

ഷിംല: ഐപിഎല്ലിൽ ഇന്ന് പഞ്ചാബ് കിങ്‌സ് മുംബൈ ഇന്ത്യൻസിനെ നേരിടും. പരിക്കേറ്റ നായകൻ ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ മുംബൈ ഇറങ്ങുമ്പോൾ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കാൻ പഞ്ചാബിന് വിജയം അനിവാര്യമാണ്. രാത്രി ഏഴരയ്ക്ക് ധരംശാലയിലാണ് മത്സരം.
സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങുന്ന പഞ്ചാബ് കിങ്‌സിന് ഇന്ന് നിലനിൽപ്പിൻ്റെ പോരാട്ടമാണ്. പ്ലേ ഓഫ് ഉറപ്പാക്കാൻ ശ്രേയസ് അയ്യരിനും സംഘത്തിനും ജയം അനിവാര്യമാണ്. ഒരു തോൽവി കൂടി പഞ്ചാബ് വഴങ്ങിയാൽ പഞ്ചാബിന് പിന്നീട് കാര്യങ്ങൾ അത്ര എളുപ്പാമാകില്ല. ബൗളിങ് ഒന്നിച്ച് ഫോം ഔട്ടായതാണ് പഞ്ചാബിനെ പിന്നോട്ട് വലിക്കുന്നത്. ബാറ്റിങ്ങിൽ ശക്തരാണെങ്കിലും മെല്ലെ പോക്കും കിങ്സിന് തലവേദനയാണ്. അർഷ്ദീപ് സിങ്, യുസ്വേന്ദ്ര ചഹൽ അടക്കമുള്ളവർ ഫോമിലേക്ക് ഉയർന്നാൽ മാത്രമേ ഇനി പഞ്ചാബിനെ മുന്നോട്ട് നയിക്കാനാവു. അതേസമയം ബാറ്റിങ്ങിൽ പ്രിയാൻഷ് ആര്യയും ശ്രേയസ് അയ്യരിലുമാണ് പഞ്ചാബിൻ്റെ എല്ലാ പ്രതീക്ഷയും.
മറുവശത്ത് സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്തായ മുംബൈ, തല ഉയർത്തി മടങ്ങാനാണ് പഞ്ചാബ് തട്ടകത്തിൽ കളത്തിലിറങ്ങുന്നത്. പരിക്കിനെത്തുടർന്ന് നായകൻ ഹാർദിക് പാണ്ഡ്യ കളിക്കില്ല. പകരം സുര്യകുമാർ യാദവ് ടീമിനെ നയിക്കും. ശേഷിക്കുന്ന എല്ലാ മത്സരങ്ങളും വിജയിച്ച് മികച്ച നിലയിൽ സീസൺ അവസാനിപ്പിക്കാനാണ് മുംബൈ എത്തുന്നത്. രോഹിത് ശർമ, തിലക് വർമ, നമൻ ദീർ എന്നിവർ ഫോമിലേക്ക് ഉയർന്നത് ടീമിന് പ്രതീക്ഷ നൽകുന്നു. ബൗളിങ്ങിൽ ദീപക് ചഹറും ജസ്പ്രീത് ബുംറയും കോർബിൻ ബോഷും ഫോമിലേക്ക് എത്തിയത് മുംബൈയുടെ കരുത്ത് കൂട്ടും. അതേസമയം പ്ലേ ഓഫ് യോഗ്യത നേടാത്തതിൽ ഫ്രാഞ്ചൈസി ഉടമ ആകാശ് അംബാനിയും ടീം മാനേജ്മെൻ്റും ഹാർദികിനെ ഒഴിവാക്കുകയാണെന്ന വിമർശനവും ഉയരുന്നുണ്ട്.
നായകനില്ലാതെ ഇറങ്ങുന്ന മുംബൈ വിജയവഴിയിൽ തിരിച്ചെത്തുമോ, അതോ പ്ലേ ഓഫ് മോഹങ്ങളുമായി പഞ്ചാബ് കരുത്ത് കാട്ടുമോ? ധരംശാലയിൽ ആര് വിജയക്കൊടി പാറിക്കുമെന്ന് കാത്തിരുന്നു കാണാം.