

അരേ വാഹ്.... പഞ്ചാബ് .... വാഹ്... !! ഐപിഎല്ലിൽ ഈ സീസണിൽ മിന്നുന്ന പ്രകടനമാണ് ശ്രേയസ് അയ്യർ നയിക്കുന്ന പഞ്ചാബ് കിങ്സ് നടത്തുന്നത്. തോൽവിയറിയാതെ മുന്നേറുന്ന പഞ്ചാബിന് ഇത് കന്നിക്കിരീടത്തിൽ മുത്തമിടാനുള്ള സുവർണാവസരമാണ്. ഇത്തവണ തോൽവിയുടെ കയ്പ്നീര് കുടിക്കാത്ത ഒരു ടീമേയുള്ളൂ... ഈ ഐപിൽ സീസണിലെ ആദ്യ മൂന്ന് വാരം പിന്നിടുമ്പോൾ... റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു-രാജസ്ഥാൻ റോയൽസ് എന്നീ റോയൽ പടകളുടെ വെല്ലുവിളികളെ മറികടന്ന് യഥാർഥ കിങ്സ് ഞങ്ങളാണെന്ന ഉറച്ച പ്രഖ്യാപനമാണ് 'സർപഞ്ച്' അയ്യരും ഗ്യാങ്ങും നടത്തുന്നത്.
ആധികാരികമായ നാല് വിജയങ്ങൾക്ക് പുറമെ മഴമൂലം ഫലമില്ലാതെ പോയൊരു മത്സരത്തിലൂടെ ലഭിച്ച നിർണായകമായ ഒരു പോയിൻ്റാണ് പഞ്ചാബിൻ്റെ തുറുപ്പ് ചീട്ട്... നിലവിലെ ഫോമിൽ കളി തുടർന്നാൽ അയ്യരുടെ പഞ്ചാബ് ലീഗിൽ ഇനിയും ലീഡ് ഉയർത്തും. ഇതിനോടകം 200ന് മുകളിൽ റൺസ് വാരിയ പ്രഭ്‌സിമ്രൻ സിങ്ങും ശ്രേയസ് അയ്യരും തകർത്തടിക്കുന്ന ബാറ്റിങ് സ്ക്വാഡും... അഞ്ച് വീതം വിക്കറ്റെടുത്ത അർഷ്‌ദീപ് സിങ്ങും വൈശാഖ് വിജയകുമാറും എറിഞ്ഞുതകർക്കുന്ന ബൗളിങ് നിരയും പഞ്ചാബിനെ അതിശക്തരാക്കി മാറ്റുന്നുണ്ട്...
രജത് പടിദാർ നയിക്കുന്ന ആർസിബി ഇക്കുറി വെറും ഒരു പോയിൻ്റിൻ്റെ വ്യത്യാസത്തിലാണ് രണ്ടാമത് നിൽക്കുന്നത്. ഡൽഹിയെ വീഴ്ത്തിയാൽ അവർ ഇന്ന് വീണ്ടും തലപ്പത്തെത്തും... ബാറ്റിങ്ങിൽ വിരാട് കോഹ്‌ലിയുടേയും രജത് പടിദാറിൻ്റേയും ഫിൽ സോൾട്ടിൻ്റേയും ടിം ഡേവിഡിൻ്റേയും തകർപ്പൻ ഫോമാണ് ചെമ്പടയുടെ കുതിപ്പിന് ഊർജമേകുന്നത്. ടൂർണമെൻ്റിൽ ആർസിബി ബാറ്റർമാരെല്ലാം കൂടി ഇതുവരെ അടിച്ചുപറത്തിയത് 62 സിക്സറുകളാണ്.
