

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുഹമ്മദ് ഷമിക്കൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് ബൗളിങ് കോച്ച് മോര്‍ണി മോര്‍ക്കല്‍. 2024 ലാണ് ഗൗതം ഗംഭീറിന്റെ കീഴില്‍ ഇന്ത്യന്‍ ടീമിന്റെ ബൗളിങ് കോച്ചായി മോര്‍ണി മോര്‍ക്കല്‍ ചുമതലയേറ്റെടുത്തത്.
ടീമിന്റെ സംസ്കാരവുമായി പൊരുത്തപ്പെടാനും ഇന്ത്യന്‍ ഭാഷയുടെ രീതികള്‍ മനസ്സിലാക്കാനും ഷമി വലിയൊരു സഹായമായിരുന്നുവെന്ന് മോര്‍ക്കല്‍ പറഞ്ഞു. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടില്ലെങ്കിലും 2025-ലെ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിരുന്നു.
ഷമിയുടെ വിരമിക്കലില്‍ നിരാശയുണ്ടെന്ന് മോര്‍ക്കല്‍ തുറന്നു പറഞ്ഞു. ബൗളിങ് കോച്ചായി ചുമതലയേറ്റ ആദ്യകാലങ്ങളില്‍ ഷമി ടീമിലുണ്ടായിരുന്നത് വലിയ ഭാഗ്യമായിരുന്നു. ഉയര്‍ന്ന നിലവാരമുള്ള പ്ലേയറും മികച്ച വ്യക്തിയുമാണ് ഷമി.
ആദ്യകാലത്ത് ഷമി തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അദ്ദേഹം പോകുന്നതില്‍ നിരാശയുണ്ടെന്നും മോര്‍ക്കല്‍ തുറന്നു പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ബംഗാളിനായും ഐ.പി.എല്ലിലും വൈറ്റ് ബോള്‍ ക്രിക്കറ്റിലും തുടരുന്നുണ്ട്. ഇപ്പോഴും ആവേശത്തോടെ അദ്ദേഹം കളിക്കുന്നത് കാണുന്നതില്‍ സന്തോഷമുണ്ടെന്നും മോര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്കായി 64 ടെസ്റ്റ് മത്സരങ്ങളാണ് മുഹമ്മദ് ഷമി കളിച്ചത്. 2013ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അരങ്ങേറ്റം കുറിച്ച താരം 229 വിക്കറ്റുകള്‍ നേടി. 2019 ലോകകപ്പിലും 2023 ലോകകപ്പിലും മികച്ച പ്രകടനം നടത്താന്‍ താരത്തിനായി.