ടി20 ക്രിക്കറ്റിലെ കിരീടം വെക്കാത്ത രാജാവ്; നിക്കൊളാസ് പൂരൻ്റെ തകർപ്പൻ റെക്കോർഡുകൾ | Nicholas Pooran Retirement

കരീബിയൻ ക്രിക്കറ്റ് കാര്യമായി പ്രയോജനപ്പെടുത്താതെ പോയ വജ്രമാണ് അയാൾ. തേച്ചാൽ ഇനിയും വെട്ടിത്തിളങ്ങുമായിരുന്ന അത്ഭുത പ്രതിഭ. എന്നാൽ കാലം അയാളോട് നീതി കാണിച്ചില്ലെന്ന് വിചിത്രമായൊരു സത്യമാണ്.
Nicholas Pooran Retired from international cricket at the age of 29
Source: X/ ICC, Nicholas Pooran
Published on

ടി20യിൽ സമകാലിക ക്രിക്കറ്റർമാരിൽ ഏറ്റവും മികച്ച പവർ ഹിറ്റർ ആരാണെന്ന ചോദ്യത്തിന് മറുപടി, അത് കരീബിയൻ താരമായ നിക്കൊളാസ് പൂരൻ ആണെന്നതാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലായാലും ക്ലബ്ബ് തലത്തിലായും ചേതോഹരമായ ബാറ്റിങ്ങിനാൽ തൃശൂർ പൂരം തീർക്കുന്ന വെടിക്കെട്ട് വീരനാണ് അയാൾ.

കരീബിയൻ ക്രിക്കറ്റ് കാര്യമായി പ്രയോജനപ്പെടുത്താതെ പോയ വജ്രമാണ് അയാൾ. തേച്ചാൽ ഇനിയും വെട്ടിത്തിളങ്ങുമായിരുന്ന അത്ഭുത പ്രതിഭ. എന്നാൽ കാലം അയാളോട് നീതി കാണിച്ചില്ലെന്ന് വിചിത്രമായൊരു സത്യമാണ്.

വെസ്റ്റ് ഇൻഡീസിനായി ടെസ്റ്റ് കളിക്കാത്ത താരം കൂടിയാണ് നിക്കൊളാസ് പൂരൻ. 2016 സെപ്റ്റംബറിലാണ് വെസ്റ്റ് ഇൻഡീസിനായി അയാൾ ടി20 അരങ്ങേറ്റം കുറിച്ചത്. 2019 ഫെബ്രുവരിയിലാണ് ഏകദിന അരങ്ങേറ്റം കുറിച്ചത്. എന്നാൽ 2023ലെ ലോകകപ്പിൽ വെസ്റ്റ് ഇൻഡീസ് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ട ശേഷം നിക്കൊളാസ് പൂരൻ ഏകദിനം കളിച്ചിട്ടില്ല.

Nicholas Pooran Retired from international cricket at the age of 29
Source: X/ ICC, Nicholas Pooran

ടി20യിൽ സിക്സറടി വീരൻ

ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ടി20 റൺസ് (2024ൽ 2059), ഒരു കലണ്ടർ വർഷത്തിൽ ടി20യിൽ ഏറ്റവും കൂടുതൽ സിക്സറുകൾ (2024ൽ 170), ഒരു കലണ്ടർ വർഷത്തിൽ ടി20യിൽ ഏറ്റവും കൂടുതൽ 50 + സ്കോറുകൾ (2024ൽ 16), ടി20 ലോകകപ്പിൻ്റെ ഒരു പതിപ്പിൽ ഏറ്റവും കൂടുതൽ സിക്സറുകൾ (2024ൽ 17) എന്നീ ലോക റെക്കോർഡുകൾ അദ്ദേഹത്തിൻ്റെ പേരിലാണ്. കൂടാതെ ടി20 ഫോർമാറ്റിൽ വെസ്റ്റ് ഇൻഡീസിനായി ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ കളിക്കാരനുമാണ്.

29ാം വയസിൽ തികച്ചും അപ്രതീക്ഷിതമായാണ് അന്താരാഷ്ട്ര ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റുകളോടും നിക്കൊളാസ് പൂരൻ്റെ വിടപറഞ്ഞത്. വെസ്റ്റ് ഇൻഡീസിൻ്റെ പ്രധാന വിക്കറ്റ് കീപ്പർ ബാറ്റർ കൂടിയാണ് കളി മതിയാക്കുന്നത്.

ടി20യിൽ വെസ്റ്റ് ഇൻഡീസിൻ്റെ എക്കാലത്തേയും ഉയർന്ന റൺവേട്ടക്കാരനും ടോപ് സ്കോററുമാണ് നിക്കൊളാസ് പൂരൻ. രണ്ടായിരത്തിലേറെ ടി20 റൺസ് സ്വന്തമായുള്ള ഏക വിൻഡീസ് താരവും പൂരനാണ്.

106 ടി20 മത്സരങ്ങളിൽ നിന്ന് 26.14 ശരാശരിയിൽ 2,275 റൺസ് ഈ ഇടംകൈയ്യൻ നേടിയിട്ടുണ്ട്. 13 അർധസെഞ്ച്വറികളും 136.39 എന്ന സ്ട്രൈക്ക് റേറ്റുമാണ് അദ്ദേഹത്തിൻ്റെ സമ്പാദ്യം. അന്താരാഷ്ട്ര ടി20യിൽ പൂരൻ്റെ ഏറ്റവും ഉയർന്ന സ്കോർ 98 ആണ്.

