ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ് വിവാഹിതനാകുന്നു. സമാജ്‌വാദി പാർട്ടി നേതാവും ഏറ്റവും പ്രായം കുറഞ്ഞ പാർലമെൻ്റ് എംപിമാരിൽ ഒരാളുകൂടിയായ പ്രിയ സരോജാണ് വധു.
ഉത്തർപ്രദേശിലെ മച്‌ലിഷഹർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചാണ് പ്രിയ സരോജ് പാർലമെൻ്റിലെത്തിയത്. ജൂൺ എട്ടിന് ഇവരുടെ വിവാഹ നിശ്ചയം നടക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.
ആരാണ് പ്രിയ സരോജ്?
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാളാണ് പ്രിയ സരോജ്. 2024 ൽ മച്ച്‌ലിഷഹറിലെ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പ്രിയ തൻ്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പിതാവിനെ പിന്തുടർന്നാണ് പ്രിയ സരേജ് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത്. പിതാവ് തുഫാനി സരോജ് മൂന്ന് തവണ എംപിയും നിലവിൽ യുപിയിലെ കെരകത്തിൽ നിന്നുള്ള എംഎൽഎയുമാണ്.
ന്യൂഡൽഹിയിലെ എയർഫോഴ്സ് ഗോൾഡൻ ജൂബിലി ഇൻസ്റ്റിറ്റ്യൂട്ടിലാണ് അവർ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. രാഷ്ട്രീയ പശ്ചാത്തലം ഉണ്ടെങ്കിലും പ്രിയ സരോജ് അഡ്വക്കേറ്റ് കൂടിയാണ്. നോയിഡയിലെ അമിറ്റി യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് എൽഎൽബി ബിരുദം നേടിയത്. നിയമ ബിരുദം നേടിയതിന് പിന്നാലെ സുപ്രീംകോടതി അഭിഭാഷകയായി പ്രാക്ടീസ് ചെയ്തു.
"റിങ്കുവും പ്രിയയും തമ്മിൽ ഒരു വർഷത്തിലേറെയായി പരിചയമുണ്ട്. അവർ രണ്ടുപേരും പരസ്പരം ഇഷ്ടപ്പെട്ടിരുന്നു, പക്ഷേ ബന്ധത്തിന് കുടുംബങ്ങളുടെ സമ്മതം ആവശ്യമായിരുന്നു. രണ്ട് കുടുംബങ്ങളും ഈ വിവാഹത്തിന് സമ്മതിച്ചു," പിതാവ് തുഫാനി സരോജ് പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.