലക് വര്‍മ 34 പന്തില്‍ നിന്ന് പുറത്താകാതെ 49 റണ്‍സും നേടി. 39 റണ്‍സ് നേടി സഞ്ജു സാംസണും ഇന്ത്യ സ്‌കോര്‍ ചെയ്യുന്നതിന് സഹായിച്ചു. ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചരിത് അസലങ്ക ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പത്ത് ഓവറുകള്‍ പിന്നിട്ടപ്പോള്‍ ഇന്ത്യ 100 റണ്‍സ് തികഞ്ഞു.
203 റണ്‍സ് വിജയ ലക്ഷ്യവുമായാണ് ശ്രീലങ്ക ബാറ്റിങ്ങിനിറങ്ങിയത്. പത്തും നിസ്സങ്കയും കുശല്‍ മെന്‍ഡിസുമാണ് ഓപ്പണര്‍മാരായി ഇറങ്ങിയത്. കുശാല്‍ മെന്‍ഡിസ് റണ്ണൊന്നും നേടാതെ പുറത്തായി. പിന്നീട് ഇറങ്ങിയ പെരേര 32 പന്തില്‍ 58 റണ്‍സ് നേടി. എട്ട് ഫോറും ഒരു സിക്‌സുമാണ് കുശല്‍ നേടിയത്. ക്യാപ്റ്റന്‍ ചരിത് അസലങ്ക അഞ്ച് റണ്ണുകള്‍ മാത്രം നേടി പുറത്തായി. കാമിന്ദു മെന്‍ഡിസ് അഞ്ച് ബോളില്‍ രണ്ട് റണുകള്‍ നേടി. പത്തും നിസ്സങ്ക സെഞ്ചുറി നേടി. 58 ബോളില്‍ 107 റണ്ണുകളാണ് നിസ്സങ്ക നേടിയത്.
20 ആം ഓവറില്‍ കളി സമനിലയിലേക്ക് വഴിമാറിയതോടെ സൂപ്പര്‍ ഓവറിലേക്ക് നീങ്ങി. ആദ്യം ടോസ് നേടി കളിക്കാനിറങ്ങിയ ശ്രീലങ്കയില്‍ നിന്നും ആദ്യം ബാറ്റിങ്ങിനിറങ്ങിയത് കുശാല്‍ പെരേരയാണ്. കുശാല്‍ പെരേര റണ്ണുകളൊന്നും നേടാതെ പുറത്തായി. സൂപ്പര്‍ ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് റണ്ണുകള്‍ മാത്രമാണ് ശ്രീലങ്ക നേടിയത്.