

നിര്‍ണായക മത്സരത്തില്‍ തനി സ്വരൂപം പുറത്തെടുത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. സംഹാര രൂപിയായ ആര്‍സിബിക്കു മുന്നില്‍ ഒന്നും ചെയ്യാനാകാതെ പതറി നില്‍ക്കുന്ന ഗുജറാത്ത് ടൈറ്റന്‍സിനെയാണ് കണ്ടത്. 92 റണ്‍സിന്റെ തോല്‍വിയോടെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് ഗുജറാത്ത് ടൈറ്റന്‍സ് ഏറ്റുവാങ്ങിയത്.
ഐപിഎല്‍ പ്ലേഓഫ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍ എന്ന റെക്കോര്‍ഡും ആര്‍.സി.ബി സ്വന്തമാക്കി. കൂടാതെ, ഈ ഇന്നിംഗ്‌സോടെ ഐ.പി.എല്‍ ചരിത്രത്തില്‍ തുടര്‍ച്ചയായി നാല് സീസണുകളില്‍ 600-ലധികം റണ്‍സ് നേടുന്ന ആദ്യ കളിക്കാരനായി വിരാട് കോഹ്ലി മാറി.
ടോസ് നേടിയിട്ടും ആര്‍സിബിയെ ബാറ്റിങ്ങിന് അയച്ചത് തെറ്റായ തീരുമാനമായിരുന്നോ എന്ന് ഗുജറാത്ത് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് ഉറപ്പായും തോന്നിക്കാണും. ക്വാളിഫയര്‍ റൗണ്ടില്‍ 255 എന്ന കൂറ്റന്‍ ലക്ഷ്യമാണ് ഗുജറാത്തിനു മുന്നില്‍ ആര്‍സിബി വെച്ചത്.
നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സാണ് ആര്‍സിബി ബാറ്റ്‌സ്മാന്‍മാര്‍ അടിച്ചെടുത്തത്. വിരാട് കോഹ്ലി, ക്രുണാല്‍ പാണ്ഡ്യയും രജത് പാട്ടീദാറുമെല്ലാം തകര്‍പ്പന്‍ ഫോമിലായിരുന്നു. മികച്ച തുടക്കം തന്നെ ടീമിന് ലഭിച്ചു. ആദ്യ ഓവറില്‍ തന്നെ വെങ്കിടേഷ് അയ്യര്‍ കൂറ്റനടികള്‍ നടത്തി. ഏഴ് പന്തില്‍ നിന്ന് 19 റണ്‍സെടുത്ത് വെങ്കിടേഷ് പുറത്തായപ്പോള്‍ പിന്നാലെ, കോഹ്ലിയും ദേവദത്ത് പടിക്കലും കത്തിക്കയറി.
ഇതോടെ, ആര്‍സിബിയുടെ സ്‌കോര്‍ കുതിച്ചുയര്‍ന്നു. പവര്‍പ്ലേയില്‍ തന്നെ സ്‌കോര്‍ 76 ല്‍ എത്തി. ഗുജറാത്തിന്റെ ബൗളര്‍മാരെ തകര്‍ത്ത് തരിപ്പണമാക്കുന്ന ബാറ്റിങ്ങായിരുന്നു ഇരുവരുടേതും. എന്നാല്‍, ഒമ്പതാം ഓവറില്‍ കോഹ്ലിയെ ജേസണ്‍ ഹോള്‍ഡര്‍ പുറത്താക്കിയതോടെ ഗുജറാത്തിന് അല്‍പം ആശ്വാസം തോന്നി. 25 പന്തില്‍ നിന്ന് 43 റണ്‍സായിരുന്നു കോഹ്ലിയുടെ സമ്പാദ്യം. അതേ ഓവറില്‍ പടിക്കലും പുറത്തായതോടെ, ഗുജറാത്ത് ശരിക്കും സന്തോഷിച്ചു കാണണം. എന്നാല്‍, താത്കാലികം മാത്രമായിരുന്നു ആ ആശ്വാസം. 19 പന്തില്‍നിന്ന് 30 റണ്‍സാണ് ദേവദത്തിന്റെ സമ്പാദ്യം. ആര്‍സിബിയുടെ സ്‌കോര്‍ മൂന്ന് വിക്കറ്റില്‍ 96 റണ്‍സ് എന്ന നിലയിലും.
