
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ ഏരീസ് കൊല്ലം സെയിലേഴ്‌സിന് ജയം. ആവേശകരമായ മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനെതിരെ ഒരു വിക്കറ്റിനാണ് ജയം. പതിനൊന്നാമനായി ഇറങ്ങിയ ബിജു നാരായണന്റെ മികച്ച പ്രകടനമാണ് അവസാനം നിമിഷം കൊല്ലത്തിന്റെ ജയത്തിന് കാരണമായത്. കാലിക്കറ്റിനായി ക്യാപ്റ്റൻ റോഹൻ കുന്നുമ്മല്‍ സീസണിലെ ആദ്യ അർധ സെഞ്ച്വറിയും നേടി.
ടോസ് നേടിയ കൊല്ലം ക്യാപ്റ്റൻ സച്ചിൻ ബേബി ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. സച്ചിന്‍ സുരേഷും ക്യാപ്റ്റൻ റോഹൻ കുന്നുമ്മലും ചേർന്ന് മികച്ച തുടക്കമാണ് കാലിക്കറ്റിന് നല്‍കിയത്. എന്നാല്‍ 10 റണ്‍സെടുത്ത് സുരേഷ് പുറത്തായി. പിന്നാലെ എത്തിയ അഖിൽ സ്കറിയയ്ക്കും (7) എം. അജിനസിനും കാര്യമായി സ്കോർ ചെയ്യാന്‍ സാധിച്ചില്ല. 22 പന്തില്‍ 54 റണ്‍സെടുത്ത കുന്നുമ്മല്‍ കൂടി പുറത്തായതോടെ കാലിക്കറ്റ് ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നുവീണു. സൽമാൻ നിസാർ 21 റൺസ് നേടി. മനു കൃഷ്ണന്റെ മിന്നൽ പ്രകടനമാണ് കാലിക്കറ്റിന്റെ സ്കോർ 138ല്‍ എത്തിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലത്തിന് അത്ര നല്ല തുടക്കമല്ല ലഭിച്ചത്. ആദ്യ പന്തില്‍ തന്നെ ഓപ്പണർ വിഷ്ണു വിനോദ് പുറത്തായി. അഭിഷേക് നായരും ക്യാപ്റ്റൻ സച്ചിൻ ബേബിയും ചേർന്ന് ടീമിനെ ഉറപ്പിച്ചു നിർത്താന്‍ ശ്രമിച്ചെങ്കിലും രണ്ട് പേർക്കും കൂറ്റന്‍ സ്കോർ കണ്ടെത്താനായില്ല. യഥാക്രമം 20 പന്തിൽ 21ഉം 21 പന്തിൽ 24ഉം എടുത്താണ് താരങ്ങള്‍ പുറത്തായത്. മധ്യ ഓവറുകളില്‍ കൊല്ലം സെയിലേഴ്സ് തകർന്നടിഞ്ഞു. ഒരു ഘട്ടത്തിൽ 6 വിക്കറ്റിന് 68 എന്ന നിലയിലായിരുന്നു ടീം. വത്സൽ ഗോവിന്ദും അമലും 32 റൺസിന്റെ മാന്യമായ കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാല്‍ അഖില്‍ സ്കറിയ വിക്കറ്റുകള്‍ വീഴ്ത്തി സമ്മർദം നിലനിർത്തി. കൊല്ലം ഒന്‍പതിന് 115 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ അതില്‍ നാല് വിക്കറ്റുകള്‍ അഖിലാണ് വീഴ്ത്തിയത്.
അവസാന രണ്ട് ഓവറിൽ ഒരു വിക്കറ്റ് മാത്രം കൈയ്യിലുള്ളപ്പോള്‍ 24 റൺസായിരുന്നു കൊല്ലത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. അഞ്ച് പന്തുകളില്‍ 17 റണ്‍സ് നേടിയ ബിജു നാരായണനാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസില്‍ നിന്നും വിജയം തട്ടിപ്പറിച്ചത്. ഒരു പന്ത് ബാക്കി നില്‍ക്കെയായിരുന്നു ജയം.