

മുംബൈ: ഹാർദിക് പാണ്ഡ്യ ടീം വിട്ടതോടെ പുതിയ സീസണിൽ മുംബൈ ഇന്ത്യൻസ് നായകൻ ആരാകുമെന്ന ചർച്ചകൾ ആരാധകർക്കിടയിൽ പുരോഗമിക്കുന്നതിനിടെ, ഫ്രാഞ്ചൈസിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ച ചിത്രത്തെ ചൊല്ലി സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ കൊഴുക്കുന്നു. ഒരു താരം മുംബൈ ഇന്ത്യൻസിൻ്റെ തൊപ്പി ഇടത്തേ കയ്യിൽ പിടിച്ചുനിൽക്കുന്ന, ക്ലബ്ബിൻ്റെ ചരിത്രത്തിലെ ഒരു ക്ലാസിക് നിമിഷത്തിൻ്റെ ഒരു സൂചനയാണ് ടീം പങ്കുവച്ചിരിക്കുന്നത്.
ആരുടെയാണീ കൈ എന്നാണ് കൂടുതൽ പേരും സംശയിച്ച് നിൽക്കുന്നത്. എന്നാൽ കടുത്ത രോഹിത് ശർമ ആരാധകരായ ചിലർ, 2020ൽ മുംബൈ ഇന്ത്യൻസ് അവസാനമായി ഐപിഎൽ കിരീടം നേടിയ വർഷത്തേതാണ് ഈ ചിത്രമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ മുംബൈ ഇന്ത്യൻസിൻ്റെ ആദ്യ ഐപിഎൽ കിരീടനേട്ട സമയത്തെ ഐക്കോണിക് ചിത്രമാണെന്ന് മറ്റു ചിലരും ചൂണ്ടിക്കാട്ടുന്നു.
എക്സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പേജുകളിൽ ഈ ചിത്രവുമായുള്ള രോഹിത് ശർമയുടെ മുൻകാല ചിത്രങ്ങളുടെ താരതമ്യ പഠനം കൊണ്ടുപിടിച്ച് നടക്കുന്നുണ്ട്. രോഹിത്തിൻ്റെ ഇടതു കയ്യിൻ്റേയും തള്ളവിരലിൻ്റേയും ചിത്രങ്ങളുടെ ചിത്രങ്ങൾ വരെ വച്ചാണ് ആരാധകരുടെ അപഗ്രഥനം പുരോഗമിക്കുന്നത്. ഐപിഎല്ലിലെ മറ്റു ടീമുകളുടെ ആരാധകർക്കൊക്കെ സംഭവം കണ്ട് ചിരിയാണ് വരുന്നത്. ഇത്തരം അശാസ്ത്രീയമായ താരതമ്യങ്ങൾ ചെയ്യാൻ നിങ്ങളെ കൊണ്ടോ പറ്റൂവെന്നും എതിരാളികൾ പരിഹസിച്ചു.
എന്നാൽ മുംബൈ ഇന്ത്യൻസ് എന്ന ക്ലബ്ബിൻ്റെ ചരിത്രത്തിലെ എക്കാലത്തേയും സക്സസ്ഫുൾ ആയ ക്യാപ്റ്റനായ രോഹിത്തിൻ്റെ കയ്യാണ് ചിത്രത്തിലുള്ളതെന്നും, രാജ്യവും നഷ്ടപ്പെട്ട അധികാരവും തിരിച്ചുപിടിക്കാൻ രാജാവ് തിരിച്ചുവരികയാണെന്നും ഉറച്ചുവിശ്വസിക്കുകയാണ് അവർ. 2013, 2015, 2017, 2019, 2020 സീസണുകളിലാണ് രോഹിത് നായകനെന്ന നിലയിൽ മുംബൈയെ ഐപിഎൽ ജേതാക്കളാക്കിയത്.
ഹാർദിക് പാണ്ഡ്യ പഞ്ചാബ് കിങ്സിലേക്ക് മടങ്ങിയതോടെ ഹാർദിക് പാണ്ഡ്യ വീണ്ടും ക്യാപ്റ്റനാകുമെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. വൈസ് ക്യാപ്റ്റനായി സൂര്യകുമാർ യാദവോ തിലക് വർമയോ എത്തിയേക്കാമെന്നും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. പഞ്ചാബുമായുള്ള ട്രേഡിങ്ങിലൂടെ അർഷ്‌ദീപ് സിങ്ങിനെ ടീമിലെത്തിക്കാൻ മുംബൈയ്ക്ക് സാധിച്ചിരുന്നു. നിലനിർത്തിയ 16 കളിക്കാരുമായി മുംബൈ ഇന്ത്യൻസ് മിനി ലേലത്തിലേക്ക് കടക്കും.
ജസ്പ്രീത് ബുമ്ര, രോഹിത് ശർമ, സൂര്യകുമാർ യാദവ്, തിലക് വർമ, മിച്ചൽ സാൻ്റ്‌നർ എന്നിവരടങ്ങുന്ന ശക്തമായ ഒരു ടീമിനെ മുംബൈ ആസ്ഥാനമായുള്ള ഫ്രാഞ്ചൈസി നിലനിർത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ യുവ ഇന്ത്യൻ പ്രതിഭകളും വിദേശ കളിക്കാരും ഉൾപ്പെടുന്നുണ്ട്. ക്വിന്റൺ ഡി കോക്ക്, റയാൻ റിക്കിൾട്ടൺ, വിൽ ജാക്സ്, ഷെർഫെയ്ൻ റൂഥർഫോർഡ്, കോർബിൻ ബോഷ് എന്നിവരും ഫ്രാഞ്ചൈസി നിലനിർത്തിയ വിദേശ കളിക്കാരിൽ ഉൾപ്പെടുന്നു. നമൻ ധീർ, അശ്വനി കുമാർ, രാജ് അംഗദ് ബാവ, രഘു ശർമ, ഷാർദുൽ താക്കൂർ എന്നീ ഇന്ത്യൻ യുവതാരങ്ങളും പട്ടികയിൽ ഇടം നേടി. വിദേശ കളിക്കാരുടെ ഒഴിവുകൾ ഉൾപ്പെടെ ഒമ്പത് സ്ഥാനങ്ങൾ നികത്താൻ ലക്ഷ്യമിട്ട് ശേഷിക്കുന്ന 32.60 കോടി രൂപയുടെ നിക്ഷേപവുമായാണ് മുംബൈ ഇന്ത്യൻ മിനി താരലേലത്തിൽ പ്രവേശിക്കുന്നത്.