IPL 2025 | Punjab Kings vs Mumbai Indians | അഹമ്മദാബാദിൽ മുംബൈ ഇന്ത്യൻസിൻ്റെ കണ്ണീർ വീണു; ഐപിഎൽ ഫൈനലുറപ്പിച്ച് ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്സ്

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻ്റെ എതിരാളികളെ ഇന്നറിയാം.
41 പന്തിൽ നിന്ന് 87 റൺസെടുത്ത ശ്രേയസ് അയ്യർ തന്നെയാണ് പഞ്ചാബിൻ്റെ വിജയശിൽപ്പി.
പഞ്ചാബ് കിങ്സിനെ ഫൈനലിലെത്തിച്ച ശ്രേയസ് അയ്യരുടേയും മാർക്കസ് സ്റ്റോയ്നിസിൻ്റേയും ആഹ്ളാദംX/ IndianPremierLeague
Published on

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന നിർണായകമായ രണ്ടാം ക്വാളിഫയർ മാച്ചിൽ ഹാർദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യൻസിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഐപിഎല്ലിൻ്റെ ഫൈനൽ ബർത്ത് ഉറപ്പിച്ച് ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്സ്. ചൊവ്വാഴ്ച രാത്രി 7.30ന് ഇതേ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ വിരാട് കോഹ്‌ലിയുടെ ആർസിബിയാണ് പഞ്ചാബിൻ്റെ എതിരാളികൾ.

ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 203 റൺസാണ് നേടിയത്. മറുപടിയായി പഞ്ചാബ് 19 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

നായകൻ്റെ ഇന്നിങ്സുമായി പുറത്താകാതെ 41 പന്തിൽ നിന്ന് 87 റൺസെടുത്ത ശ്രേയസ് അയ്യർ തന്നെയാണ് പഞ്ചാബിൻ്റെ വിജയശിൽപ്പി. എട്ട് സിക്സും അഞ്ച് ഫോറും സഹിതമാണ് അയ്യർ പഞ്ചാബിന് അനായാസ ജയം സമ്മാനിച്ചത്.

നേഹൽ വധേരയുമൊത്ത് നാലാം വിക്കറ്റിൽ അയ്യർ നടത്തിയ രക്ഷാപ്രവർത്തനമാണ് കളിയിൽ നിർണായകമായത്. 29 പന്തിൽ നിന്ന് 48 റൺസെടുത്ത വധേരയെ അശ്വനി കുമാർ സാൻ്റ്നറുടെ കൈകളിലെത്തിച്ചു. മുംബൈ ബൌളർമാരിൽ അശ്വനികുമാർ രണ്ട് വിക്കറ്റുകളുമായി തിളങ്ങി.

ടോസ് നേടിയ പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യർ ആദ്യം മുംബൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മഴ മൂലം രാത്രി ഏറെ വൈകിയാണ് മത്സരം ആരംഭിച്ചത്. നിർണായകമായ ക്വാളിഫയർ മത്സരമായതിനാൽ ഓവറുകൾ വെട്ടിച്ചുരുക്കിയിരുന്നില്ല.

ആദ്യ ഇന്നിങ്സിൽ മുംബൈ ഇന്ത്യൻസ് 20 ഓവറിൽ 203/6 റൺസെടുത്തു. എട്ട് റൺസെടുത്ത രോഹിത് ശർമയെ സ്റ്റോയ്നിസിൻ്റെ പന്തിൽ വിജയ് കുമാർ വൈശാഖ് ക്യാച്ചെടുത്ത് പുറത്താക്കി. 24 പന്തിൽ 38 ജോണി ബെയർസ്റ്റോയെ വിജയ് കുമാർ വൈശാഖ് പുറത്താക്കി.

സൂര്യകുമാർ യാദവ് (44) യുസ്‌വേന്ദ്ര ചഹലിൻ്റെ പന്തിൽ നേഹൽ വധേരയ്ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. പിന്നാലെ കൈൽ ജാമിസണിന് വിക്കറ്റ് സമ്മാനിച്ച് തിലക് വർമയും (44) പുറത്തായി. നമൻ ധിർ (18 പന്തിൽ 37) അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിങ്ങാണ് പുറത്തെടുത്തത്. നായകൻ ഹാർദിക് പാണ്ഡ്യ 15 റൺസെടുത്ത് പുറത്തായി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com