

മുംബൈ: സ്മൃതി മന്ദാന വിവാഹത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെ സമൂഹ മാധ്യമത്തിലൂടെ വിശദീകരണ കുറിപ്പ് പുറത്തുവിട്ട് പലാഷ് മുച്ഛൽ. സ്മൃതി മന്ദാനയുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറുകയാണെന്നും ജീവിതത്തിൽ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും പലാഷ് മുച്ഛലും ഇൻസ്റ്റഗ്രാമിൽ അറിയിച്ചു. വിവാഹം ഉപേക്ഷിച്ചെന്നും ഇരു കുടുംബങ്ങളുടെയും സ്വകാര്യത മാനിക്കണമെന്നും സ്മൃതി മന്ദാനയും അഭ്യർഥിച്ചിരുന്നു.
"എൻ്റെ പവിത്രമായ ജീവിതത്തെ കുറിച്ച് ആളുകൾ പരസ്പര ബന്ധമില്ലാത്ത കുറേ കളവുമായ നിരവധി ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ നാളുകളെ വിശ്വാസം മുറുകെ പിടിച്ചുകൊണ്ട് അതിജീവിക്കാനാണ് ശ്രമിക്കുന്നത്. സമൂഹമെന്ന നിലയിൽ ജീവിതത്തിൽ ഇനിയും ഗോസിപ്പുകളേയും യാഥാർഥ്യങ്ങളേയും കാണുമ്പോൾ ഒന്നുകൂടി ഇരുത്തി ചിന്തിക്കുമെന്ന് തന്നെയാണ് എൻ്റെ പ്രതീക്ഷ," പലാഷ് കുറിച്ചു.
"നമ്മുടെ ചില വാക്കുകൾ ചിലപ്പോൾ ആഴത്തിലുള്ള ഉണങ്ങാത്ത മുറിവുകൾ ചിലർക്ക് സമ്മാനിച്ചേക്കാം. ഇത്തരത്തിൽ പലതരത്തിലുള്ള ആരോപണങ്ങൾ ലോകത്ത് പലരും നേരിടുന്നുണ്ട്. അപകീർത്തിപരമായ പ്രചരണങ്ങൾ നടത്തുന്നവരെ നിയമപരമായി നേരിടും. ഈ മോശം കാലത്തും എൻ്റെ കൂടെ നിന്നവർക്ക് നന്ദിയറിയിക്കുന്നു," പലാഷ് അറിയിച്ചു.
മുൻ നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിന്മാറിയതായി ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർ താരം സ്‌മൃതി മന്ദാന അറിയിച്ചു. സംഗീത സംവിധായകൻ പലാഷ് മുച്ഛലുമായിട്ടുള്ള വിവാഹത്തിൽ നിന്ന് പിന്മാറിയെന്ന വിവരമാണ് സ്‌മൃതി ഒടുവിൽ സമൂഹമാധ്യമത്തിലൂടെ സ്ഥിരീകരിച്ചത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് വിവാഹത്തിൽ നിന്ന് പിന്മാറിയെന്ന് സൂപ്പർ താരം അറിയിച്ചത്. ഊഹാപോഹങ്ങൾ അവസാനിപ്പിച്ച് ഇരു കുടുംബങ്ങളുടെയും സ്വകാര്യതയെ മാനിക്കണമെന്ന് സ്‌മൃതി വ്യക്തമാക്കി.
നേരത്തെ പലാഷിൻ്റെയും സ്മൃതി മന്ദാനയുടെയും വിവാഹം അനിശ്ചിതമായി നീട്ടിവച്ചിരിക്കുകയായിരുന്നു. സ്മൃതിയുടെ വിവാഹാഘോഷങ്ങള്‍ക്കിടെ പിതാവ് ശ്രീനിവാസന് നെഞ്ചുവേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതോടെ ആണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പലാഷിൻ്റെയും സ്മൃതിയുടെയും വിവാഹത്തിന് നൃത്തം കൊറിയോഗ്രഫി ചെയ്യാനെത്തിയ മേരി ഡി കോസ്റ്റയുമായി പലാഷ് നടത്തിയതെന്ന് പറയപ്പെടുന്ന സംഭാഷണങ്ങളുടേതെന്ന പേരിലാണ് ചില ചാറ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സ്ക്രീന്‍ഷോട്ടുകളില്‍ പലാഷിൻ്റെ പേരും ഐഡിയുമുണ്ട്.
സ്മൃതിയും പലാഷും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മേരി ചോദിക്കുമ്പോള്‍, ആ ബന്ധം ഏകദേശം അവസാനിച്ചത് പോലെയാണെന്നും ലോങ് ഡിസ്റ്റൻസ് ബന്ധമാണെന്നും പലാഷ് മേരിയോട് പറയുന്നുണ്ട്. നേരിൽ കാണാൻ മേരിയെ പലാഷ് നിര്‍ബന്ധിക്കുന്നതും ചാറ്റില്‍ കാണാം. യുവതിയെ ഹോട്ടലിലെ പൂളില്‍ ഒരുമിച്ച് നീന്താൻ പോകാമെന്നും പലാഷ് ക്ഷണിക്കുന്നതായും ചാറ്റിലുണ്ട്.
നിങ്ങള്‍ ഡേറ്റിങ്ങിലല്ലേ എന്ന് യുവതി ചോദിക്കുമ്പോൾ അതുകൊണ്ട് നമുക്ക് ഒരുമിച്ച് പോകാന്‍ പാടില്ലേയെന്നും യുവാവ് തിരിച്ചു ചോദിക്കുന്നു. സ്മൃതിയുടെ പിതാവ് ശ്രീനിവാസിന് പെട്ടെന്ന് ദേഹസ്വാസ്ഥ്യം ഉണ്ടാകാന്‍ കാരണം ഈ ചാറ്റ് കണ്ടതാണെന്നും പറയപ്പെടുന്നു.
ഇതിനിടെ, 2017ൽ പലാഷ് മുച്ഛൽ മുൻ കാമുകി ബിർവ ഷായെ പ്രപ്പോസ് ചെയ്യുന്ന ചിത്രവും സമൂഹമാധ്യങ്ങളിൽ ഉയർന്നുവന്നിട്ടുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.