

2026 ടി20 ലോകകപ്പ് ടീമില്‍ നിന്നും ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കാനുള്ള തീരുമാനം പെട്ടെന്ന് എടുത്തതല്ല. അതിനും മുമ്പേ ഗില്ലിനെ ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൃത്യമായി പറഞ്ഞാല്‍ ലഖ്‌നൗവിലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം കനത്ത പുകമഞ്ഞിനെ തുടര്‍ന്ന് റദ്ദാക്കിയ സമയത്തു തന്നെ ഗില്ലിന്റെ വിധി തീരുമാനിക്കപ്പെട്ടിരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകല്‍.
ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടില്ലെന്ന് അന്ന് തന്നെ തീരുമാനമായിരുന്നെങ്കിലും ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ വിവരം അറിയുന്നത് ശനിയാഴ്ച രാവിലെ മാത്രമാണ്. ബിസിസിഐ ചെയര്‍മാനോ സെലക്ടര്‍മാരോ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവോ പരിശീലകന്‍ ഗൗതം ഗാംഭീറോ ആരും തന്നെ വൈസ് ക്യാപ്റ്റനോട് ഇക്കാര്യം അറിയിച്ചിരുന്നില്ലെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ഒരു വര്‍ഷമായി ഫോമിലല്ലാത്ത ഗില്ലിനെ ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയത് സ്വാഭാവികമായിട്ട് പലരും കാണുന്നുണ്ടെങ്കിലും വൈസ് ക്യാപ്റ്റനോട് പെരുമാറിയ രീതി ക്രൂരവും അനാദരവുമാണെന്നാണ് ടീമിനകത്തും പുറത്തുമുള്ള പൊതു അഭിപ്രായം.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ എല്ലാ മത്സരങ്ങളിലും ഗില്‍ കളിച്ചിരുന്നു. കാല്‍ വിരലിനേറ്റ പരിക്കിനെ തുടര്‍ന്ന് അവാസന മത്സരത്തില്‍ മാത്രം അദ്ദേഹത്തിന് പങ്കാളിയാകാന്‍ കഴിഞ്ഞിരുന്നില്ല. പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ അവസാന മത്സരത്തില്‍ കളിക്കാന്‍ ഗില്‍ ആഗ്രഹിച്ചിരുന്നെങ്കിലും അദ്ദേഹത്തെ ഒഴിവാക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ടീമില്‍ നിന്നും ഗില്‍ തഴയപ്പെടുന്നതിന്റെ ആദ്യ സൂചന ഇതായിരുന്നുവെന്നാണ് കരുതുന്നത്. മോശം പ്രകടനമാണ് ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടതിന്റെ കാരണമായി കരുതുന്നത്. ശുഭ്മാന്‍ ഗില്ലിനൊപ്പം ജിതേഷ് ശര്‍മയ്ക്കും സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ആകെ 32 റണ്‍സാണ് ഗില്ലിന്റെ സമ്പാദ്യം. പരിക്ക് ഗുരുതരമല്ലെന്നും പെയിന്‍കില്ലര്‍ കഴിച്ച് ഫൈനലില്‍ കളിക്കാമെന്ന് മെഡിക്കല്‍ ടീം ഗില്ലിനേയും ടീം മാനേജ്‌മെന്റിനേയും അറിയിച്ചിരുന്നു.
എന്നാല്‍, ഫോം ഔട്ടായതു കൊണ്ട് മാത്രമല്ല ഗില്ലിനെ ഒഴിവാക്കിയതെന്നാണ് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പറയുന്നത്. മികച്ച ടീം കോംബിനേഷന്‍ തീരുമാനിച്ചപ്പോള്‍ ഗില്‍ നിര്‍ഭാഗ്യവശാല്‍ പുറത്താവുകയായിരുന്നു. ഗില്‍ മികച്ച കളിക്കാരനാണെന്നതില്‍ സംശയമില്ലെന്നും ഇപ്പോള്‍ റണ്‍സ് എടുക്കുന്നില്‍ പിന്നിലാണെന്നും കൂടി അഗാര്‍ക്കര്‍ പറഞ്ഞു. കഴിഞ്ഞ ലോകകപ്പിലും ഗില്ലിന് കളിക്കാനായിരുന്നില്ല.
ലോകകപ്പ് സ്‌ക്വാഡില്‍ സഞ്ജു സാംസണ്‍ ഇടംനേടി എന്നതാണ് മലയാളികള്‍ക്ക് അഭിമാനിക്കാനും സന്തോഷിക്കാനുമുള്ളത്. മോശം പെര്‍ഫോമന്‍സ് ഗില്ലിനെ പുറത്ത് നിര്‍ത്തിയപ്പോള്‍, അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായി സഞ്ജു സാംസണ്‍ ലോകകപ്പില്‍ കളിക്കും. വിക്കറ്റ് കീപ്പറും സഞ്ജുവാണ്. പവര്‍പ്ലേയില്‍ ഇന്ത്യക്ക് ഏറ്റവുമധികം മുന്‍തൂക്കം നേടിക്കൊടുത്ത കോമ്പിനേഷന്‍ അഭിഷേകിന്റേയും സഞ്ജുവിന്റേയുമായിരുന്നു. ഇത് തന്നെയാണ് സഞ്ജുവിന്റെ തിരിച്ചു വരവിനും ഗില്ലിന്റെ തിരിച്ചു പോക്കിനും കാരണമായത്. അക്‌സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റന്‍.
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, റിങ്കു സിംഗ്, ഹര്‍ഷിത് റാണ, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍).