ധർമശാലയിൽ തിലക് വർമ 'ഷോ'; അഞ്ചാം തോല്‍വിയുടെ നാണക്കേടിൽ പഞ്ചാബ്

പഞ്ചാബ് ഉയര്‍ത്തിയ 201 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കി നില്‍ക്കേ മുംബൈ മറികടന്നു.
ധർമശാലയിൽ തിലക് വർമ 'ഷോ'; അഞ്ചാം തോല്‍വിയുടെ നാണക്കേടിൽ പഞ്ചാബ്
Published on: 
Updated on: 

ധർമശാല: ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യന്‍സിന് ആറ് വിക്കറ്റ് ജയം. പഞ്ചാബ് ഉയര്‍ത്തിയ 201 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കി നില്‍ക്കേ മുംബൈ മറികടന്നു. ഇതോടെ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയിലേക്ക് പഞ്ചാബ് കൂപ്പുകുത്തി. മുംബൈ ഇന്ത്യൻസിൻ്റെ സീസണിലെ നാലാം ജയമാണിത്. നാലു വിക്കറ്റ് നഷ്ടത്തിലാണ് ടീമിൻ്റെ ജയം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്‌സ് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തു. രണ്ട് തവണ അവസരം വീണുകിട്ടിയ പ്രഭ്‌സിമ്രാന്‍ സിങ് 57 റണ്‍സ് നേടി. നാല് വിക്കറ്റ് വീഴ്ത്തിയ ശാര്‍ദുല്‍ താക്കൂറിന്റെ പ്രകടനമാണ് പഞ്ചാബിന്റെ മധ്യനിരയെ തകര്‍ത്തത്.

എന്നാല്‍ അവസാന ഓവറുകളില്‍ അസ്മത്തുള്ള ഒമര്‍സായ്, വിഷ്ണു വിനോദ്, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ് എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ് പഞ്ചാബിന് മികച്ച സ്‌കോര്‍ സമ്മാനിച്ചു. പഞ്ചാബിനു വേണ്ടി അസ്മതുള്ള ഒമര്‍സായി 17 പന്തില്‍ 38 റണ്‍സ് നേടി. സേവിയര്‍ ബാര്‍ട്ലെറ്റ് 7 പന്തില്‍ 18ഉം ഇംപാക്ട് പ്ലേയറായി ഇറങ്ങിയ മലയാളി താരം വിഷ്ണു വിനോദ് 8 പന്തില്‍ 15 റണ്‍സും നേടി. ദീപക് ചാഹര്‍ രണ്ട് വിക്കറ്റെടുത്തു.

ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെയും വൈസ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെയും അഭാവത്തില്‍ ജസ്പ്രീത് ബുംറയാണ് മുംബൈയെ നയിച്ചത്.

33 പന്തില്‍ പുറത്താകാതെ 75 റണ്‍സ് അടിച്ചുകൂട്ടിയ തിലക് വര്‍മയാണ് മുംബൈയെ വിജയത്തിലേക്ക് നയിച്ചത്. തുടക്കത്തില്‍ റയാന്‍ റിക്കല്‍ട്ടണ്‍ (48) വെടിക്കെട്ട് ബാറ്റിങ് നടത്തിയപ്പോള്‍, അവസാന ഓവറുകളില്‍ തിലക് വര്‍മ്മയും വില്‍ ജാക്‌സും (10 പന്തില്‍ 25*) ചേര്‍ന്നാണ് മുംബൈയുടെ വിജയം ഉറപ്പിച്ചത്. ടോസ് നേടിയ മുംബൈ പഞ്ചാബിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

News Malayalam 24x7
newsmalayalam.com