കെകെആറിന് പുതിയ നിക്ഷേപകർ; 3,733 കോടിക്ക് ഓഹരി വിൽക്കാനൊരുങ്ങി ജയ് മേത്ത

45 ശതമാനം ഓഹരിയുള്ള മേത്ത ഇതിൽ 22.5 ശതമാനമാണ് കൈമാറുന്നത്. ഏകദേശം 400 ദശലക്ഷം ഡോളറിന്റേതാണ് (ഏകദേശം 3,733 കോടി രൂപ) ഇടപാടെന്നാണ് റിപ്പോർട്ട്
JAY MEHTA AND WIFE JUHI CHAWLA
JAY MEHTA AND WIFE JUHI CHAWLAcourtesy' KKR INSTA HANDLE
Published on: 
Updated on: 

മുംബൈ: ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലെ (കെകെആർ) തന്റെ ഓഹരി പങ്കാളിത്തത്തിന്റെ പകുതി അമേരിക്കൻ നിക്ഷേപ സ്ഥാപനമായ എയ്റിസ് മാനേജ്‌മെന്റിന് വിൽക്കാനൊരുങ്ങി ഉടമകളിൽ ഒരാളായ ജയ് മേത്ത. 45 ശതമാനം ഓഹരിയുള്ള മേത്ത ഇതിൽ 22.5 ശതമാനമാണ് കൈമാറുന്നത്. ഏകദേശം 400 ദശലക്ഷം ഡോളറിന്റേതാണ് (ഏകദേശം 3,733 കോടി രൂപ) ഇടപാടെന്നാണ് റിപ്പോർട്ട്.

ഇതോടെ കെകെആറിന്റെ ആകെ മൂല്യം 1.78 ബില്യൺ ഡോളറായി (16,634 കോടി രൂപ) ഉയരും. പ്രശസ്ത സ്പോർട്സ് ബിസിനസ് മാധ്യമ പ്ലാറ്റുഫോമുകളിൽ ഒന്നായ 'സ്പോർട്ടിക്കോ' അടുത്തിടെ പുറത്തുവിട്ട മൂല്യനിർണയ പ്രകാരം 1.738 ബില്യൺ ഡോളറിന്റെ മൂല്യമുണ്ട് കെകെആറിന്. രാജസ്ഥാൻ റോയൽസിന്റെയും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെയും സമീപകാല വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോഴും ഈ മൂല്യം ശ്രദ്ധേയമാണ്.

ബോളിവുഡ് താരം ഷാരൂഖ് ഖാനാണ് കെകെആറിന്റെ 55 ശതമാനം ഓഹരിയുള്ള പ്രധാന ഉടമ. ഭാര്യയും നടിയുമായ ജൂഹി ചൗളയ്‌ക്കൊപ്പമാണ് ജയ് മേത്ത ടീമിന്റെ സഹഉടമയായത്. 2007ൽ ഐപിഎല്ലിന്റെ ആദ്യ സീസണിന് മുന്നോടിയായി രൂപീകരിച്ച 'കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനിക്ക് കീഴിലാണ് ടീം പ്രവർത്തിക്കുന്നത്.

ഇടപാട് നടപടികൾ അന്തിമഘട്ടത്തിലാണെന്നാണ് വിവരം. ബിസിസിഐയുടെ ഔദ്യോഗിക അനുമതി കൂടി ലഭിക്കേണ്ടതുണ്ട്. ഇടപാട് തുകയുടെ അഞ്ച് ശതമാനം ബിസിസിഐക്ക് അവകാശപ്പെട്ടതാണ്. ഏകദേശം 20 ദശലക്ഷം ഡോളർ (200 കോടി രൂപയോളം) ബോർഡിന് ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.