

മുംബൈ: ക്രിക്കറ്റ് സാർവ്വത്രികമാകുകയാണോ അതോ ഇന്ത്യയിലേക്ക് മാത്രം ചുരുങ്ങുകയാണോ എന്ന ചോദ്യമാണ് എതിരില്ലാതെ ഐസിസി ചെയർമാനായി ജയ് ഷാ തിരഞ്ഞെടുക്കപ്പെട്ടതോടെ ക്രിക്കറ്റ് ലോകത്ത് ഉയരുന്നത്. രണ്ട് വർഷമാണ് പദവിയുടെ കാലാവധി. ഇത് രണ്ടാം തവണയാണ് ജയ് ഷാ ഐസിസി ചെയർമാനായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇത്തവണ എതിരാളികളില്ലാതെയാണ് എന്ന പ്രത്യേകതയുമുണ്ട്.
ക്രിക്കറ്റ് സാർവ്വത്രികമാവുകയാണ് എന്നാണ് ജയ് ഷാ അനുകൂലികളുടെ വാദം. 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സ് അടക്കം ക്രിക്കറ്റ് ഭാഗമാവുന്ന ലോക വേദികൾ കൂടുന്നുവെന്നാണ് അവരതിന് ഉദ്ദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. ക്രിക്കറ്റിന്റെ 128 വർഷ ചരിത്രത്തിലാദ്യമായാണ് ഒളിമ്പിക്സിൽ മത്സരയിനമായി തിരഞ്ഞെടുക്കപ്പെടുന്നത്.
എന്നാൽ ടൂർണമെന്റുകളെല്ലാം ഇന്ത്യയിൽ തന്നെ നടത്തുന്നത് വഴി കുഞ്ഞൻ രാജ്യങ്ങളിലേക്ക് ക്രിക്കറ്റ് വളരുന്നില്ല എന്നതാണ് ജയ് ഷാ വിരോധികളുടെ മറുവാദം. അതിനായി അവസാനം പ്രഖ്യാപിച്ച ചാമ്പ്യൻസ്ട്രോഫി, ലോകകപ്പ് വേദികളാണ് ചൂണ്ടിക്കാണിക്കുന്നത്. 2029 ചാമ്പ്യൻസ്ട്രോഫിയ്ക്കും 2031 ലോകകപ്പിനും വേദിയാവുന്നത് ഇന്ത്യയാണ്. ഇടയിലുള്ള 2030 ടി20 ലോകകപ്പിന് വേദിയാവുന്നത് ഇംഗ്ലണ്ടുമാണ്.
ക്രിക്കറ്റ് ഇപ്പോഴും കാശ് സമ്പാദിക്കുന്നത് ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ രാജ്യങ്ങളിൽ നിന്നാണ് എന്നതാണ് യാഥാർഥ്യം. അതിൽ തന്നെ ഇന്ത്യയിൽ നിന്ന് സൃഷ്ടിക്കപ്പെടുന്ന വരുമാനം മറ്റേതുരാജ്യങ്ങളിലേക്കാളും ഇരട്ടിയാണ്,പതിന്മടങ്ങാണ് എന്നത് സത്യവും. ഐപിഎൽ അടക്കമുള്ള ആഭ്യന്തര ടൂർണമെന്റിനോട് കിടപിടിക്കാൻ അന്താരാഷ്ട്ര ടുർണമെന്റ്സിന് പോലുമാകുന്നില്ല എന്നതും.
ഒരിക്കൽ കൂടി ജയ് ഷാ ക്രിക്കറ്റിന്റെ തലപ്പത്ത് ഐസിസിയുടെ കസേരയിൽ ഇരിപ്പുറപ്പിക്കുമ്പോൾ ക്രിക്കറ്റ് വളരുകയാണോ ചുരുങ്ങുകയാണോ എന്നതാണ് ചോദ്യം. ഉത്തരം കണ്ടറിയേണ്ടതും.