നാലാം വിക്കറ്റില്‍ നായകന്‍ രജത് പാട്ടീദാറും ക്രുണാല്‍ പാണ്ഡ്യയും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി. അപ്പോഴും നേരിടാന്‍ പോകുന്നത് നാണംകെട്ട തോല്‍വിയായിരിക്കുമെന്ന് ഗുജറാത്ത് കരുതിക്കാണില്ല. 14 ഓവറില്‍ 140 റണ്‍സ് എന്ന നിലയിലായിരുന്നു ആര്‍സിബി. 15-ാം ഓവറില്‍ രണ്ട് നോബോളുകള്‍ അടക്കം 28 റണ്‍സാണ് ആര്‍സിബി നേടിയത്. നാല് ഫോറും ഒരു സിക്‌സുമാണ് ആ ഓവറില്‍ മാത്രം പിറന്നത്. പിന്നീടങ്ങോട്ട് അക്ഷരാര്‍ത്ഥത്തില്‍ നടന്നത് വെടിക്കെട്ട് തന്നെ.
17ാം ഓവറില്‍ ക്രുണാല്‍ പാണ്ഡ്യ പുറത്താകുമ്പോള്‍ ടീമിന്റെ സ്‌കോര്‍ 200 കടന്നിരുന്നു. 23 പന്തില്‍ 43 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ടിം ഡേവിഡ് മാത്രമാണ് നിരാശപ്പെടുത്തിയത്. നാല് റണ്‍സുമായി വന്നപോലെ തിരിച്ചു പോയി. അപ്പോഴും അവസാന ഓവറിലും ജിതേഷ് ശര്‍മയെ കൂട്ടുപിടിച്ച് പാട്ടീദാര്‍ അടി തുടരുകയായിരുന്നു. അഞ്ച് ഫോറുകളും ഒമ്പത് സിക്‌സുകളുമടക്കം 33 പന്തില്‍ 93 റണ്‍സാണ് രജത് പാട്ടീദാര്‍ പുറത്താകാതെ നേടിയത്. അഞ്ച് പന്തില്‍ നിന്ന് 15 റണ്‍സുമായി ജിതേഷ് ശര്‍മയും.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് തുടക്കത്തില്‍ തന്നെ പാളിയിരുന്നു. പവര്‍പ്ലേയ്ക്കുള്ളില്‍ തന്നെ അവര്‍ക്ക് 5 വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍ സായ് സുദര്‍ശന്‍ ഹിറ്റ്-വിക്കറ്റായി പുറത്തായപ്പോള്‍, ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും നിരാശപ്പെടുത്തി. 19.3 ഓവറില്‍ 162 റണ്‍സിന് ഗുജറാത്ത് പുറത്താകുകയായിരുന്നു.
ഒരു വശത്ത് വിക്കറ്റുകള്‍ പൊഴിയുമ്പോഴും 36 പന്തില്‍ 68 റണ്‍സ് അടിച്ചുകൂട്ടി രാഹുല്‍ തെവാതിയ മാത്രമാണ് പൊരുതി നിന്നത്. പക്ഷെ, തുടക്കം മുതൽ തകർന്ന ടീമിനെ വിജയത്തിലെത്തിക്കാൻ ആ പോരാട്ടം മതിയായിരുന്നില്ല. തോൽവി ഉറപ്പിച്ചിട്ടും അവസാനം വരെ പിടിച്ചു നിന്ന പോരാളിയായി തെവാതിയ.
ആര്‍സിബിക്കായി ജേക്കബ് ഡഫി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, റാസിഖ് ദാര്‍, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി. ഗുജറാത്തിനു വേണ്ടി കാഗിസോ റബാഡയും ഹോള്‍ഡറും രണ്ട് വിക്കറ്റ് വീതം നേടി.
ഒന്നാം ക്വാളിഫയറില്‍ പരാജയപ്പെട്ടെങ്കിലും ഗുജറാത്ത് ടൈറ്റന്‍സ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിട്ടില്ല. എലിമിനേറ്റര്‍ മത്സരത്തിലെ വിജയികളുമായി ക്വാളിഫയര്‍ 2-ല്‍ ഏറ്റുമുട്ടാം. അതില്‍ വിജയിച്ചാല്‍ ഗുജറാത്തിന് ഫൈനലില്‍ വീണ്ടും ആര്‍സിബിയെ നേരിടാന്‍ അവസരം ലഭിക്കും.