'ഇര്‍ഫാന്‍ ഭായ് പറഞ്ഞത് ശരിയാണ്, അയാള്‍ക്ക് ക്ലാസും മാന്യതയുമില്ല'; അഫ്രീദിക്കെതിരെ മുന്‍ പാക് താരം

ഷാഹിദ് അഫ്രീദി മര്യാദയില്ലാത്ത വ്യക്തിയാണെന്നായിരുന്നു ഇർഫാൻ പഠാൻ പറഞ്ഞത്, ഇതിനെ പിന്തുണച്ചാണ് മുൻ പാക് താരവും രംഗത്തെത്തിയത്
ഷാഹിദ് അഫ്രീദി, ഡാനിഷ് കനേരിയ
ഷാഹിദ് അഫ്രീദി, ഡാനിഷ് കനേരിയ NEWS MALAYALAM 24x7
Published on

പാകിസ്ഥാന്‍ മുന്‍ താരം ഷാഹിദ് അഫ്രീദിയെ കുറിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ കഴിഞ്ഞ ദിവസം വലിയ വാര്‍ത്തയായിരുന്നു. ഷാഹിദ് അഫ്രീദിയുമായുള്ള പ്രശ്‌നങ്ങളെ കുറിച്ചും അദ്ദേഹത്തിന്റെ മോശം പെരുമാറ്റങ്ങളെ കുറിച്ചുമായിരുന്നു ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞത്. ഒരു പോഡ്കാസ്റ്റിലായിരുന്നു പഠാന്റെ പരാമര്‍ശങ്ങള്‍.

ഷാഹിദ് അഫ്രീദി മര്യാദയില്ലാത്ത വ്യക്തിയാണെന്നായിരുന്നു ലല്ലന്‍ടോപ്പിന് നല്‍കിയ അഭിമുഖത്തില്‍ പഠാന്റെ വിമര്‍ശനം. 2006 ലെ പാകിസ്ഥാന്‍ പരമ്പരയ്ക്കിടയില്‍ ഷാഹിദ് അഫ്രീദിയുമായുണ്ടായ പ്രശ്‌നങ്ങളെ കുറിച്ചായിരുന്നു പഠാന്‍ പറഞ്ഞത്.

കറാച്ചിയില്‍ നിന്നും ലാഹോറിലേക്കുള്ള വിമാനത്തില്‍ അഫ്രീദിക്കൊപ്പമായിരുന്നു തന്റെ സീറ്റ്. ആദ്യം അയാള്‍ തന്റെ തലയില്‍ പിടിച്ച് മുടിയെല്ലാം അലങ്കോലമാക്കി. യാതൊരു സൗഹൃദവുമില്ലാത്ത അഫ്രീദിയുടെ ഈ പ്രവര്‍ത്തി ഇഷ്ടപ്പെട്ടില്ലെങ്കിലും താന്‍ മിണ്ടിയില്ല. അതിനു ശേഷം തന്റെ അടുത്തിരുന്ന് അഫ്രീദി മോശം വാക്കുകള്‍ ഉപയോഗിച്ച് സംസാരിച്ചു. പട്ടിയിറച്ചി കഴിച്ചതു കൊണ്ടായിരിക്കും അഫ്രീദി ഇങ്ങനെ കുരയ്ക്കുന്നത് എന്നായിരുന്നു തന്റെ മറുപടി. അതിനു ശേഷം അഫ്രീദി ഒന്നും മിണ്ടിയില്ലെന്നും പഠാന്‍ പറഞ്ഞിരുന്നു.

അഫ്രീദിയുടെ മോശം പെരുമാറ്റത്തെ കുറിച്ച് പഠാന്‍ പറഞ്ഞതിനെ മുന്‍ പാക് സ്പിന്നര്‍ ഡാനിഷ് കനേരിയയും പിന്തുണക്കുകയാണ്. പഠാന്റെ വീഡിയോ വൈറലായതോടെയാണ് കനേരിയയും അഫ്രീദിക്കെതിരെ രംഗത്തെത്തിയത്. ക്ലാസും മാന്യതയും ഇല്ലാത്ത വ്യക്തിയാണ് ഷാഹിദ് അഫ്രീദിയെന്നാണ് എക്‌സിലൂടെയുള്ള ഡാനിഷ് കനേരിയയുടെ പ്രതികരണം.

'ഇര്‍ഫാന്‍ ഭായ് പറഞ്ഞത് പൂര്‍ണമായും ശരിയാണ്, ഒരാളുടെ കുടുംബത്തെ കുറിച്ചോ മതത്തെ കുറിച്ചോ പറഞ്ഞ് അയാള്‍ വ്യക്തിപരമായ ആക്രമണം നടത്തും. ക്ലാസും മാന്യതയും അയാള്‍ക്ക് ഇല്ല' എന്നായിരുന്നു കനേരിയയുടെ വാക്കുകള്‍.

ഷാഹിദ് അഫ്രീദിയും ഡാനിഷ് കനേരിയയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്കും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പാകിസ്ഥാനു വേണ്ടി കളിച്ചിരുന്ന കാലത്ത് മതപരമായ വേര്‍തിരിവ് നേരിട്ടിരുന്നതായി കനേരിയ വര്‍ഷങ്ങള്‍ക്ക് മുമ്പ് തുറന്നു പറഞ്ഞിരുന്നു. താന്‍ മറ്റൊരു മതത്തില്‍ പെട്ടയ ആളായതു കൊണ്ട് ചില സഹതാരങ്ങള്‍ ഒന്നിച്ച് ഭക്ഷണം കഴിക്കാന്‍ മടികാണിച്ചിരുന്നുവെന്നായിരുന്നു അദ്ദേഹം മുന്‍പ് പറഞ്ഞത്.

ഡ്രസ്സിംഗ് റൂമിലെ മുതിര്‍ന്ന അംഗമായ ഷാഹിദ് അഫ്രീദി തന്നെ പുറത്താക്കാന്‍ മറ്റ് കളിക്കാരെ പ്രോത്സാഹിപ്പിച്ചിരുന്നതായും അദ്ദേഹം ആരോപിച്ചിരുന്നു. കൗണ്ടി ക്രിക്കറ്റിലെ സ്‌പോട്ട് ഫിക്‌സിംഗ് അഴിമതിയില്‍ ഉള്‍പ്പെട്ടതിന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) വിലക്കിയതിന് ശേഷം ഡാനിഷ് കനേരിയ സഹതാപം നേടാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണങ്ങളോടുള്ള അഫ്രീദിയുടെ പ്രതികരണം. കനേരിയയെ നുണയന്‍ എന്നും അഫ്രീദി വിളിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com