
ക്രിക്കറ്റില്‍ പുതു ചരിത്രമെഴുതി ഇറ്റലിയും നെതര്‍ലാന്‍ഡും. ഇരു രാജ്യങ്ങളും 2026 ടി20 ലോകകപ്പ് യോഗ്യത നേടിയാണ് ചരിത്രം കുറിച്ചത്. ആദ്യമായാണ് ഇറ്റലി ഐസിസി ടൂര്‍ണമെന്റിന് യോഗ്യത നേടുന്നത്. ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്ന 2026 ട്വന്റി 20 ലോകകപ്പിലേക്കാണ് യോഗ്യത നേടിയത്.
ലോക ഫുട്‌ബോളില്‍ അനിഷേധ്യമായ ആധിപത്യമുള്ള ടീമാണ് ഇറ്റലി, 2026 ഫിഫ ലോകകപ്പിന് യോഗ്യത റൗണ്ടില്‍ മൂന്നാമതാണ് ഇറ്റലി ഫുട്‌ബോള്‍ ടീം. ലോകകപ്പിന് യോഗ്യത നേടുമോ ഇല്ലയോ എന്ന് കായിക ലോകം ഉറ്റുനോക്കുമ്പോളാണ് ഇറ്റലി ക്രിക്കറ്റില്‍ പുതു ചരിത്രം കുറിച്ചിരിക്കുന്നത്.
ക്രിക്കറ്റ് ലോകകപ്പിലേക്കുള്ള അവസാന യൂറോപ്യന്‍ യോഗ്യതാ മത്സരത്തില്‍ ഇറ്റലി നെതര്‍ലാന്‍ഡിനോട് വീണെങ്കിലും, നെറ്റ് റണ്‍റേറ്റിന്റെ പിന്‍ബലത്തിലാണ് ഇറ്റലി ലോകകപ്പിന് എത്തുന്നത്. ജേഴ്‌സിക്കെതിരെ സ്‌കോട്ട്‌ലാന്‍ഡ് തോല്‍വി വഴങ്ങിയത് ടീമിന് തുണയായി.
പോയിന്റ് പട്ടികയില്‍ സ്‌കോട്ട്‌ലന്‍ഡിനും ഇറ്റലിക്കും അഞ്ച് പോയിന്റ് വീതമാണുള്ളത്. ഓസീസിനായി 23 ടെസ്റ്റുകളും ആറു ഏകദിനങ്ങളും കളിച്ച ഇറ്റലിയുടെ നായകന്‍ ജോ ബേണ്‍സിന്റെ കളി മികവാണ് ഇറ്റലിയെ ലോകകപ്പിലേക്കെത്തിച്ചത്. നിലവില്‍ 15 ടീമുകളാണ് ടൂര്‍ണമെന്റിന് യോഗ്യത നേടിയിരിക്കുന്നത്.