കളി മതിയാക്കി തല; ഇനി കളിപ്പിക്കും

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മെന്ററായി ധോണിയെ നിയമിച്ചു
കളി മതിയാക്കി തല; ഇനി കളിപ്പിക്കും
Published on: 
Updated on: 

ചെന്നൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിങ് ധോണി ഐപിഎല്ലില്‍ നിന്ന് വിരമിച്ചു. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച 45കാരന്‍ ഇനി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മെന്ററായി തുടരുമെന്നാണ് ടീം മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്.

2008ലെ ആദ്യ സീസണ്‍ മുതല്‍ മഞ്ഞപ്പടയുടെ നെടും തൂണാണ് ധോണി. ഗ്രീസിലും വിക്കറ്റിന് പിന്നിലും നിര്‍ണായക സമയത്തെ നായകത്വ പാടവത്തിലും വിസ്മയം തീര്‍ത്ത ഒരു യുഗത്തിനാണ് ഇന്ന് അന്ത്യമായിരിക്കുന്നത്. കളത്തിലിറങ്ങുന്നില്ലെങ്കിലും ടീമിന് ആവേശവും ആശയവും പകര്‍ന്നുകൊണ്ട് മഹി ഇനിയും കൂടെയുണ്ടാകുമെന്നാണ് ടീം ഉടമകള്‍ അറിയിച്ചിരിക്കുന്നത്.

ഐപിഎല്‍ ചരിത്രത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ എക്കാലത്തെയും ഫേവറേറ്റുകളാക്കി മാറ്റുന്നതില്‍ ധോണി വഹിച്ച പങ്കുകള്‍ സ്മരിച്ചുകൊണ്ടാണ് വിടവാങ്ങല്‍ ചടങ്ങ് നടന്നത്.

5 തവണയാണ് ധോണിയുടെ നായകത്വത്തില്‍ ചെന്നൈ ടീം കിരീടം ചൂടിയത്. 5 തവണ രണ്ടാം സ്ഥാനക്കാരവുകയും ചെയ്തു. 278 മത്സരങ്ങളില്‍ നിന്നായി 5,439 റണ്‍സാണ് ധോണി അടിച്ചുകൂട്ടിയത്. ഇത് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ റണ്‍വേട്ടയാണ്. ഐപിഎല്ലില്‍ ഏറ്റവുമധികം മത്സരങ്ങള്‍ക്കിറങ്ങിയ താരമായ ധോണിയുടെ പേരില്‍ 264 സിക്‌സറുകളും 375 ഫോറുകളും 24 അര്‍ധ സെഞ്ച്വറികളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ടീമിന്റെ അതിജീവനത്തിന് നിര്‍ണായകമായ വേളകളില്‍ കളത്തിലിറങ്ങുന്ന ആ ഏഴാം നമ്പറുകാരന്‍ ഇനിയില്ലെന്നത് ക്രിക്കറ്റ് പ്രേമികള്‍ക്ക് വലിയ നിരാശയാണ്.