

ഗുവാഹത്തി: ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 47 പന്ത് ബാക്കി നില്‍ക്കെ 8 വിക്കറ്റിന് പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ്. 128 റണ്‍സ് വിജയലക്ഷ്യം 12.1 ഓവര്‍ പിന്നിട്ടപ്പോഴേക്കും രാജസ്ഥാന്‍ റോയല്‍സ് മറികടന്നു.
വൈഭവ് സൂര്യ വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയാണ് നേടിയത്. 17 പന്തില്‍ 52 റണ്‍സാണ് വൈഭവ് നേടിയത്. യശ്വസ്വി ജയ്‌സ്വാളും വൈഭവ് സൂര്യവന്‍ശിയുമാണ് മറുപടി ബാറ്റിങ്ങിന് ഓപ്പണര്‍മാരായി ഇറങ്ങിയത്. ജയ്‌സ്വാള്‍ 36 പന്തില്‍ 38 റണ്‍സ് നേടി. ധ്രുവ് ജുറേല്‍ 18 റണ്‍സും റിയാന്‍ പരാഗ് 11 പന്തില്‍ 14 റണ്‍സും നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് തുടക്കം തന്നെ പിഴച്ചു. മഴയെ തുടര്‍ന്ന് അല്‍പ്പനേരം വൈകിയാണ് കളി ആരംഭിച്ചത്. ഓപ്പണര്‍മാരായി സഞ്ജു സാംസണും റിതുരാജ് ഗൈക്വാദും ഇറങ്ങി. ഇരുവരും നിരാശയാണ് സമ്മാനിച്ചത്. ഏഴ് ബോളില്‍ ആറ് റണ്‍സെടുത്ത് സഞ്ജു പുറത്തായി. 11 ബോളില്‍ റിതുരാജും ആറ് റണ്‍സ് മാത്രമാണ് നേടിയത്.
രാജസ്ഥാന്‍ റോയല്‍സിന്റെ വെടിക്കെട്ട് ബാറ്റിങ്ങില്‍ ചെന്നൈയുടെ ബാറ്റര്‍മാര്‍ തകര്‍ന്നടിയുന്ന കാഴ്ചയായിരുന്നു തുടക്കം മുതല്‍. ജാമീ ഓവര്‍ട്ടണ്‍ 36 പന്തില്‍ 43 റണ്‍സ് എടുത്തത് മാത്രമാണ് ചെന്നൈക്ക് ആശ്വാസം നല്‍കിയത്. ശിവം ദുബെ നാല് പന്തില്‍ ആറ് റണ്‍സ് എടുത്ത് പുറത്തായി. പ്രതീക്ഷ വച്ചു പുലര്‍ത്തിയ താരങ്ങളെല്ലാം നിരാശയാണ് സമ്മാനിച്ചത്.