

കൊളംബോ: പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ പ്ലേയർ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ട ഓപ്പണർ ഇഷാൻ കിഷനെ പ്രശംസിച്ച് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. സ്കോർ ബോർഡിൽ റൺസെത്തും മുൻപേ തന്നെ അഭിഷേക് ശർമയെ നഷ്ടമായിട്ടും ഇഷാൻ കിഷൻ ബാറ്റ് ചെയ്ത രീതി തന്നെ വിസ്മയിപ്പിച്ചെന്ന് സൂര്യ മത്സര ശേഷം പറഞ്ഞു.
"ഇഷാൻ കിഷൻ്റെ പ്രകടനം അസാധാരണമായിരുന്നു. തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ആരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുത്ത് കളിക്കണമായിരുന്നു. അവൻ കളിച്ച രീതി മികച്ചതായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുകയെന്നാൽ അത് ബുദ്ധിമുട്ടുള്ള കാര്യമാണ്. മഞ്ഞു വീഴുമോ എന്നോ ഫ്ലഡ്‌ലൈറ്റ് വെളിച്ചത്തിൽ പിച്ച് എങ്ങനെ പ്രതികരിക്കുമെന്നോ നിങ്ങൾക്ക് ഒരിക്കലും അറിയില്ല," സൂര്യ പറഞ്ഞു.
"എന്നാൽ ആദ്യ ഇന്നിങ്സ് അവസാനിച്ചപ്പോൾ പ്രതീക്ഷിച്ചതിനേക്കാൾ 15 റൺസ് അധികമായാണ് ലഭിച്ചത്. സ്കോർ ബോർഡിൽ 155 റൺസ് ഉണ്ടായിരുന്നെങ്കിൽ പോലും മത്സരം ടൈറ്റ് ആകുമായിരുന്നു. ബൗളർമാർ എല്ലാവരും മികച്ച രീതിയിൽ സംഭാവന ചെയ്യുന്നത് കാണുന്നത് വളരെ സന്തോഷകരമായിരുന്നു. ഇനി ഞങ്ങൾ ഇന്ത്യയിലേക്ക് തിരികെ പോകും. ഒരു ടീമെന്ന നിലയിൽ ഒരുമിച്ച് നല്ല സമയം ആസ്വദിക്കും. തുടർന്ന് അഹമ്മദാബാദിലേക്ക് വിമാനത്തിൽ പോകുമ്പോൾ മറ്റ് ഗെയിമുകളെക്കുറിച്ച് ചിന്തിക്കും," സൂര്യ പറഞ്ഞു.
"ഈ വിജയം മുഴുവൻ ഇന്ത്യക്കാർക്കും സമർപ്പിക്കുന്നു. ഞങ്ങൾ കളിക്കാൻ ആഗ്രഹിച്ചിരുന്ന അതേ ബ്രാൻഡ് ക്രിക്കറ്റ് തന്നെയാണ് ഇന്ന് ഞങ്ങൾ കളിച്ചത്. ഈ വിക്കറ്റിൽ ആദ്യം ബാറ്റ് ചെയ്യുന്നത് തന്നെയായിരുന്നു നല്ലത്," ഇന്ത്യൻ ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.