ചെപ്പോക്കില്‍ അടിതെറ്റി ചെന്നൈ; അനായാസ ജയം നേടി ഗുജറാത്ത്

ചെന്നൈക്കെതിരെ ഗുജറാത്തിന് 8 വിക്കറ്റിന്റെ അനായാസ ജയം
ചെപ്പോക്കില്‍ അടിതെറ്റി ചെന്നൈ; അനായാസ ജയം നേടി ഗുജറാത്ത്
Published on
Updated on

ചെന്നൈ: ചെപ്പോക്കില്‍ ഗുജറാത്ത് ടൈറ്റന്‍സിനു മുന്നില്‍ അടിതെറ്റി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ ചെന്നൈക്കെതിരെ ഗുജറാത്തിന് 8 വിക്കറ്റിന്റെ അനായാസ ജയം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഹോം ഗ്രൗണ്ടില്‍ ഗുജറാത്തിനു മുന്നില്‍ അടിപതറുന്ന ചെന്നൈയെയാണ് ആരാധകര്‍ കണ്ടത്.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ചെന്നൈക്ക് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ ആകെ നേടാനായത് 158 റണ്‍സ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 16.4 ഓവറില്‍ അനായാസം നേടിയത് 162 റണ്‍സ്.

60 പന്തില്‍ പുറത്താകാതെ 74 റണ്‍സെടുത്ത നായകന്‍ ഋതുരാജ് ഗെയ്ക്വാദ് മാത്രമാണ് ചെന്നൈക്കായി പൊരുതിയത്. സഞ്ജു സാസംണ്‍ 15 പന്തില്‍ 11 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ ഒരറ്റത്ത് ഋതുരാജ് തുടര്‍ന്നപ്പോള്‍ മറ്റേ അറ്റത്തു നിന്ന് വിക്കറ്റുകള്‍ കൊഴിഞ്ഞു കൊണ്ടേയിരുന്നു.

ഋതുരാജിനൊപ്പം ഓപ്പണ്‍ ചെയ്ത സഞ്ജു റബാഡയുടെ രണ്ടാം ഓവറില്‍ രണ്ട് ബൗണ്ടറി അടിച്ച് ഐപിഎല്ലില 5000 റണ്‍സ് തികക്കുന്ന പത്താമത്തെ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയപ്പോള്‍ ചെന്നൈ ആരാധകര്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, നാലാം ഓവറില്‍ റബാഡയെറിഞ്ഞ മൂന്നാം പന്തില്‍ സഞ്ജുവിന് പിഴച്ചു. സ്റ്റംപിന് പുറത്തുപോയ പന്ത് അടിച്ചത് നേരെ ചെന്നു വീണത് ജോസ് ബട്ലറുടെ കൈളില്‍. അതേ ഓവറില്‍ തന്നെ ഊര്‍വില്‍ പട്ടേലിനേയും റബാഡ പുറത്താക്കി. ഇംപാക്ട് സബ്ബായി ഇറങ്ങിയ സര്‍ഫറാസ് ഖാനെ റണ്‍സ് നേടാന്‍ അനുവദിക്കാതെ സിറാജും പുറത്താക്കി.

ഇതോടെ, പവര്‍ പ്ലേ കഴിയുമ്പോള്‍ ചെന്നൈയുടെ നില 28- 3 എന്ന നിലയിലായി. ഋതുരാജും ദുബെയും ചേര്‍ന്നാണ് റണ്‍സ് നൂറ് കടത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തും ഓപ്പണര്‍ സായ് സുദര്‍ശനും അപാര ഫോമിലായിരുന്നു. 7 സിക്സും 4 ഫോറും സഹിതം 46 പന്തില്‍ 87 റണ്‍സാണ് സായ് സുദര്‍ശന്‍ നേടിയത്. ഗുജറാത്തിന് ആകെ നഷ്ടമായ രണ്ട് വിക്കറ്റുകള്‍ നായകന്‍ ശുഭ്മാന്‍ ഗില്ലിന്റേയും സായ് സുദര്‍ശന്റേയും വിക്കറ്റുകള്‍ മാത്രം.

23 പന്തില്‍ 3 സിക്‌സും ഒരു ഫോറും അടക്കം 33 റണ്‍സാണ് ഗില്‍ നേടിയത്. ജോസ് ബട്ലര്‍ 30 പന്തില്‍ 4 ഫോറും ഒരു സിക്സും അടക്കം 39 റണ്‍സുമായി പുറത്താകാതെ നിന്നു.

ഗുജറാത്തിനായി റബാഡ 3 വിക്കറ്റുകള്‍ വീഴ്ത്തി. അര്‍ഷാദ് ഖാന്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി. മുഹമ്മദ് സിറാജ്, മാനവ് സുതര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com