കെസിഎല്ലിൽ വിജയകുതിപ്പ് തുടർന്ന് കൊച്ചി ബ്ലൂ ടൈഗേഴ്സ്. നിർണായക മത്സരത്തിൽ കൊല്ലം സെയിലേഴ്സിനെതിരെ ആറ് വിക്കറ്റ് ജയം. ആലപ്പി റിപ്പിൾസിനെ തകർത്തെറിഞ്ഞ് ട്രിവാൻഡ്രം റോയൽസ്. അവസാന ഗ്രൂപ്പ് മത്സരത്തിൽ കൊല്ലം സെയിലേഴ്സിനെതിരെ ആറ് വിക്കറ്റ് ജയം. അർധ സെഞ്ച്വറിയുമായി തിളങ്ങി അജീഷ് കെ.
സെമി പ്രതീക്ഷകൾ സജീവമാക്കാൻ ഇറങ്ങിയ നിലവിലെ ചാംപ്യന്മാർക്ക് തുടക്കം പിഴച്ചു. സ്കോർ ബോർഡിൽ ഒൻപത് റൺസ് ചേർക്കുന്നതിനിടെ കൊല്ലത്തിന് ഓപ്പണർമാരെ നഷ്ടമായി. മധ്യനിരയുടെ ചെറുത്തുനിൽപ്പാണ് കൊല്ലത്തിനെ ദയനീയ തോൽവിയിൽ നിന്ന് കരകയറ്റിയത്. വത്സൽ ഗോവിന്ദ് 37 റൺസ്, ഷറഫുദീൻ 36 റൺസ്, സജീവൻ അഖിൽ 32 മാത്രമാണ് കൊല്ലം നിരയിൽ പൊരുതിയത്.
131 റൺസ് വിജയലക്ഷ്യം അനായാസം മറികടന്ന് ബ്ലൂ ടൈഗേഴ്സ്. വെടിക്കെട്ട് തുടക്കം നൽകി വിനൂപ് മനോഹരൻ മത്സരം കൊച്ചിക്ക് അനുകൂലമാക്കി. പിന്നാലെ ക്രീസിലെത്തിയ അജീഷ് സ്കോറിങ് വേഗത്തിലാക്കി. താരം 39 പന്തിൽ 58 റൺസെടുത്തു. കൊച്ചിയെ ജയത്തിനരികെ എത്തിച്ചാണ് താരം മടങ്ങിയത്.
ആലപ്പി റിപ്പിൾസിനെതിരെ ഉജ്വല ജയം സ്വന്തമാക്കി ട്രിവാൻഡ്രം റോയൽസ്. 110 റൺസിനാണ് ട്രിവാൻഡ്രത്തിൻ്റെ ജയം. 209 റൺസ് പിന്തുടർന്ന ആലപ്പി ഇന്നിങ്സ് 98ൽ അവസാനിച്ചു.നാല് വിക്കറ്റ് വീഴ്ത്തിയ അഭിജിത് പ്രവീൺ ആണ് ട്രിവാൻഡ്രത്തിൻ്റെ വിജയശിൽപി. നായകൻ കൃഷ്ണപ്രസാദ്, വിഷ്ണുരാജ് എന്നിവരുടെ അർധസെഞ്ച്വറികൾ ട്രിവാൻഡ്രത്തിന് കരുത്തായി.