ലഖ്‌നൗവിന് മുന്നില്‍ സൂര്യവന്‍ഷിയുടെ വെടിക്കെട്ട്; പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി രാജസ്ഥാന്‍

221 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടക്കുകയായിരുന്നു
ലഖ്‌നൗവിന് മുന്നില്‍ സൂര്യവന്‍ഷിയുടെ വെടിക്കെട്ട്; പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി രാജസ്ഥാന്‍
Published on
Updated on

നിര്‍ണായക മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്. 38 പന്തില്‍ 93 റണ്‍സ് അടിച്ചുകൂട്ടിയ വൈഭവ് സൂര്യവന്‍ഷിയുടെ തകര്‍പ്പന്‍ പ്രകടനമാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. 7 ഫോറുകളും പത്ത് സിക്‌സറുകളും അടങ്ങുന്ന അവിസ്മരണീയമായ ഇന്നിങ്‌സായിരുന്നു വൈഭവിന്റേത്. ലഖ്നൗ ഉയര്‍ത്തിയ 221 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 5 വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സ് നേടി. മിച്ചല്‍ മാര്‍ഷ് 57 പന്തില്‍ നേടിയ 96 റണ്‍സാണ് ലഖ്‌നൗവിന് തുണയായത്. ഓപ്പണറായ മാര്‍ഷ്, ജോഷ് ഇംഗ്ലിസിനൊപ്പം (29 പന്തില്‍ 60) ചേര്‍ന്ന് 50 പന്തില്‍ 109 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ലഖ്നൗവിന് ശക്തമായ അടിത്തറ നല്‍കി. തുടര്‍ന്ന് അവസാന ഓവറുകളില്‍ മാര്‍ഷും ക്യാപ്റ്റന്‍ ഋഷഭ് പന്തും (35) ചേര്‍ന്ന് 42 പന്തില്‍ 64 റണ്‍സ് നേടി സ്‌കോര്‍ ഉയര്‍ത്തി. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ലെഗ് സ്പിന്നര്‍ യഷ് രാജ് പുഞ്ച 35 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.

രാജസ്ഥാനു വേണ്ടി നായകന്‍ യശ്വസി ജയ്‌സ്വാളും തകര്‍ത്തടിച്ചാണ് തുടങ്ങിയത്. പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ 71 റണ്‍സാണ് ടീം നേടിയത്. ഏഴാം ഓവറില്‍ 23 പന്തില്‍ 43 റണ്‍സ് നേടി ജയ്‌സ്വാള്‍ പുറത്തായപ്പോഴും ഒരു വശത്ത് വൈഭവ് സൂര്യവന്‍ഷി ഉറച്ചു നിന്നു. ആകാശ് സിങ്ങിന്റെ പന്തിലാണ് ജയ്‌സ്വാള്‍ പുറത്തായത്.

രണ്ടാം വിക്കറ്റില്‍ ഒന്നിച്ച വൈഭവ്- ധ്രുവ് ജുറേല്‍ കൂട്ടുകെട്ട് രാജസ്ഥാന്റെ സ്‌കോര്‍ ഉയര്‍ത്തി. പത്ത് ഓവറില്‍ 121 -1 എന്ന നിലയിലായിരുന്നു ടീം. പിന്നീടങ്ങോട്ട് വൈഭവിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് കണ്ടത്. ബോളിനു പിന്നാലെ ലഖ്‌നൗവിന്റെ ഫീല്‍ഡര്‍മാര്‍ ഓടിത്തളര്‍ന്നു.

ഒടുവില്‍ സെഞ്ച്വറിക്ക് ഏഴ് റണ്‍സ് അകലെ വെച്ച് വൈഭവ് പുറത്തായി. 38 പന്തില്‍ ഏഴ് ഫോറും പത്ത് സിക്‌സും അടക്കം 93 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പുറത്തായെങ്കിലും ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ വൈഭവ് ഒന്നാം സ്ഥാനത്തെത്തി.

വൈഭവിനു പിന്നാലെ, പ്രിട്ടോറിയസും മടങ്ങി. ഏഴ് റണ്‍സ് മാത്രമേ താരത്തിന് എടുക്കാനായുള്ളൂ. ഇതോടെ, 17 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് എന്ന നിലയിലായിരുന്നു രാജസ്ഥാന്‍. ധ്രുവ് ജുറേലിന് കാര്യങ്ങള്‍ എളുപ്പമായിരുന്നു. ടീമിനെ വിജയത്തിലേക്ക് എത്തിച്ചത് ജുറേലാണ്. 53 റണ്‍സ് നേടി ജുറേല്‍ പുറത്താകാതെ നിന്നു.

ജയത്തോടെ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമായി. പോയിന്റ് പട്ടികയില്‍ നാലാമതാണ് രാജസ്ഥാന്‍.

News Malayalam 24x7
newsmalayalam.com