ഇന്ത്യൻ ക്രിക്കറ്റിലെ മഹേന്ദ്രജാലത്തിന് ഒരിക്കൽ കൂടി ലോക ക്രിക്കറ്റിൻ്റെ ആദരം. ഐസിസി ഹാൾ ഓഫ് ഫെയിം പട്ടികയിൽ മഹേന്ദ്ര സിംഗ് ധോണിയെ ഉൾപ്പെടുത്തി. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച് ഏകദേശം 5 വർഷങ്ങൾക്ക് ശേഷമാണ് ധോണിയെ തേടി അവാർഡ് എത്തുന്നത്. അദ്ദേഹത്തിന്റെ 44-ാം ജന്മദിനത്തിന് ഒരു മാസം മാത്രം ബാക്കി നിൽക്കെയാണ് ഐസിസി വിവരം പ്രഖ്യാപിച്ചത്.
ക്രിക്കറ്റിലെ കണക്കുകൾക്ക് അതീതമായ താരമെന്നാണ് ഐസിസി ധോണിയെ വിശേഷിപ്പിച്ചത്. ഈ നേട്ടത്തിലെത്തുന്ന പതിനൊന്നാമത്തെ ഇന്ത്യൻ താരമാണ് ധോണി. ഇതിഹാസങ്ങളുടെ പട്ടികയിൽ ഇടംപിടിക്കാനായതിൽ അഭിമാനമുണ്ടെന്നാണ് ഐസിസി ഹാൾ ഓഫ് ഫെയിം ഉൾപ്പെടുത്തിയതിന് പിന്നാലെ ധോണി പ്രതികരിച്ചത്.
ക്രിക്കറ്റിനെ വികാരമായി കൊണ്ടുനടന്ന ഇന്ത്യൻ ജനതയ്ക്ക് അഭിമാനിക്കാൻ നിരവധി വിജയങ്ങൾ സമ്മാനിച്ച നായകനാണ് ധോണി. ഇന്ത്യയെ മൂന്ന് ഐസിസി കിരീടങ്ങളിലെത്തിച്ച കപ്പിത്താൻ. ഇന്ത്യയ്ക്കായി ഒരു യുവതാരനിരയെ വാർത്തെടുക്കാനും ധോണി എന്ന നായകന് കഴിഞ്ഞിരുന്നു.
കളിക്കളത്തിലെ അസാമാന്യ കരുനീക്കങ്ങൾക്കും, സമ്മർദത്തിന് അടിമപ്പെടാത്ത നേതൃപാടവം കൊണ്ടും ധോണി എക്കാലവും വേറിട്ട് നിന്നു. 2020ൽ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുമ്പോൾ പതിനേഴായിരത്തിലധികം റൺസും, 829 സ്റ്റമ്പിങ്ങുകളും എണ്ണമറ്റ റെക്കോർഡുകളും ധോണി സ്വന്തം പേരിൽ കുറിച്ചിരുന്നു.