അഞ്ച് മാച്ചുകളിൽ നിന്ന് നാല് ജയവും ഒരു തോൽവിയുമായി രാജസ്ഥാൻ റോയൽസ് മൂന്നാം സ്ഥാനത്തുണ്ട്. സീസണിൽ ഇതുവരെ ഒൻപത് വിക്കറ്റെടുത്ത രവി ബിഷ്ണോയിയും ഏഴ് വിക്കറ്റെടുത്ത ജോഫ്ര ആർച്ചറും അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും ചേർന്ന് RRനെ ഭയം വിതയ്ക്കുന്ന ബൗളിങ് സ്ക്വാഡാക്കി മാറ്റിയിരിക്കുന്നു... എതിർ ബൗളർമാരെയെല്ലാം തല്ലിത്തകർത്ത്... മത്സരം കൈപ്പിടിയിലാക്കുന്ന വൈഭവ് സൂര്യവംശിയും യശസ്വി ജയ്‌സ്വാളും ധ്രുവ് ജുറേലുമെല്ലാം ചേരുന്ന രാജസ്ഥാൻ്റെ ടോപ് ഓർഡർ ബാറ്റിങ് നിര ടൂർണമെൻ്റിലെ തന്നെ ഏറ്റവും മികച്ചതാണ്...
ശുഭ്മൻ ഗില്ലിൻ്റെ ഒറ്റയാൾ പ്രകടനമികവിൽ മുന്നേറുന്ന ഗുജറാത്ത് ടൈറ്റൻസാണ് നാലാം സ്ഥാനത്ത്... അവർ ഇതിനോടകം മൂന്ന് ജയത്തോടെ ആറ് പോയിൻ്റ് നേടിക്കഴിഞ്ഞു. വെറും നാല് മത്സരങ്ങളിൽ നിന്ന് 251 റൺസോടെ കോഹ്ലിയിൽ നിന്ന് ഓറഞ്ച് ക്യാപ് തൂക്കിയ ഗില്ലിൻ്റെ ബാറ്റിങ് മികവ് ഗുജറാത്തിന് പ്രതീക്ഷയേകുന്നു. അഞ്ച് മത്സരങ്ങളിൽ നിന്ന് 201 റൺസെടുത്ത ജോസ് ബട്ട്‌ലറും ഫോമിലേക്കുയർന്നത് ടൈറ്റൻസിനെ അപകടകാരികളാക്കുന്നുണ്ട്. 5 മാച്ചിൽ നിന്ന് 11 വിക്കറ്റുകളുമായി പർപ്പിൾ ക്യാപ്പ് നേടിയ പ്രസിദ്ധ് കൃഷ്ണയും... ഏഴ് വിക്കറ്റെടുത്ത കഗീസോ റബാഡയും... 6 വീതം വിക്കറ്റെടുത്ത റാഷിദ് ഖാനും അശോക് ശർമയുമെല്ലാം ചേരുന്ന ഗുജറാത്തിൻ്റെ ബൗളിങ് സ്‌ക്വാഡ് ഐപിഎല്ലിൽ ഏറ്റവും കരുത്തുറ്റ നിരയെയാണ് കൂടെ കൂട്ടിയിരിക്കുന്നത്....
ഈ വാരാന്ത്യത്തിൽ ഡബിൾ ക്ലാഷുകൾ കൂടി അരങ്ങേറുന്നതോടെ കണക്കുകളും സ്ഥാനങ്ങളുമൊക്കെ മാറാം... എന്നാൽ ഐപിൽ മൂന്ന് വാരം പിന്നിടുമ്പോൾ ഞാനൊരു കാര്യം പറയാം... ഐപിഎൽ ഇപ്പോൾ അരങ്ങേറുന്നത് തങ്ങളിൽ ആരാണ് കേമന്മാർ എന്ന് തെളിയിക്കാനുള്ള റോയൽസ് ടീമുകളുടേയും കിങ്സ് ടീമുകളുടേയും നെക്ക് ടു നെക്ക് പോരാട്ടങ്ങളാണ്... ഭാഗ്യവും സ്ഥിരതയും ആരെ തുണയ്ക്കുമോ.... അവർ ഇനിയും മുന്നേറുമെന്നുറപ്പ്... !!