കേരളത്തിൻ്റെ ക്രിക്കറ്റ് പൂരത്തിന് ഓഗസ്റ്റ് 21ന് കൊടിയേറ്റം. ആറ് ടീമുകൾ മാറ്റുരയ്ക്കുന്ന ലീഗിൽ കപ്പുയർത്താൻ കെൽപ്പുള്ളവരാണ് എല്ലാവരും. വിഗ്നേഷ് പുത്തൂരിനെ പോലെ പുതിയ താരോദയങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. എണ്ണം പറഞ്ഞ ആറ് ടീമുകൾ, 17 നാളുകൾക്കിടയിൽ 33 പോരാട്ടങ്ങൾ.. എല്ലാം മത്സരങ്ങൾക്കും സാക്ഷിയാകുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം സെപ്തംബർ ഏഴിന് പുതിയ ചാമ്പ്യൻമാരെ കണ്ടെത്തും.
കന്നിക്കിരീടം കൊണ്ടുപോയ കൊല്ലം സെയ്‌ലേഴ്സിൻ്റെ രണ്ടാം വരവും കപ്പ് നിലനിർത്താൻ ഉറച്ചാണ്. സച്ചിൻ ബേബിയെന്ന ക്യാപ്റ്റനാണ് അവരുടെ നെടുംതൂൺ. അടിപതറാത്ത ബാറ്റിങ്, ബൗളിങ് നിരയ്‌ക്കൊപ്പം വന്നുചേർന്ന വമ്പനടിക്കാരൻ വിഷ്ണു വിനോദും ഓൾറൗണ്ടർ എം.എസ്. അഖിലും കൊല്ലത്തിൻ്റെ കരുത്താവും. സഞ്ജു സാംസൺ ഗാലറിയിൽ ഉണ്ടാക്കാൻ പോകുന്ന ആവേശമാണ് കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ ആത്മവിശ്വാസം. സഹോദരൻ സാലി സാംസണിൻ്റെ ക്യാപ്റ്റൻസിയിൽ സഞ്ജു പാഡ് കെട്ടും.
ജോബിൻ ജോബി, നിഖിൽ, വിപുൽ ശക്തി എന്നിങ്ങനെ കരുത്തുറ്റ ബാറ്റിങ് നിരയും.. ആസിഫും, അഖിൻ സത്താറും നയിക്കുന്ന പേസ് ആക്രമണവുമാണ് പ്രതീക്ഷ. അതേസമയം, കഴിഞ്ഞ തവണ നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കണം കോഴിക്കോടിന്. നായകൻ രോഹൻ കുന്നുമ്മൽ, സൽമാൻ നിസാർ, അഖിൽ സ്കറിയ, അൽത്താഫ്, എസ്. മിഥുൻ, തുടങ്ങിയ അനുഭവ സമ്പത്തുള്ളവരുടെ സംഘമാണ് കാലിക്കറ്റ് ഗ്ലോബ് സ്റ്റാഴ്സ്.
ജലജ് സക്സേനയുടെ വരവോടെ ഗ്ലാമർ ടീമായി മാറിയിരിക്കുകയാണ് കഴിഞ്ഞ തവണ അവസാന സ്ഥാനക്കാരായ ആലപ്പി റിപ്പിൾസ്. അവിടെ കഴിഞ്ഞ ഐപിഎല്ലിലെ താരോദയമായ വിഗ്നേഷ് പുത്തൂരുമുണ്ട്. ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ വിക്കറ്റ് വേട്ടക്കാരൻ ശ്രീഹരി എസ്. നായർ, ബേസിൽ എന്നിങ്ങനെ സന്തുലിതമാണ് ആലപ്പിയും. മുൻ കേരള ക്യാപ്റ്റൻ സോണി ചെറുവത്തൂർ ആണ് ടീം കോച്ച്.
സ്വന്തം മണ്ണിലെ മൂന്നാം സ്ഥാനം കിരീടത്തിലേക്കുയർത്താനാണ് തലസ്ഥാനത്തിന്റെ ടീമായ ട്രിവാൻഡ്രം റോയൽസും പോരിനിറങ്ങുന്നത്. ബാറ്റർ കൃഷ്ണപ്രസാദിൻ്റെ ക്യാപ്റ്റൻസിയിൽ കളത്തിൽ ഇറങ്ങുന്നത് ഗോവിന്ദ് ദേവ് പൈയും അബ്ദുൽ ബാസിതും ബേസിൽ തമ്പിയും ഫാനൂസ് ഫൈസിനുമൊക്കെ അടങ്ങുന്ന സംഘം.
കഴിഞ്ഞ സീസണിലെ നാലാം സ്ഥാനക്കാരാണ് തൃശൂർ ടൈറ്റൻസ്. നായകൻ സിജോ മോൻ ജോസഫ്, അക്ഷയ് മനോഹർ, ഷോൺ റോജർ എന്നിവരിൽ തുടങ്ങി സീസണിലെ അത്ഭുത താരം ആകുമെന്ന് പ്രതീക്ഷിക്കുന്ന സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി കെ.ആർ. രോഹിത്തും ടീമിലുണ്ട്. രണ്ടാം സീസണിൻ്റെ ആപ്തവാക്യം പോലെ കേരളം കളി തുടങ്ങുകയാണ് നാളെ മുതൽ.