
ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയോട് തോറ്റതിന്റെ അമര്‍ഷം പാക് നായകന്‍ തീര്‍ത്തത് റണ്ണേഴ്‌സ് അപ്പ് ചെക്ക് വലിച്ചെറിഞ്ഞ്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. അസാധാരണ രീതിയില്‍ തുടങ്ങിയ ഇന്ത്യ-പാകിസ്ഥാന്‍ ഫൈനലിനു ശേഷവും ക്രിക്കറ്റില്‍ ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് നടന്നത്.
പാക് ആഭ്യന്തര മന്ത്രിയും പിസിബി ചെയര്‍മാനും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനുമായ മൊഹ്‌സിന്‍ നഖ് വിയില്‍ നിന്ന് ട്രോഫി സ്വീകരിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ വിസമ്മതിച്ചതോടെ ട്രോഫിയും മെഡലുകളുമായി നഖ് വി പോയി. ട്രോഫിയില്ലാതെയാണ് ഇന്ത്യന്‍ ടീം വിജയമാഘോഷിച്ചത്.
റണ്ണേഴ്‌സ് അപ്പിനുള്ള ചെക്ക് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രതിനിധിയായ അമീനുല്‍ ഇസ്ലാമില്‍ നിന്നും ചിരിച്ചു കൊണ്ട് വാങ്ങിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി അഗ പ്രതിനിധികളുടെ മുന്നില്‍ വെച്ച് ചെക്ക് വലിച്ചെറിഞ്ഞ് നടന്നു പോയി. ഇതോടെ പാക് നായകനെ ഇന്ത്യന്‍ ആരാധകര്‍ കൂക്കിവിളിച്ചു.
ഇന്ത്യയോടുള്ള തോല്‍വിയില്‍ കടുത്ത നിരാശയും സല്‍മാന്‍ അഗ പ്രകടിപ്പിച്ചിരുന്നു. 'വിഴുങ്ങാന്‍ ബുദ്ധിമുട്ടുള്ള ഗുളിക' എന്നാണ് പാക് ക്യാപ്റ്റന്‍ വിശേഷിപ്പിച്ചത്. ബാറ്റിങ്ങില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെന്നാണ് പാക് ക്യാപ്റ്റന്റെ വിലയിരുത്തല്‍. ബൗളിങ്ങില്‍ മികച്ച പ്രകടനം നടത്തി. നന്നായി ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കഥ മറ്റൊന്നാകുമായിരുന്നുവെന്നും അഗ പറഞ്ഞു.
133/1 എന്ന ശക്തമായ നിലയിലായിരുന്ന പാക് ബാറ്റിങ് നിരയെ തകര്‍ത്തത് കുല്‍ദീപ് യാദവാണ്. ആക്രമണച്ചുമതല ഏറ്റെടുത്ത കുല്‍ദീപ് സയിം അയൂബിനെ ബുംറയുടെ കൈകളില്‍ എത്തിച്ച് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. സല്‍മാന്‍ അലി അഗയേയും പുറത്താക്കിയത് കുല്‍ദീപാണ്.
കുല്‍ദീപിന്റെ മാജിക്കല്‍ സ്‌പെല്ലില്‍ പതറിയ പാകിസ്ഥാന് പിന്നീട് കരകയറാനായില്ല. 113/1 എന്ന നിലയില്‍ നിന്ന് 134/8 എന്ന നിലയിലേക്ക് പാകിസ്ഥാന്‍ കൂപ്പുകുത്തുകയായിരുന്നു. വരുണ്‍ ചക്രവര്‍ത്തിയും അക്‌സറും ബുംറയും കൂടെ ആക്രമണം ഏറ്റെടുത്തതോടെ ഒരുഘട്ടത്തില്‍ 200 കടക്കുമെന്ന് തോന്നിയ പാക് സ്‌കോര്‍ 146 ഒതുങ്ങി.