

ഡൽഹി: ചൊവ്വാഴ്ച ചെന്നൈ സൂപ്പർ കിങ്‌സിനോടുള്ള തോൽവിക്ക് ശേഷം ഡൽഹി ക്യാപിറ്റൽസ് നായകൻ അക്സർ പട്ടേലിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന മാച്ചിൽ ടോസ് കിട്ടിയ ശേഷം ബാറ്റിങ് തെരഞ്ഞെടുത്ത അക്സറിൻ്റെ തീരുമാനം തെറ്റായി പോയെന്ന് അശ്വിൻ പറഞ്ഞു.
മത്സരം നടക്കുന്ന ദിവസമുൾപ്പെടെ രണ്ട് ദിവസമായി ഡൽഹിയിൽ മഴ പെയ്യുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ആദ്യം ബൗളിങ് തെരഞ്ഞെടുക്കുന്നതാണ് നല്ലതെന്ന് അശ്വിൻ ചൂണ്ടിക്കാട്ടി. മത്സര ദിവസം പിച്ച് മൂടിയ നിലയിലായിരുന്നു. ഇത്തരം സാഹചര്യത്തിൽ ആദ്യം ബൗൾ ചെയ്യുന്ന ടീമിന് ആനുകൂല്യം കിട്ടുമെന്നും അശ്വിൻ പറഞ്ഞു.
ഈ സീസണിൽ 10 മത്സരം കളിച്ച അക്സർ പട്ടേൽ 9 വിക്കറ്റ് നേടിയിരുന്നു. എന്നാൽ 33 റൺസ് മാത്രമാണ് ഓൾറൗണ്ടറായ താരത്തിന് നേടാൻ കഴിഞ്ഞിട്ടുള്ളത്. ഐപിഎൽ താരലേലത്തിൽ 16.50 കോടി കൊടുത്ത് ഡൽഹി നിലനിർത്തിയ താരമാണ് അക്സർ പട്ടേൽ. "അക്സറിൻ്റെ ബൗളിങ് കുഴപ്പമില്ലായിരുന്നു. എന്നാൽ ബാറ്റിങ് വളരെ നിരാശാജനകം ആയിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഡൽഹിയിൽ മഴ ഉണ്ടായിരുന്നു. ഇങ്ങനെയുള്ള സാഹചര്യത്തിൽ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തത് ചെന്നൈയ്ക്ക് മത്സരത്തിൽ ജയം സമ്മാനിച്ചു. ആദ്യം ബൗളിങ് തീരുമാനിച്ചിരുന്നെങ്കിൽ ഡൽഹിക്ക് ജയിക്കാൻ സാധിക്കുമായിരുന്നു," അശ്വിൻ യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ചു.
ഇംപാക്ട് പ്ലേയറായി അഭിഷേക് പോറലിനെ പോലെയുള്ള ഇടംകൈയൻ ബാറ്റർമാരെ ഉപയോഗിക്കണമായിരുന്നു. നല്ല കളിക്കാരും ടീമും ഉണ്ടായിട്ടും അവർ തോൽക്കാൻ കാരണം ഇതാണെന്നും അശ്വിൻ പറഞ്ഞു. പിച്ചിൻ്റെ സ്വഭാവത്തെ പറ്റി ക്യൂറേറ്ററുമായി സംസാരിക്കാനും അവരുമായി ഒരു ബന്ധം സ്ഥാപിക്കാനും അക്സർ ശ്രമിക്കണമെന്നും അശ്വിൻ കൂട്ടിച്ചേർത്തു.
ആദ്യം ബാറ്റ് ചെയ്ത ഡൽഹിക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് മാത്രമാണ് നേടാനായത്. സ്പിന്നേഴ്‌സിനെ തുണയ്ക്കുന്ന പിച്ചിൽ വ്യക്തമായ പ്ലാനിംഗ് ഇല്ലാതെയാണ് ഡൽഹി ബാറ്റർമാർ കളിച്ചത്. മറുപടി ബാറ്റിംഗിൽ സഞ്ജു സാംസൺ 52 ബോളിൽ നിന്ന് 87 റൺസ് നേടി. ഇതോടെ ചെന്നൈ 17.3 ഓവറിൽ മത്സരം ജയിച്ചു.