

ഛത്തിസ്‌ഗഢ് : ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായി ഞായറാഴ്ച്ച റായ്പൂരിൽ വെച്ച് നടന്ന മത്സരത്തിനിടയിൽ മോശം ഭാഷ ഉപയോഗിച്ചതിന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) ഹെഡ്കോച്ച് ആൻഡി ഫ്ലവറിനെതിരായി നടപടിയെടുത്ത് ബിസിസിഐ . ഐപിഎൽ പെരുമാറ്റ ചട്ടം ലംഘിച്ചതിന് ഫ്ലവറിൻ്റെ മാച്ച് ഫീയുടെ 15 ശതമാനം പിഴയായി ഈടാക്കി. ഐപിഎൽ പെരുമാറ്റചട്ടത്തിലെ ലെവൽ 1 പ്രകാരമുള്ള ആർട്ടിക്കിൾ 2.3 ( മത്സരത്തിനിടയിൽ അസഭ്യ വാക്കുകൾ പ്രയോഗിക്കുക )പ്രകാരമാണ് ശിക്ഷ.
ആർസിബിയുടെ ബാറ്റിംഗ് ഇന്നിംഗ്സിലെ 18 -ാം ഓവറിലായിരുന്നു നാടകീയ രംഗങ്ങൾ.ക്രുനാൽ പാണ്ഡ്യ അടിച്ച പന്ത് സിക്സറാണോ എന്ന കാര്യത്തിൽ അമ്പയർമാർ തിരുമാനമെടുക്കാൻ വൈകിയതാണ് തർക്കത്തിന് തുടക്കമിട്ടത്. മുംബൈ ഫീൽഡർമാരായ തിലക് വർമ്മയും നമാൻ ധീറും പന്ത് പിടിക്കുന്നതിലുണ്ടായ ആശയക്കുഴപ്പമാണ് പ്രശ്നത്തിനിടയായത്. ബൗണ്ടറി ലൈൻ മറികടക്കുമെന്ന് കരുതിയ നമാൻ, തൻ്റെ കയ്യിൽ ഉണ്ടായിരുന്ന ബോൾ എറിഞ്ഞെങ്കിലും, അത് തിലകിന് പിടിക്കാൻ സാധിച്ചില്ല. പിന്നീട് റീപ്ലേകളിൽ നമാൻ ബൗണ്ടറി മറികടന്നിട്ടില്ലെന്നും അതിനാൽ സിക്സർ അനുവദിക്കില്ലെന്നും തീരുമാനമെടുത്തു. ഇതിൽ പ്രകോപിതനായ ഫ്ലവർ അമ്പയറിനോട് തർക്കിക്കുകയും മോശം ഭാഷ പ്രയോഗിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് തൻ്റെ കുറ്റം സമ്മതിച്ച ഫ്ലവർ മാച്ച് റഫറി അമിത് ശർമ്മ നിശ്ചയിച്ച പിഴ അംഗീകരിക്കുകയും ചെയ്തു.
വിവാദങ്ങൾക്കിടയിലും അവസാന പന്ത് വരെ നീണ്ടുനിന്ന ആവേശകരമായ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനോട് 2 വിക്കറ്റിനായിരുന്നു ആർസിബിയുടെ ജയം. 3 പന്തിൽ 9 റൺസ് എന്ന നിലയിൽ നിന്ന ആർസിബിയെ, ഭുവനേശ്വർ കുമാറിൻ്റെ നിർണായക സിക്സർ ആണ് വിജയത്തിലേക്ക് നയിച്ചത്. 4 വിക്കറ്റും ബാറ്റിംഗിൽ നിർണായക പങ്കും വഹിച്ച ഭുവനേശ്വർ തന്നെയാണ് "പ്ലെയർ ഓഫ് ദി മാച്ച്". ഇതോട് കൂടെ 11 മാച്ചുകളിൽ നിന്ന് 14 പോയിൻ്റുകളോടെ ആർസിബി പോയിന്റ് പട്ടികയിൽ ആദ്യ സ്ഥാനത്ത് എത്തിയിരിക്കുകയാണ്.