
ഐപിഎല്‍ ചാംപ്യന്മാരായ ആര്‍സിബിയുടെ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ച. പൊലീസ് മുന്നറിയിപ്പ് അവഗണിച്ചാണ് പരിപാടി നടത്തിയത്. പൊലീസ് ആദ്യം അനുമതി നിഷേധിച്ചത് ഗൗനിക്കാതെയാണ് വിക്ടറി പരേഡിന് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സംഭവത്തില്‍ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ മാപ്പ് ചോദിച്ചു.
ആര്‍സിബിയുടെ വിജയത്തില്‍ ചൊവ്വാഴ്ച രാത്രി മുതല്‍ തന്നെ ആളുകള്‍ നടത്തുന്ന ആഘോഷങ്ങള്‍ നിയന്ത്രിച്ച് വരികായിരുന്നുവെന്നും പൊലീസ് പറയുന്നുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെയും ബോധരഹിതരായവരെയും പൊലീസ് അടുത്തുള്ള ആശുപത്രികൡലേക്ക് എത്തിക്കുകയാണ്. കാണാനെത്തിയ നിരവധി പേരാണ് തിക്കിലും തിരക്കിലും പെട്ട് ബോധരഹിതരായി വീണതെന്ന് ദൃക്‌സാക്ഷികള്‍ വിവരിക്കുന്നു.
ആര്‍സിബിയുടെ വിക്ടറി പരേഡിനിടെ തിക്കിലും തിരക്കിലുംപെട്ട് ഏഴ് പേരാണ് മരിച്ചത്. 50ലധികം പേര്‍ക്ക് പരിക്ക് പറ്റിയെന്നാണ് സൂചന. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റഡിയത്തിലെത്തിയ താരങ്ങളെ കാണാന്‍ പുറത്ത് നിരവധി പേര്‍ തടിച്ചു കൂടിയിരുന്നു. ആള്‍ക്കൂട്ടം നിയന്ത്രണാതീതമായതാണ് അപകടത്തിന് കാരണമായതെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു.
പരിക്കേറ്റവരില്‍ ആറ് പേരുടെ നില ഗുരുതരമായി തുടരുകയാണ്. താരങ്ങളെ കാണാന്‍ ആളുകള്‍ മതിലുമുകളിലും മറ്റും കയറുന്നതടക്കമുള്ള വീഡിയോകളും പുറത്തുവരുന്നുണ്ട്.
അതേസമയം വലിയ ദുരന്തത്തിനിടയിലും സ്‌റ്റേഡിയത്തിനകത്ത് ആര്‍സിബിയുടെ ആഘോഷം നടക്കുന്നുണ്ട്. ചിന്നസ്വാമി ഗ്രൗണ്ടിലേക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരങ്ങള്‍ എത്തി. വിരാട് കോഹ് ലി, ജിതേഷ് ശര്‍മ, രജത് പട്ടീദാര്‍ തുടങ്ങിയ താരങ്ങളും കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഗ്രൗണ്ടിലുണ്ട്.