Nicholas Pooran Retired from international cricket at the age of 29
Source: X/ ICC, Nicholas Pooran

ടി20യിൽ ഏറ്റവുമധികം സിക്സറുകൾ നേടിയ നാലാമത്തെ താരം

ടി20യിൽ വെസ്റ്റിൻഡീസിന് വേണ്ടി ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരമാണ് നിക്കൊളാസ് പൂരൻ. കരിയറിൽ 149 സിക്സറുകളാണ് താരം നേടിയത്. ടി20യിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ രോഹിത് ശർമ്മ (205), ന്യൂസിലൻഡിൻ്റെ മാർട്ടിൻ ഗുപ്റ്റിൽ (173), ഇംഗ്ലണ്ടിൻ്റെ ജോസ് ബട്‌ലർ (165) എന്നിവർക്ക് പിന്നിലാണ് ഇടംകൈയ്യൻ ബാറ്റ്സ്മാൻ.

പൂരൻ്റെ ടി20 കരിയറിലെ 1433 റൺസും സ്വന്തം മണ്ണിൽ (ആവറേജ് 29.24) പിറന്നതാണ്. കരീബിയൻ ദ്വീപുകളിൽ മറ്റൊരു ബാറ്ററും 1000 ടി20 റൺസ് പോലും നേടിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. എവേ മത്സരങ്ങളിൽ 27.38 ശരാശരിയിൽ 575 റൺസും ന്യൂട്രൽ ഗെയിമുകളിൽ 15.70 ശരാശരിയിൽ 267 റൺസും പൂരൻ നേടിയിട്ടുണ്ട്.

നിക്കൊളാസ് പൂരൻ്റെ ടി20 കരിയറിൽ ഏറ്റവും മികച്ച റൺവേട്ട 2022ലായിരുന്നു. 29.10 ശരാശരിയിലും 130.49 സ്ട്രൈക്ക് റേറ്റിലും (അഞ്ച് ഫിഫ്റ്റി സഹിതം) പൂരൻ നേടിയത് 582 റൺസാണ്.

Nicholas Pooran Retired from international cricket at the age of 29
Source: X/ ICC, Nicholas Pooran

ഐതിഹാസിക ഇന്നിങ്സ്

സെൻ്റ് ലൂസിയയിൽ നടന്ന 2024 ഐസിസി ടി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ നേടിയ 98 റൺസാണ് നിക്കൊളാസ് പൂരൻ്റെ ഐതിഹാസിക പ്രകടനം.പൂരൻ്റെ ടി20 കരിയറിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണിത്. 53 പന്തിൽ നിന്ന് ആറ് ഫോറുകളും എട്ട് സിക്സറുകളും സഹിതമാണ് 98 റൺസ് നേടിയത്. ടി20 ലോകകപ്പിൽ വെസ്റ്റിൻഡീസിന് വേണ്ടി ഓപ്പണർ അല്ലാത്ത ഒരാൾ നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണിത്. പുരുഷ ടി20 ലോകകപ്പിൽ വിൻഡീസ് താരം നേടുന്ന മൂന്നാമത്തെ ഉയർന്ന സ്കോറാണിത്.

Nicholas Pooran Retired from international cricket at the age of 29
Source: X/ ICC, Nicholas Pooran

ടി20 ലോകകപ്പിലെ ഏറ്റവും ഉയർന്ന പവർപ്ലേ സ്‌കോർ

2024ൽ ഐസിസി ടി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ പൂരൻ്റെ ബാറ്റിങ് കരുത്തിൽ വിൻഡീസ് ടി20 ലോകകപ്പിലെ ഏറ്റവും ഉയർന്ന പവർപ്ലേ സ്കോർ (92/1) സ്വന്തമാക്കിയിരുന്നു.

2014ലെ ടി20 ലോകകപ്പിൽ നെതർലൻഡ്‌സിനെതിരെ അയർലൻഡ് നേടിയ 91/1 എന്ന പവർപ്ലേ സ്കോറാണ് വിൻഡീസ് മറികടന്നത്. ഇത് ടി20 ചരിത്രത്തിലെ ആറാമത്തെ ഉയർന്ന പവർപ്ലേ സ്‌കോറും, വിൻഡീസിൻ്റെ രണ്ടാമത്തെ ഉയർന്ന പവർപ്ലേ സ്‌കോറുമാണ്.

പൂരൻ അടിച്ചെടുത്ത 98 റൺസിൻ്റെ മികവിൽ, മത്സരത്തിൽ വിൻഡീസ് 218/5 എന്ന മികച്ച സ്കോർ നേടി. ഇത് ടി20 ലോകകപ്പിൽ വിൻഡീസ് ടീം നേടുന്ന ഏറ്റവും ഉയർന്ന ടീം സ്കോറാണ്.

Nicholas Pooran Retired from international cricket at the age of 29
Source: X/ ICC, Nicholas Pooran

മറ്റൊരു അഭിമാനകരമായ റെക്കോർഡ് കൂടി

നിക്കൊളാസ് പൂരൻ 2021 മാർച്ച് 5 മുതൽ 2024 നവംബർ 14 വരെ, 71 ടി20 ഇന്നിംഗ്‌സുകളിൽ ഡക്കിന് പുറത്താകാതെ കളിച്ചു. ടി20യിലെ മൂന്നാമത്തെ ഏറ്റവും ദൈർഘ്യമേറിയ വ്യക്തിഗത ബാറ്റിങ് റെക്കോർഡാണിത്. ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലർ (90), ഇന്ത്യയുടെ എം.എസ്. ധോണി (84) എന്നിവർക്ക് പിന്നിലാണ് പൂരൻ്റെ സ്ഥാനം.

Nicholas Pooran Retired from international cricket at the age of 29
Source: X/ ICC, Nicholas Pooran
News Malayalam 24x7
newsmalayalam.com