രണ്ട് മാസത്തിലേറെ നീണ്ട ഐപിഎല്‍ 18-ാം സീസണ്‍ ബ്ലോക്ക്ബസ്റ്റർ ഫിനാലേയിലേക്കെത്തുമ്പോള്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. എല്ലാവരുടെയും മനസില്‍ മുഴങ്ങുന്നത് ഒരേ ചോദ്യം. ആരാകും അടുത്ത ഐപിഎല്‍ ചാംപ്യന്‍മാർ. ശ്രേയസ് അയ്യറിന്റെ പഞ്ചാബ് കിംഗ്സോ? അതോ കപ്പിനും ചുണ്ടിനും ഇടയില്‍ നിരവധി തവണ കിരീടം നഷ്ടപ്പെട്ട ആർസിബിയോ?
14 കളികളിൽ നിന്ന് ഒമ്പത് വിജയങ്ങളും നാല് തോൽവികളും നേടിയ ആർസിബി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഒന്നാം ക്വാളിഫയറില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ എട്ട് വിക്കറ്റിന്‍റെ ഏകപക്ഷീയമായ വിജയത്തോടെയാണ് ആർസിബി ഫൈനലിലേക്ക് കടന്നത്. 60 പന്തുകൾ ബാക്കിനിൽക്കെയാണ് രജത് പാട്ടീദാറും സംഘവും പഞ്ചാബിനെ പരാജയപ്പെടുത്തിയത്. ഫിനാലെയില്‍ ആർസിബിക്ക് മുന്നില്‍ വീണ്ടും പോരാട്ടത്തിനായി എത്തുന്നത് അതേ പഞ്ചാബ് തന്നെ. രണ്ടാം ക്വാളിഫയറിലെ മുംബൈയ്‌ക്കെതിരായ വിജയം അല്‍പ്പം വീര്യം കൂട്ടിയിട്ടുണ്ടെന്ന് മാത്രം.
ആരാകും അടുത്ത ഐപിഎല്‍ കിരീടാവകാശികള്‍?
സമൂഹമാധ്യമങ്ങളില്‍ രണ്ട് കൂട്ടർക്കും വേണ്ടി ആരാധകർ വാശിയോടെ പോരാട്ടത്തിലാണ്. ഇത്തവണ കപ്പ് മിസ് ആവില്ല എന്ന ഉറപ്പിലാണ് ബെംഗളൂരു ആരാധകർ. എഐ പ്രവചനങ്ങളും അതുതന്നെയാണ് പറയുന്നത്. 'ഈ സാലാ കപ്പ് നാം ദേ' എന്ന ആർസിബി ആരാധകരുടെ പ്രതീക്ഷകള്‍ നിറഞ്ഞ വാക്കുകള്‍ ട്രോളാകില്ലെന്നാണ് ചാറ്റ് ജിപിടി പറയുന്നത്.
ആർസിബിയുടെ സ്ഥിരതയാർന്ന പ്രകടനം, ടീമിന്റെ അപരാജിത എവേ റെക്കോർഡ്, വിരാട് കോഹ്ലി, ജോഷ് ഹേസൽവുഡ് തുടങ്ങിയ പ്രധാന കളിക്കാരുടെ പ്രകടനം എന്നിവ കണക്കിലെടുക്കുമ്പോൾ, ആർസിബിക്ക് നേരിയ മുൻതൂക്കമുണ്ടെന്നാണ് ചാറ്റ് ജിപിടിയുടെ വിലയിരുത്തല്‍. എന്നിരുന്നാലും, ക്വാളിഫയർ 2ലെ പിബികെഎസിന്റെ പ്രതിരോധവും ശക്തമായ തിരിച്ചുവരവും അവരുടെ ദൃഢനിശ്ചയത്തെയും കഴിവിനെയും പ്രകടമാക്കുന്നുവെന്നും അത് പാട്ടീദറിനും സംഘത്തിനും വെല്ലുവിളി ആയേക്കാമെന്ന മുന്നറിയിപ്പും എഐ പ്രവചനത്തിലുണ്ട്.
ഇരു ടീമുകളും സീസണില്‍ ഉടനീളം അസാധാരണമായ കഴിവും ദൃഢതയും പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, തന്ത്രപരമായ ഗെയിംപ്ലേ ആർസിബിയെ ആദ്യ ഐപിഎൽ കിരീടം നേടുന്നതിന് സഹായിച്ചേക്കാം എന്നാണ് ചാറ്റ് ജിപിടിയുടെ നിരീക്ഷണം. ഫലം എന്തുതന്നെയായാലും, കന്നി കിരീടം തേടുന്ന രണ്ട് ശക്തരായ ടീമുകൾ തമ്മിലുള്ള ആവേശകരമായ മത്സരമായിരിക്കും നാളെ നടക്കാന്‍ പോകുന്നതെന്ന് ചാറ്റ് ജിപിടി തറപ്പിച്ചു പറയുന്നു.
പ്രവചനം എന്തുതന്നെയാണെങ്കിലും കളി മാറ്റാന്‍ ശേഷിയുള്ള ഒരുപറ്റം കളിക്കാരാണ് നാളെ ഇരു ടീമിനും വേണ്ടി കളത്തിലിറങ്ങുന്നത്. വിരാട് കോഹ്ലി, ജോഷ് ഹേസൽവുഡ്, ശ്രേയസ് ഐയ്യർ, കൈൽ ജാമിസൺ ആ നിരയിങ്ങനെ നീണ്ടുപോകുന്നു. പന്തുകൊണ്ടും ബാറ്റുകൊണ്ടും അസാധ്യങ്ങള്‍ സാധ്യമാക്കാനുള്ള പ്രകടനമാകും ഓരോ കളിക്കാരനും നാളെ പുറത്തെടുക്കുക. കാരണം, കിരീട നേട്ടത്തിനായി അവർ കടന്നുവന്നത് അത്ര കഠിനമായ പാതയിലൂടെയാണ്.
RCB vs PBKS പ്രതീക്ഷിക്കുന്ന പ്ലേയിങ് 11
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (RCB):
വിരാട് കോഹ്‌ലി, ഫിലിപ്പ് സാൾട്ട്, രജത് പതിദാർ (C), ലിയാം ലിവിങ്സ്റ്റൺ, ജിതേഷ് ശർമ (W), റൊമാരിയോ ഷെപ്പേർഡ്, ക്രുണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, യാഷ് ദയാൽ, ജോഷ് ഹേസൽവുഡ്, സുയാഷ് ശർമ.
ഇംപാക്ട് പ്ലെയർ: മായങ്ക് അഗർവാൾ
പഞ്ചാബ് കിംഗ്സ് (PBKS):
പ്രിയാൻഷ് ആര്യ, ജോഷ് ഇംഗ്ലിസ് (W), ശ്രേയസ് അയ്യർ (C), നെഹാൽ വധേര, മാർക്കസ് സ്റ്റോയിനിസ്, ശശാങ്ക് സിംഗ്, അസ്മത്തുള്ള ഒമർസായി, കൈൽ ജാമിസൺ, വിജയ്കുമാർ വൈശാഖ്, അർഷ്ദീപ് സിംഗ്, യുസ്‌വേന്ദ്ര ചാഹൽ.
ഇംപാക്ട് പ്ലെയർ: പ്രഭ്സിമ്രാൻ സിംഗ്