ചരിത്രം വഴി മാറി; എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യന്‍ വിജയഗാഥ

ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യയുടെ ആദ്യ ജയം
Image: BCCI/X
Image: BCCI/X
Published on

ഒടുവില്‍ ചരിത്രം ഇന്ത്യന്‍ യുവനിരയ്ക്കു മുന്നില്‍ വഴി മാറി. 58 വര്‍ഷം ബാലികേറാമലയായിരുന്ന എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യ ചരിത്രം കുറിച്ചു. ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യയുടെ ആദ്യ ജയം. രണ്ടാം ടെസ്റ്റില്‍ 336 റണ്‍സിനാണ് 336 റണ്‍സിനാണ് ഇന്ത്യ കീഴടക്കിയത്.

ഇന്ത്യ ഉയര്‍ത്തിയ 608 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ഉയര്‍ത്തിയ ഇംഗ്ലണ്ട് 271 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യയുടെ ആകാശ് ദീപ് പത്ത് വിക്കറ്റ് നേടി. ഇംഗ്ലണ്ടിന്റെ മണ്ണില്‍ പത്ത് വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും ആകാശ് ദീപ് സ്വന്തമാക്കി.

സ്‌കോര്‍: ഇന്ത്യ - 587, 427/6 ഡിക്ലയേര്‍ഡ്, ഇംഗ്ലണ്ട് - 407, 271.

ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 1-1 ന് ഒപ്പമെത്തി. ഒന്നാം ഇന്നിങ്സില്‍ ഇരട്ട സെഞ്ചുറിയും (269) രണ്ടാം ഇന്നിങ്സില്‍ സെഞ്ചുറിയും നേടിയ (161) ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് കളിയിലെ താരം.

രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റെടുത്ത ആകാശാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത. ഒന്നാം ഇന്നിങ്‌സില്‍ നാല് വിക്കറ്റും താരം നേടിയിരുന്നു. 1976-ന് ശേഷം ഒരു ടെസ്റ്റ് ഇന്നിങ്സില്‍ ഇംഗ്ലണ്ടിന്റെ ആദ്യ അഞ്ച് പ്രധാന ബാറ്റര്‍മാരില്‍ നാലു പേരെയും പുറത്താക്കുന്ന ആദ്യ ബൗളറെന്ന നേട്ടവും ആകാശിന് നേടാനായി. ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക് എന്നിവരെയാണ് ആകാശ് പുറത്താക്കിയത്. 76 ല്‍ വെസ്റ്റ്ഇന്‍ഡീസ് താരം മൈക്കല്‍ ഹോള്‍ഡിങ്ങിനു ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് ആകാശ്.

ഇംഗ്ലണ്ടിനു വേണ്ടി ജാമി സ്മിത്ത് രണ്ടാം ഇന്നിങ്‌സില്‍ നാല് സിക്‌സും ഒമ്പത് ഫോറുമടക്കം 99 പന്തില്‍ 88 റണ്‍സെടുത്തു. ജാമിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഒന്നാം ഇന്നിങ്‌സില്‍ പുറത്താകാതെ 184 റണ്‍സായിരുന്നു ജാമിയുടെ സമ്പാദ്യം.

ആദ്യ നാലു ദിനവും ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ മികവ് പുലര്‍ത്തിയിരുന്നു. രണ്ടാം ഇന്നിങ്സിലും സെഞ്ച്വറിയുമായി മുന്നില്‍ നിന്ന് പടനയിച്ചത് നായകന്‍ ശുഭ്മാന്‍ ഗില്‍ ആയിരുന്നു. ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറി മികവില്‍ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 427 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com