ഒമ്പതാം നമ്പറില്‍ ബാറ്റ് ചെയ്യണോ? ഇടംകൈകൊണ്ട് ബൗള്‍ ചെയ്യണോ? എന്തിനും റെഡിയെന്ന് സഞ്ജു

ഇന്ത്യന്‍ ജേഴ്സി ധരിച്ചുകഴിഞ്ഞാല്‍, ഒന്നിനോടും നോ പറയാനാവില്ലെന്ന് സഞ്ജു സാംസൺ
Sanju Samson
സഞ്ജു സാംസൺ
Published on

ഏഷ്യാ കപ്പില്‍ വ്യത്യസ്ത ബാറ്റിങ് ഓര്‍ഡറില്‍ കളിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടിയുമായി സഞ്ജു. ഇന്ത്യക്കുവേണ്ടി ഏത് നമ്പറിലും ബാറ്റ് ചെയ്യാന്‍ തയ്യാറാണെന്ന് പറഞ്ഞ സഞ്ജു ആവശ്യമെങ്കില്‍ ഇടംകൈ കൊണ്ട് സ്പിന്‍ ചെയ്യുമെന്നും വ്യക്തമാക്കി. 2024ലെ സിയറ്റ് ടി20 ബാറ്റര്‍ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ എത്തിയപ്പോഴായിരുന്നു സഞ്ജുവിന്റെ വാക്കുകള്‍.

"നിങ്ങള്‍ ഇന്ത്യന്‍ ജേഴ്സി ധരിച്ചുകഴിഞ്ഞാല്‍, ഒന്നിനോടും നോ പറയാനാവില്ല. ആ ജേഴ്സി ധരിക്കാനും, അതിനേക്കാള്‍ പ്രധാനമായി ആ ഡ്രസിങ് റൂമില്‍ തുടരാനും ഞാന്‍ വളരെ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. രാജ്യത്തിനുവേണ്ടി ജോലി ചെയ്യുന്നതില്‍ ഞാന്‍ വളരെ അഭിമാനിക്കുന്നു. അതുകൊണ്ട്, ഒമ്പതാം നമ്പറില്‍ ബാറ്റ് ചെയ്യണമെങ്കിലോ, ഇടംകൈ സ്പിന്‍ എറിയണമെങ്കിലോ അതും സന്തോഷത്തോടെ ഞാന്‍ ചെയ്യും." - വ്യത്യസ്ത ബാറ്റിങ് ഓര്‍ഡറില്‍ കളിക്കേണ്ടിവന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് സഞ്ജു മറുപടി നല്‍കി.

Sanju Samson
പറക്കും സഞ്ജു, സൂപ്പറായി സാംസൺ

"അടുത്തിടെയാണ് ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയത്. പക്ഷേ, ആ 10 വര്‍ഷത്തിനിടെ 40 മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. 'അക്കങ്ങള്‍ മുഴുവന്‍ കാര്യവും പറയില്ല' എന്നൊരു പോസ്റ്റ് ഞാന്‍ പങ്കുവച്ചിരുന്നു. പക്ഷേ, ഇന്നത്തെ എന്നെക്കുറിച്ച് എനിക്ക് വളരെ അഭിമാനമുണ്ട്. ഒരു വ്യക്തിയെന്ന നിലയില്‍ ഞാന്‍ കടന്നുപോയ വെല്ലുവിളികളില്‍ ഞാന്‍ ശരിക്കും അഭിമാനിക്കുന്നു. 19 വയസുള്ളപ്പോഴാണ് ഞാനീ യാത്ര തുടങ്ങുന്നത്. രാജ്യം എന്നെ തെരഞ്ഞെടുത്തു, ഇന്നും രാജ്യത്തിനുവേണ്ടി കളിക്കുന്നു. തീര്‍ച്ചയായും ഒരു വ്യക്തിയെന്ന നിലയിലും, കളിക്കാരനെന്ന നിലയിലും വളരുകയും സ്വയമായി മനസിലാക്കുകയും ചെയ്യും. പുറത്തെ ശബ്ദങ്ങള്‍ ശ്രദ്ധിക്കുന്നതിനുപകരം, എന്റെ തന്നെ ഉള്ളിലെ ശബ്ദത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ശീലം ഞാന്‍ ആരംഭിക്കുകയും ചെയ്തു."- ഇത്രയും കാലത്തിനിടെ മാറ്റിനിര്‍ത്തപ്പെട്ടതിനെക്കുറിച്ചുള്ള ചോദ്യങ്ങളോടായിരുന്നു സഞ്ജുവിന്റെ പ്രതികരണം.

ഓപ്പണര്‍ പൊസിഷനിലാണ് സഞ്ജു കളിച്ചിരുന്നത്. എന്നാല്‍ ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തിയതോടെ ഏഷ്യാ കപ്പില്‍ സഞ്ജുവിന്റെ സ്ഥിരം പൊസിഷന്‍ കിട്ടിയില്ല. മൂന്നാമനായും, അഞ്ചാമനായും കളത്തിലിറങ്ങി. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഏഴാം പൊസിഷനില്‍ പോലും പരിഗണിക്കപ്പെട്ടിരുന്നില്ല. പക്ഷേ, അവസരം കിട്ടിയപ്പോഴെല്ലാം മികച്ച പ്രകടനം നടത്തി. വിക്കറ്റിനു പിന്നിലും അത് തുടര്‍ന്നു. ടീമില്‍ ഉള്‍പ്പെടുത്തിയിട്ടും സഞ്ജുവിന് അവസരം നല്‍കുന്നില്ലെന്ന വിമര്‍ശനം ശക്തമായിരുന്നു.

Sanju Samson
"വില്ലനാകാനും ജോക്കറാകാനും റെഡി"; ഇത് സഞ്ജു 'മോഹന്‍ലാല്‍' സാംസണ്‍

പോയവര്‍ഷത്തെ ടി20 മത്സരങ്ങളിലെ പ്രകടനമാണ് സഞ്ജുവിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. 2024ല്‍ 13 മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 436 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്. 2025ല്‍ ഇതുവരെ ഒരു അര്‍ദ്ധ സെഞ്ച്വറി ഉള്‍പ്പെടെ 183 റണ്‍സും നേടിയിട്ടുണ്ട്. ആകെ 49 ടി20 മത്സരങ്ങളില്‍ നിന്ന് 147.98 സ്‌ട്രൈക്ക് റേറ്റില്‍ 993 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്. വരുണ്‍ ചക്രവര്‍ത്തിയാണ് ടി20യിലെ മികച്ച ബൗളറുടെ പുരസ്കാരം നേടിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com