

രോഹിത് ശര്‍മയെ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ ബിസിസിഐ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. 2027 ല്‍ നടക്കുന്ന ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തില്ലെന്ന് താരത്തെ സെലക്ടര്‍മാര്‍ അറിയിച്ചതായാണ് സൂചന. ഇംഗ്ലണ്ടിനെതിരായി ലോര്‍ഡ്‌സില്‍ നടക്കുന്ന അവസാന ഏകദിനത്തോടെ രോഹിത് ശര്‍മയെ ടീമില്‍ നിന്ന് ഒഴിവാക്കാനാണ് ആലോചിക്കുന്നത്.
യുവാക്കള്‍ക്ക് അവസരം നല്‍കാനാണ് സൂപ്പര്‍ താരത്തെ മാറ്റുന്നത് എന്നാണ് വിശദീകരണം. ഇംഗ്ലണ്ടിനെതിരായ സീരീസില്‍ രോഹിത്തിനെ ഉള്‍പ്പെടുത്തയതു മുതല്‍ ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തിന്റെ ഭാവിയെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരുന്നു. രണ്ടാം ഏകദിനത്തില്‍ 26 റണ്‍സായിരുന്നു 39 കാരനായ താരത്തിന്റെ സമ്പാദ്യം.
ബര്‍മിങ്ഹാമില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 11 റണ്‍സ് മാത്രമേ രോഹിത്തിന് നേടാന്‍ സാധിച്ചിരുന്നുള്ളൂ. പിന്നാലെ രണ്ടാം ഏകദിനത്തിലും നിറം മങ്ങിയതോടെയാണ് ടീമില്‍ താരത്തിന്റെ നില പരുങ്ങലിലായത്. ഇതോടെയാണ്, ലോര്‍ഡ്‌സിലേത് അവസാന ഏകദിനമായിരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്.
അവസാന എട്ട് ഏകദിനങ്ങളില്‍ നിന്നായി രോഹിത് ശര്‍മയുടെ ആകെ സ്‌കോര്‍ ഒരു അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ വെറും 241 റണ്‍സാണ്.
അതേസമയം, സെലക്ടര്‍മാരുടെ തീരുമാനത്തില്‍ രോഹിത് അസംതൃപ്തനാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. ഫിറ്റ്‌നസ് വീണ്ടെടുത്ത് കളത്തില്‍ തുടരാന്‍ താരം ആഗ്രഹിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എങ്കിലും, തന്റെ ഭാവി സംബന്ധിച്ച തീരുമാനം സെലക്ടര്‍മാര്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ് താരം.